piyush-jain

അഹമ്മദാബാദ്: കഴിഞ്ഞദിവസം ജി എസ് ടി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വൻകിട സുഗന്ധവ്യാപാരിയായ പീയുഷ് ജയിൻ നികുതിവെട്ടിപ്പിന് പിടിയിലായിരുന്നു. 200 കോടിയോളം വരുന്ന സമ്പാദ്യമാണ് ഇദ്ദേഹത്തിന്റെ വീട്ടിൽ നിന്നും ഉദ്യോഗസ്ഥർ കണ്ടെടുത്തത്. എന്നാൽ നാട്ടുകാരുടെ മുന്നിൽ പീയുഷ് വെറും ഒരു സാധാരണ സുഗന്ധവ്യാപാരിയായിരുന്നു. ഇയാളുടെ വീട്ടിനുള്ളിൽ ഇതിനുമാത്രം സമ്പാദ്യം ഉണ്ടായിരുന്നുവെന്ന വാർത്ത ഒരു ഞെട്ടലോടെയാണ് അയൽക്കാരും നാട്ടുകാരും മനസിലാക്കിയത്.

194 കോടിയുടെ നോട്ടുകെട്ടുകളും 23 കിലോയോളം വരുന്ന സ്വർണവുമാണ് പീയുഷിന്റെ വീട്ടിൽ നിന്ന് നികുതിവകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. കഴിഞ്ഞയാഴ്ച നടത്തിയ റെയ്ഡിൽ പീയുഷിന്റെ വീട്ടിൽ നിന്നും പിടിച്ചെടുത്ത പണം എണ്ണി തിട്ടപ്പെടുത്തുന്നതിന് വേണ്ടി ഉദ്യോഗസ്ഥർ നോട്ടെണ്ണൽ മെഷീൻ ഉപയോഗിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വ്യാജ ബില്ലുകൾ ഉപയോഗിച്ചുള്ള കച്ചവടത്തിലൂടെയാണ് ഇയാൾ ഇത്രയധികം പണം സമ്പാദിച്ചതെന്ന് ഉദ്യോഗസ്ഥർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

എന്നാൽ പീയുഷിന്റെ വീട് കാണുന്നവർക്ക് ഇത്ര വലിയൊരു സമ്പത്തിന് ഉടമയാണ് പീയുഷ് എന്ന് ഒരിക്കലും മനസിലാക്കില്ലായിരുന്നു. ഒരു സാധാരണ മാരുതി കാറും ഒരു പഴയ ക്വാളിസ് കാറുമാണ് പീയുഷിന്റെ വീട്ടിൽ ഉള്ളത്. വീട്ടിൽ ഉള്ളപ്പോൾ പോലും കാറുകൾ ഉപയോഗിക്കാതെ സ്കൂട്ടറിലായിരുന്നു പീയുഷിന്രെ യാത്ര. അതിനാൽ തന്നെ ഇയാളുടെ വീട്ടിൽ നിന്നും ഇത്ര വലിയ തുക പിടിച്ചെടുത്തത് നാട്ടുകാർക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല.