
തിരുവനന്തപുരം : കെ റെയിലിനെതിരെ സി.പി.എം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ വിമർശനം. മഹാരാഷ്‌ട്രയിൽ അതിവേഗ റെയിൽ പദ്ധതിയെ എതിർക്കുന്ന പാർട്ടി കേരളത്തിൽ അത് നടപ്പാക്കാൻ ശ്രമിക്കുകയാണ്. സംസ്ഥാന അടിസ്ഥാനത്തിൽ നിലപാട് സ്വീകരിക്കുന്നത് ശരിയാണോ എന്നും സി.പി.എമ്മിന്റെ ദേശീയ നിലപാട് കേരളം ദുർബലപ്പെടുത്തിയെന്നും വിമർശനമുയർന്നു.
പീപ്പിൾസ് ഡെമോക്രസിയിൽ കിസാൻ സഭാ നേതാവ് അശോക് ധാവ്‌ലെ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരെ ലേഖനമെഴുതിയിരുന്നു. ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരെ മഹാരാഷ്ട്രയിൽ വലിയ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. ആ പാർട്ടി കേരളത്തിലെത്തുമ്പോൾ എന്തുകൊണ്ട് അതിവേഗ പാതയെ പിന്തുണയ്ക്കുന്നുവെന്ന് ചോദ്യമുയർന്നു.
കെ റെയിൽ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടിറങ്ങുമെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെയാണ് സി.പി.എമ്മിലും വിമർശനമുയരുന്നത്. എല്ലാ ജില്ലകളിലും വിവിധ മേഖലകളിലുള്ളവരുടെ യോഗം വിളിച്ച് പദ്ധതിയെക്കുറിച്ച് വിശദീകരിക്കാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യയോഗം ജനുവരി 4ന് തിരുവനന്തപുരത്ത് നടക്കും. ജനങ്ങൾക്കിടയിലുള്ള ആശങ്ക പരിഹരിക്കാൻ പാർട്ടി ഘടകങ്ങൾ താഴേത്തട്ടിൽ വിശദീകരണ യോഗങ്ങൾ ചേരും. പദ്ധതിയെക്കുറിച്ചുള്ള ലഘുലേഖയും വീടുകളിലെത്തിക്കും. ജനങ്ങളുടെ ആശങ്ക പരിഹരിച്ച് പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും ഭൂമി നഷ്ടപ്പെടുന്നവർക്കു നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങൾ ഉറപ്പുവരുത്തുമെന്നും പാർട്ടി നേതൃത്വം പറയുന്നു.