
തിരുവനന്തപുരം: കെ റെയിലിൽ പിണറായി സർക്കാരിന് അനുകൂലമായ നിലപാടെടുത്തതിന് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ പരസ്യമായി താക്കീത് ചെയ്തതിന് തൊട്ടുപിന്നാലെ വീണ്ടും കേരളത്തെ പുകഴ്ത്തി കോൺഗ്രസ് എം പി ശശി തരൂർ. നീതി ആയോഗിന്റെ ദേശീയ ആരോഗ്യസൂചികയിൽ ഒന്നാമതെത്തിയ കേരളത്തെ അഭിനന്ദിച്ചാണ് തരൂർ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ടാഗ് ചെയ്തുകൊണ്ടാണ് ട്വീറ്റ്. യോഗി ആദിത്യനാഥിനെ പോലുള്ളവർ കേരളത്തിലെ ആരോഗ്യരംഗത്തിന് പുറമേ സംസ്ഥാനത്തെ മികച്ച ഭരണവും എല്ലാവരെയും ഉൾക്കൊള്ളാനുള്ള സംസ്ഥാന സർക്കാരിന്റെ മനോഭാവവും കണ്ടുപഠിച്ചിരുന്നെങ്കിൽ ഇന്ത്യ എത്ര നന്നായേനെയെന്ന് തരൂർ ട്വീറ്റ് ചെയ്തു.
If the likes of @myogiadityanath would learn not just health practices but good governance & inclusive politics from Kerala, the country would benefit. Instead they keep trying to drag the country down to their level! pic.twitter.com/QspuEVhnjR
— Shashi Tharoor (@ShashiTharoor) December 27, 2021
ശശി തരൂർ കോൺഗ്രസിലെ ഒരു എം.പി മാത്രമാണെന്നും കെ റെയിൽ വിഷയത്തിൽ പാർട്ടിക്ക് വിധേയനായില്ലെങ്കിൽ പാർട്ടിയിലുണ്ടാകില്ലെന്നും കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ ഇന്നലെ പറഞ്ഞിരുന്നു. കണ്ണൂർ ഡി സി സി ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് തരൂരിന് സുധാകരന്റെ മുന്നറിയിപ്പ് ലഭിച്ചത്. കെ റെയിൽ വിഷയത്തിൽ മറുപടി എഴുതിത്തരാൻ തരൂരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടി ഒരു തീരുമാനമെടുത്താൽ പാർട്ടിയുടെ എല്ലാ എം.പിമാരും അത് അംഗീകരിക്കണം. ശശി തരൂരിന് മറ്റെന്തെങ്കിലും അജണ്ടയുണ്ടെന്നോ പാർട്ടിയിൽ നിന്ന് അകന്നുവെന്നോ അഭിപ്രായമില്ല.
പണമുണ്ടാക്കുക എന്ന ഒറ്റ അജണ്ട മാത്രമാണ് പിണറായി സർക്കാരിനുള്ളത്. അങ്ങനെയല്ലെങ്കിൽ കെ റെയിലും ജലപാതയുമായി മുന്നോട്ടു പോകില്ല. കേരളത്തിൽ പൊലീസ് എന്നൊരു സംവിധാനമില്ല. എത്രയോ കൊലപാതകങ്ങൾ പൊലീസ് വിചാരിച്ചാൽ ഒഴിവാക്കാമായിരുന്നു. പൊലീസിൽ ഇന്റലിജൻസ് സംവിധാനമില്ലേ? എസ്.ഡി.പി.ഐ തിരിച്ചടിക്കുമെന്ന് ഏത് പൊലീസ് സംവിധാനത്തിനാണ് അല്ലെങ്കിൽ ഏത് രാഷ്ട്രീയ പ്രസ്ഥാനത്തിനാണ് അറിയാത്തതെന്നും സുധാകരൻ പറഞ്ഞു.