
ആര്യനാട്: ആര്യനാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മലയടിയിൽ മൂന്നംഗ സംഘത്തിന്റെ ആക്രമണത്തിൽ വെട്ടേറ്റ യുവാവിനെ ഓപ്പറേഷന് വിധേയനാക്കി. മലയടി സുജില ഭവനിൽ ഗണേശൻ എന്ന സുഭിലാഷിനാണ് (40) വെട്ടേറ്റത്. സംഭവത്തിൽ രണ്ടുപേരെ ആര്യനാട് പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും വെട്ടേറ്റയാളിന്റെ മൊഴി എടുക്കാൻ കഴിയാത്തതിനാൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.
ഞായറാഴ്ച രാത്രി 8 ഓടെയാണ് ഗണേശന് വെട്ടേറ്റത്. ആക്രമണത്തിൽ വലത് കാലിന്റെ മുട്ടിന് താഴെയാണ് ആഴത്തിൽ പരിക്കേറ്റത്. ഉടൻതന്നെ വിതുരയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. ഞായറാഴ്ച രാത്രിയോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തുടർന്നാണ് കാലിൽ ഓപ്പറേഷൻ നടത്തിയത്.