
ബെർലിൻ: ലുധിയാന ജില്ലാ കോടതി സ്ഫോടനവുമായി ബന്ധപ്പെട്ട് സിഖ്‌സ് ഫോർ ജസ്റ്റിസ് (എസ് എഫ് ജെ) തീവ്രവാദ ഗ്രൂപ്പിലെ അംഗമായ ജസ്‌വിന്ദർ സിംഗ് മുൾട്ടാനിയെ ജർമനിയിൽ അറസ്റ്റ് ചെയ്തു. ജർമൻ പൗരനായ മുൾട്ടാനിയെ ഡിസംബർ 27 അർദ്ധരാത്രിയോടെ എർഫർട്ടിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കൈമാറാനുള്ള നടപടികൾ ഇന്ത്യ ഉടൻ ആരംഭിക്കും.
മുൾട്ടാനി ഇന്ത്യയിൽ വലിയ ആക്രമണങ്ങൾ നടത്താൻ ആസൂത്രണം ചെയ്തിരുന്നതായാണ് സൂചന. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കള്ളക്കടത്തുകാരുടെ സഹായത്തോടെ അതിർത്തിക്കപ്പുറത്ത് നിന്ന് പഞ്ചാബിലേയ്ക്ക് സ്ഫോടനവസ്തുക്കളും ഗ്രനേഡുകളും അടങ്ങിയ ആയുധങ്ങൾ കടത്തിയതോടെയാണ് ഇയാൾ പൊലീസിന്റെ നിരീക്ഷണത്തിലാകുന്നത്. തീവ്രവാദ പ്രവർത്തനങ്ങൾക്കായി പാകിസ്ഥാനിൽ നിന്നും പഞ്ചാബിലേയ്ക്ക് സ്ഫോടക വസ്തുക്കൾ കടത്താൻ ഇയാൾ ആസൂത്രണം ചെയ്തിരുന്നതായും സൂചനയുണ്ട്.
കഴിഞ്ഞ സെപ്തംബറിൽ പഞ്ചാബ് പൊലീസ് ഒരു എസ് എഫ് ജെ കേന്ദ്രം തകർക്കുകയും മൂന്ന് പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഖാനയിലെ റാംപൂർ ഗ്രാമത്തിൽ നടത്തിയ റെയ്ഡിൽ '2020ലെ അഭിപ്രായവോട്ടെടുപ്പ്' പ്രോത്സാഹിപ്പിക്കുന്ന ലക്ഷക്കണക്കിന് ലഘുലേഖകൾ കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ഒരാൾ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്ത ലുധിയാന ജില്ലാ കോടതി സ്ഫോടനവുമായും എസ് എഫ് ജെയ്ക്ക് ബന്ധമുണ്ട്.
ഖാലിസ്ഥാൻ എന്ന് വിളിപ്പേരുള്ള പഞ്ചാബിൽ സിഖുകാർക്ക് മാത്രമായി പ്രത്യേക പ്രദേശം വേണമെന്നാവശ്യപ്പെടുന്ന യു എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയാണ് സിഖ്‌സ് ഫോർ ജസ്റ്റിസ്. പഞ്ചാബിൽ വിഭജനവും അക്രമാസക്തമായ തീവ്രവാദവും പ്രോത്സാഹിപ്പിക്കുന്നതിന്റെ പേരിൽ യു എ പി എ പ്രകാരം 2019ൽ ഇന്ത്യൻ സർക്കാർ ഈ സംഘടന നിരോധിച്ചിരുന്നു.