dileep

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് സംവിധായകൻ ചന്ദ്രകുമാറിന്റെ ആരോപണത്തോട് പ്രതികരിച്ച് നടൻ ദിലീപ്. തനിക്ക് പലതും പറയാൻ കഴിയാത്ത അവസ്ഥയാണെന്ന് ദിലീപ് പറഞ്ഞു. ജാമ്യവ്യവസ്ഥയുള്ളതുകൊണ്ടുതന്നെ സത്യം എന്താണെന്ന് പ്രേക്ഷകരോട് വെളിപ്പെടുത്താൻ തനിക്ക് കഴിയുന്നില്ലെന്ന് ദിലീപ് വ്യക്തമാക്കി.

ദിലീപിന്റെ വാക്കുകൾ-

'എന്റെ ഇപ്പോഴത്തെ അവസ്ഥയറിയാല്ലോ? ബെയിലും കാര്യങ്ങളുമൊക്കെയുള്ളതുകൊണ്ട് ആരെന്നെ കല്ലെറിഞ്ഞാലും എനിക്ക് പ്രസ്സ് മീറ്റിൽ വന്നിരിക്കാനോ, മീറ്റ് ദി പ്രസ്സ് വിളിക്കാനോ കഴിയില്ല. അതിനൊന്നുമുള്ള അനുമതി എനിക്കില്ല. അതുകൊണ്ടു മാത്രമാണ് പലരും പലത് പറയുമ്പോഴും എനിക്കൊന്നും പ്രതികരിക്കാൻ കഴിയാത്തത്. എന്റെ പ്രേക്ഷകരോട് സത്യം എന്തെന്ന് പറയാൻ കഴിയാത്ത അവസ്ഥയിലാണ് ഞാനുള്ളത്. ഇതൊക്കെ ഫേസ് ചെയ‌്തു പോവുക എന്നല്ലാതെ ഞാൻ എന്താണ് ചെയ്യുക. എന്നാലും ഞാൻ ഹാപ്പിയാണ്. ദൈവം അനുഗ്രഹിച്ച് നമ്മളെ സ്നേഹിക്കുന്ന പ്രേക്ഷകർ കൂടെയുള്ളപ്പോൾ ഞാൻ ഹാപ്പിയാണ്'.

നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയുമായി ദിലീപിന് വളരെ അടുത്ത ബന്ധമുണ്ടെന്നായിരുന്നു ചന്ദ്രകുമാറിന്റെ ആരോപണം. ദിലീപിന്റെ വീട്ടിൽ വച്ച് സുനിയെ താൻ കണ്ടിട്ടുണ്ടെന്നും ചന്ദ്രകുമാർ ആരോപിച്ചിരുന്നു.