annapoorni

ചെങ്കൽപേട്ട്: കുടുംബ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്ന ടെലിവിഷൻ ഷോയിൽ താരമായതോടെ ആൾ ദൈവമാണെന്ന അവകാശവാദവുമായി എത്തിയിരിക്കുകയാണ് യുവതി. തമിഴ്‌നാട്ടിലെ ചെങ്കൽപേട്ട് സ്വദേശിയായ അന്നപൂർണിയാണ് പുതിയ തട്ടിപ്പുമായി ഇറങ്ങിയിരിക്കുന്നത്.

പട്ടുസാരിയുടുത്ത് സർവാഭരണ വിഭൂഷിതയായിരിക്കുന്ന ഇവരുടെ കാൽക്കൽ വീണ് അനുഗ്രഹം വാങ്ങുന്ന യുവതികളുടെ വീഡിയോ വൈറലാണ്. 'ആദിപരാശക്തി അന്നപൂർണി അമ്മ" എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്തു വിട്ടത്. അതോടെ പൊലീസ് അന്വേഷണവും തുടങ്ങി.

'സൊൽവതെല്ലാം ഉൺമൈ' എന്ന ടെലിവിഷൻ ഷോയിൽ പങ്കെടുത്ത് ഭാര്യയും മക്കളുമൊക്കെയുള്ള ഒരു പുരുഷനൊപ്പം ബന്ധം പുലർത്തിയെന്ന കാര്യം തുറന്നു പറഞ്ഞതോടെയാണ് അന്നപൂർണി താരമായത്. സീ തമിഴിൽ സംപ്രേക്ഷണം ചെയ്യുന്ന ഈ പരിപാടി തെന്നിന്ത്യൻ നായിക ലക്ഷ്‌മി രാമകൃഷ്‌ണ‌നായിരുന്നു അവതരിപ്പിച്ചിരുന്നത്. അടുത്തിടെയാണ് ആദി പരാശക്തിയുടെ അവതാരമാണ് താനെന്ന അവകാശവാദവുമായി അന്നപൂർണി എത്തിയത്. നിരവധി പേരാണ് അനുഗ്രഹവും ആശീർവാദവും തേടി അവർക്കരികിലെത്തുന്നത്.

ജനുവരി ഒന്നിന് ചെങ്കൽപേട്ടിൽ അന്നപൂർണി അമ്മ അരുൾവാക്ക് എന്ന പരിപാടി സംഘടിപ്പിക്കാനും ഇവർക്ക് പദ്ധതിയുണ്ട്. എന്നാൽ തമിഴ്‌നാട് പൊലീസ് പരിപാടിയ്‌ക്കെതിരെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. പരിപാടിയുടെ അവതാരക ലക്ഷ്‌മി രാമകൃഷ്‌ണനും ഇവർക്കെതിരെ രംഗത്തെത്തിയിരുന്നു.

അന്നപൂർണിയുടെ വ്യക്തിജീവിതത്തെക്കുറിച്ച് സംസാരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ ദൈവമാണെന്ന് അവകാശപ്പെട്ട് ആളുകളെ വിഡ്ഢികളാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അവരുടെ അവതാർ വീഡിയോ കാണുമ്പോൾ താൻ ചിരിച്ചു പോയെന്നും ദയവായി അവരെ ആരാധിക്കരുതെന്നുമാണ് ലക്ഷ്‌മി രാമകൃഷ്‌ണൻ പറയുന്നത്. എന്നാൽ, പൊലീസ് തനിക്ക് പിന്നാലെയുണ്ടെന്ന് അറിഞ്ഞതോടെ കക്ഷി ഇപ്പോൾ ഒളിവിലാണെന്നാണ് വിവരം.