
കൊല്ലം: മദ്യം ചോദിച്ചിട്ട് നൽകാത്തതിന് യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച പ്രതിയെ പൊലീസ് പിടികൂടി. കൊല്ലം കോട്ടുക്കൽസ്വദേശി ഉദയകുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആസിഡ് മുഖത്ത് വീണ കോട്ടുക്കൽ സ്വദേശി വിപിന് ഭാഗികമായി കാഴ്ച നഷ്ടപ്പെട്ടിട്ടുണ്ട്. ഇയാൾ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. കോട്ടുക്കലിൽ ഒഴിഞ്ഞ സ്ഥലത്ത് ഇരുന്ന് മദ്യപിക്കുകയായിരുന്നു വിപിനും സുഹൃത്തും. ആ സമയം അതുവഴി വന്ന ടാപ്പിംഗ് തൊഴിലാളിയായ ഉദയകുമാർ തനിക്കും മദ്യം വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ കൊടുക്കാൻ വിപിൻ തയ്യാറായില്ല. ഇതോടെ വീട്ടിലേക്ക് പോയ ഉദയകുമാർ ഒരു ചെറിയ കുപ്പിയിൽ റബർ ഷീറ്റ് നിർമാണത്തിന് ഉപയോഗിക്കുന്ന ആസിഡുമായി മടങ്ങിവരികയും അത് വിപിന്റെ മുഖത്ത് ഒഴിക്കുകയുമായിരുന്നു.
വിപിനെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ഒരു കണ്ണിന്റെ പരിക്ക് ഗുരുതരമാണെന്നും ഭാഗികമായി കാഴ്ച നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നും ഡോക്ടർമാർ പറഞ്ഞു. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ ഉദയകുമാറിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത പൊലീസ് കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.