
ന്യൂഡൽഹി: ഒരുകാലത്തെ ഇന്ത്യൻ യുവാക്കളുടെ ഹരമായിരുന്നു യെസ്ഡി ബൈക്കുകൾ. ടു സ്ട്രോക്ക് എഞ്ചിന്റെ എല്ലാ ആവേശവും കുത്തിനിറച്ച യെസ്ഡി ബൈക്കുകൾ സ്വപ്നം കാണാത്തവർ കുറവായിരുന്നു. 1996ൽ ഉത്പാദനം നിർത്തലാക്കിയെങ്കിലും നിരവധി വാഹനപ്രേമികൾ ഇപ്പോഴും പഴയ യെസ്ഡി ബൈക്കുകളുമായി നിരത്തിൽ ചീറിപ്പായുന്നുണ്ട്. ഏതാനും വർഷങ്ങൾക്ക് മുമ്പ് ജാവ ബൈക്കുകൾ വീണ്ടും വിപണിയിലെത്തിയതോടെ യെസ്ഡിയും താമസിയാതെ മടങ്ങിവരവ് നടത്തുമെന്ന് വാഹനപ്രേമികൾ സ്വപ്നം കണ്ടിരുന്നു. അവരുടെ ആഗ്രഹം പോലെ യെസ്ഡി ഇന്ത്യൻ വിപണിയിലേക്ക് ഒരു തിരിച്ചുവരവ് നടത്തുകയാണ്.
2022 ജനുവരി 13ന് യെസ്ഡി ഔദ്യോഗികമായി ഇന്ത്യൻ വിപണിയിലേക്ക് കടന്നുവരുമെന്നാണ് വാഹനത്തിന്രെ ഇന്ത്യൻ നിർമാതാക്കളായ ക്ളാസിക് ലെജൻഡ്സ് അറിയിച്ചിരിക്കുന്നത്. മൂന്ന് മോഡലുകളിലായിട്ടായിരിക്കും യെസ്ഡി ഇന്ത്യൻ വിപണിയിലെത്തുക. അഡ്വഞ്ചർ, സ്ക്രാംബ്ളർ, റോഡ്സ്റ്റർ മോഡലുകളിലായിരിക്കും ആദ്യം വിപണിയിൽ എത്തുക എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
റോയൽ എൻഫീൽഡ്, ഹോണ്ട, ബെന്നെലി എന്നിവയുടെ എതിരാളിയായിട്ടാകും യെസ്ഡി എത്തുക. ജാവ പെരക്കിൽ ഉപയോഗിച്ചിട്ടുള്ള അതേ 334 സി സി എൻജിൻ തന്നെയാകും യെസ്ഡിയിലും ഉപയോഗിക്കുക എന്നാണ് അറിയാൻ സാധിക്കുന്നത്. എൻജിന്റെ ട്യൂണിംഗിലും മറ്റും ചില്ലറ മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്നത് ഒഴിച്ചാൽ പെരക്കിനെ അപേക്ഷിച്ച് വലിയ മാറ്റങ്ങൾക്ക് സാദ്ധ്യതയില്ല. 30 ബി എച്ച് പി പവറും 32.74 എൻ എം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള എൻജിനാണ് പെരക്കിന് ശക്തി പകരുന്നത്.