
കൊൽക്കത്ത : ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചുവെന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വാദം തള്ളി മിഷണറീസ് ഓഫ് ചാരിറ്റി അധികൃതർ. മമതയുടെ ആരോപണത്തെക്കുറിച്ച് അറിയില്ലെന്ന് മിഷണറീസ് ഓഫ് ചാരിറ്റി വക്താവ് വ്യക്തമാക്കി.
എല്ലാം ഭംഗിയായി നടക്കുന്നുണ്ടെന്നും ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചുവെന്നത് സംബന്ധിച്ച അറിയിപ്പുകള്‍ ലഭിച്ചിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അത്തരം അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും മിഷണറീസ് ഓഫ് ചാരിറ്റി വക്താവ് സുനിത കുമാര്‍ പറഞ്ഞു. ബാങ്കിലൂടെയുള്ള ഇടപാടുകള്‍ സുഗമമായി നടക്കുന്നുണ്ടെന്നും സുനിത കുമാര്‍ വിശദമാക്കി.
മിഷണറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ടുകൾ കേന്ദ്ര സർക്കാർ മരവിപ്പിച്ചുവെന്ന് തിങ്കളാഴ്ചയാണ് മമത ബാനര്‍ജി ആരോപിച്ചത്. മതപരിവർത്തനം ആരോപിച്ച് മിഷണറീസ് ഓഫ് ചാരിറ്റിയുടെ ഗുജറാത്ത് ഘടകത്തിനെതിരെ കേസെടുത്തതിന് പിന്നാലെയാണ് നടപടിയെന്നായിരുന്നു മമത പറഞ്ഞത്. കേന്ദ്ര നീക്കം ഞെട്ടിച്ചുവെന്നും അംഗീകരിക്കാൻ സാധിക്കില്ലെന്നും മമതാ ബാനർജി പ്രതികരിച്ചിരുന്നു.
മമത ബാനര്‍ജിയുടെ ആരോപണം തെറ്റാണെന്ന് കേന്ദ്രം വിശദമാക്കിയിരുന്നു. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിട്ടില്ലെന്നും എഫ്.സി.ആര്‍.എ രജിസ്ട്രേഷന്‍ പുതുക്കാനുള്ള അപേക്ഷ നിരസിക്കുക മാത്രമാണ് ചെയ്തതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.