
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ചില സുപ്രധാന സാക്ഷികളെ വിസ്തരിക്കാൻ വിചാരണ കോടതി അനുവദിക്കുന്നില്ലെന്ന പരാതിയുമായി പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചു. കേസിലെ പ്രധാന വാദങ്ങൾ വിചാരണ കോടതി രേഖപ്പെടുത്തുന്നില്ലെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു.
പ്രതികളുടെ ഫോൺ രേഖകളുടെ ഒറിജിനൽ പതിപ്പുകൾ വിളിച്ചു വരുത്തണമെന്ന പ്രോസിക്യൂഷൻ ആവശ്യം വിചാരണ കോടതി തള്ളിയതിനെ തുടർന്ന് സി ഡി ആർ അടിസ്ഥാനമാക്കിയുള്ള നിർണായക തെളിവുകൾ അപ്രസക്തമായെന്നും പ്രോസിക്യൂഷന്റെ ഹർജിയിൽ പറയുന്നു. ഇത് രണ്ടാമത്തെ തവണയാണ് വിചാരണ കോടതിയുടെ നടപടികൾക്കെതിരെ പരാതിയുമായി പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കുന്നത്. മുൻ സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജിവയ്ക്കാനുള്ള പ്രധാന കാരണവും വിചാരണ കോടതിയുടെ നടപടികൾ കാരണമായിരുന്നു. പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് നാളെ പരിഗണിക്കും.