
കുമ്മായമടർന്ന ചുവരിലെ, മറിഞ്ഞുമറിഞ്ഞു പോകുന്ന കലണ്ടർ താളുകൾ പോലെ കാലം എങ്ങോട്ടോ ധൃതിയിൽ നമ്മെ കടന്നുമറയുന്നു. വീണ്ടുമൊരാണ്ട്  പിറക്കുമ്പോൾ പുതിയ കലണ്ടർ പൂമുഖത്ത് ചിരി തൂവുമ്പോൾ, മൊബൈലിൽ 'ഗ്രീറ്റിംഗ്സ് മെസേജു" കൾ തെളിയുമ്പോൾ, പടി കടന്നു പറന്നുവന്ന ആശംസാ കാർഡുകളുടെ പഴയകാലം അറിയാതെ മനസിൽ വന്നുനിറയുന്നു. കത്തുകളുമായി വന്നുംപോയുമിരുന്ന അന്നത്തെ ആ കാക്കിക്കുപ്പായക്കാരൻ പോസ്റ്റ്മാന്റെ പുഞ്ചിരിക്കുന്ന മുഖം, അയാൾ നീട്ടിയ നവവത്സരാശംസകളുടെ നീലക്കവറുകൾ, അകലങ്ങളിലിരുന്ന് നമ്മെ ഓർത്ത പ്രിയപ്പെട്ടവരുടെ ഹൃദയവികാരങ്ങൾ, പ്രണയവിചാരങ്ങൾ... സ്നേഹാശംസകളുടെ ചുടുചുംബനങ്ങൾ...!
മൊബൈലിൽ വാട്സാപ്പ് സന്ദേശങ്ങൾ വന്നു വീഴുന്ന 'ണിം ണിം" ചിലമ്പലുകൾ നമ്മെ പൊടുന്നനവേ ഞെട്ടിയുണർത്തുന്നു. വികാരരഹിതമായ 'ഹാപ്പി ന്യൂ ഇയറു" കളുടെയും ഇമോജികളുടെയും പ്രവാഹത്തിൽ നമ്മൾ കാലത്തിനൊപ്പം എങ്ങോട്ടെന്നില്ലാതെ ഒഴുകിപ്പോകുന്നു, പൊങ്ങുതടികൾ പോലെ...
വെറുതെ ജാലകത്തിനപ്പുറത്തേക്ക് കണ്ണുകൾ പായുന്നു. പോസ്റ്റ്മാൻ നാരായണേട്ടന്റെ  നിഴലെങ്ങാനുമുണ്ടോ? ഇല്ല, തിളയ്ക്കുന്ന നട്ടുച്ചവെയിൽ മാത്രം...
രണ്ട്
പോസ്റ്റ്മാൻ നാരായണൻ നമ്പ്യാർ ഗ്രാമത്തിലെ ദൈവമായിരുന്ന ഒരു കാലമുണ്ടായിരുന്നു. പയ്യന്നൂർ പെരുമാൾ കഴിഞ്ഞാൽ ഞങ്ങൾ പ്രതീക്ഷയോടെ ഉറ്റുനോക്കുമായിരുന്നത് നാരായണേട്ടനെയായിരുന്നു! അതുപോലെ ഒരുപാട് നാരായണേട്ടന്മാർ നമ്മുടെയൊക്കെ പരിസരങ്ങളെ പ്രകാശപൂരിതമാക്കി... പയ്യന്നൂരമ്പലത്തിനു മുന്നിലെ പഴയ ആ തപാൽ പെട്ടി  ഇന്നലെയും  ഞാൻ കണ്ടു. പണ്ടതിൽ ''Next Clearance 3.30 pm" എന്നു കാണാമായിരുന്നു. ഇന്ന് അവിടെ സമയമെഴുതിയ കാർഡില്ല. ഒരു പക്ഷേ, ആരും അതിൽ കത്തിടുകയോ  കത്തെടുക്കാൻ  ഒരാൾ സമയത്തിന് വരികയോ  ചെയ്യുന്നുണ്ടാവില്ല. എങ്കിലും അതവിടെയുണ്ട്. പുതിയ  ചുവപ്പുചായമൊക്കെ പൂശി, അങ്ങനെ...

അതുകണ്ടുനിന്നപ്പോൾ ഒരുപാട് ഓർമകൾ വന്ന് മനസിൽ മലക്കം മറിഞ്ഞു. ദിവസവും പത്തിരുപത്തഞ്ച് ഇൻലന്റുകളിലും കവറുകളിലും കാർഡുകളിലുമായി ഹൃദയഭരിതമായ വരികളെഴുതി നാനാദേശങ്ങളിലുള്ള പ്രിയപ്പെട്ടവർക്ക് വൈകുന്നേരം 3.30 നുമുമ്പ് ആ തപാൽ പെട്ടിയിൽ നിക്ഷേപിച്ചിരുന്ന കാലം. എന്നിട്ട് കുറച്ച് മാറി കാത്തുനിൽക്കും. കൃത്യം 3.30 ന് സൈക്കിളിൽ ചെറിയൊരു ചാക്കുമായി ഒരാൾ കടന്നുവരും. അയാൾ സൂക്ഷ്മതയോടെ പെട്ടിയുടെ പൂട്ട് തുറന്ന്, കീഴ്ഭാഗത്തെ അടപ്പുമാറ്റി കത്തുകളൊക്കെയെടുത്ത് ചാക്കിൽ നിറയ്ക്കും. എന്നിട്ട് വീണ്ടും പെട്ടിപൂട്ടി സൈക്കിളിൽ അയാൾ അകലേക്കു മറയും വരെ ഞാൻ രഹസ്യമായി, ഹൃദയമിടിപ്പുകളോടെ നോക്കിനിൽക്കും. ഞാൻ നിക്ഷേപിച്ച കത്തുകൾ വല്ലതും, അയാളെടുത്ത് ചാക്കിൽ നിറയ്ക്കുമ്പോൾ, ഊർന്നു താഴെ വീണുപോയിട്ടില്ല എന്നുറപ്പിച്ചശേഷം സമാധാനത്തോടെ പതിയെ വീട്ടിലേക്കു മടങ്ങും...!
അതുപോലെത്തന്നെ ചങ്കിടിപ്പുള്ളതായിരുന്നു അക്കാല പ്രഭാതങ്ങൾ... പന്ത്രണ്ടുമണിയോടടുത്താണ്  വീട്ടിനടുത്തുകൂടെ  പോസ്റ്റ്മാൻ നാരായണേട്ടൻ കടന്നുവരികയെങ്കിലും പത്തുമണിക്കു തന്നെ ഞാൻ അകലെ വഴിത്തിരിവിലേക്ക് നോക്കി നിൽക്കും. പ്രതീക്ഷ നൽകാൻ പലതുണ്ട്. ആയിടെ പത്ര വാരികകളിലേക്കയച്ച ഫീച്ചറുകളേയും കഥകളേയും പറ്റി പത്രാധിപന്മാരുടെ മറുപടികൾ, ബാങ്കുടെസ്റ്റിന്റെ റിസൾട്ടുകൾ, ചങ്ങാതിമാരുടെ കത്തുകൾ, പ്രണയിനിയുടെ പരിഭവങ്ങൾ... വീട്ടിലേക്കു തിരിയാതെ നാരായണേട്ടൻ നടക്കുമ്പോൾ, ഓടിച്ചെന്ന്  ''എനിക്കൊന്നുമില്ലേ"" എന്ന് ചോദിച്ച നാളുകൾ ഓർമയിലുണ്ട്. അതുപോലെ പോസ്റ്റ് ഓഫീസ് തുറന്ന് 'സോർട്ടിംഗ്" നടക്കുമ്പോൾത്തന്നെ ജനലരികിൽ നിന്ന് അകത്തേക്കു നോക്കി ''ഞാനിവിടെയുണ്ട്"" എന്ന് കയ്യും കലാശവും കാട്ടിയ കാലവും...!
മൂന്ന്
മേഘസന്ദേശവും മയൂരസന്ദേശവുമൊക്കെ നമുക്ക് ചിരപരിചിതമാണ്. പ്രാവിന്റെയും അരയന്നത്തിന്റെയും  പക്കൽ  സന്ദേശമയച്ച  നളദമയന്തിമാരുടേയും  മറ്റും  സ്നേഹകാലവും ഓർമയിലെത്തുന്നു. എന്നാൽ പോസ്റ്റൽ സർവ്വീസുകളുടെ  ഔദ്യോഗിക പിറവിയെക്കുറിച്ച് ചരിത്രം പലവിധ കഥകളാണ് പറഞ്ഞുതരുന്നത്. 1635-ൽ ഇംഗ്ലണ്ടിലെ പ്രൈവറ്റ് മൈൽ സർവീസ് ലജിസ്ലേഷനെത്തുടർന്ന് 1650ലാണ് 'പോസ്റ്റ് ഓഫീസ്" എന്ന നാമം നിലവിൽ വന്നതത്രെ. കുതിരപ്പടയാളികളായിരുന്നു ആദ്യത്തെ പോസ്റ്റുമാന്മാർ. തിരുവിതാംകൂറിലെ അഞ്ചലോട്ടക്കാരനേയും ഓർമ വരുന്നു. ഈജിപ്ഷ്യൻ ഫറവന്മാരുടെ കാലത്തെ 'കൊറിയർ സൈനികരും" ഈ രംഗത്തെ പൂർവ്വികരാവാം. 1712 മുതൽ പ്രവർത്തിക്കുന്ന സ്കോട്ട്ലാന്റിലെ സാൻഖ്യർ ഹൈ സ്ട്രീറ്റ് പോസ്റ്റ് ഓഫീസാണ് ലോകത്തിലെ ഏറ്റവും പ്രായമുള്ളതെന്ന് ബ്രിട്ടീഷ് പോസ്റ്റൽ മ്യൂസിയം രേഖകൾ വിശദമാക്കുന്നു... 1990 കളുടെ തുടക്കത്തിൽ നമ്മുടെ തപാൽനാമം 'ഇന്ത്യാ പോസ്റ്റ് "എന്നായി. റേഡിയോ ലൈസൻസ് പുതുക്കൽ പോലുള്ള പ്രാചീന അനുഷ്ഠാനങ്ങൾ മാറ്റിവച്ച് പുതിയ പുതിയ ആചാരങ്ങൾ അവിടെ അരങ്ങേറിത്തുടങ്ങി! സ്പീഡ് പോസ്റ്റും സേവിംഗ്സ് ബാങ്കും ഒക്കെ അവയിൽ ചിലത് മാത്രം... എന്നാൽ കാലം വീണ്ടും അതിദ്രുതം പായുകയാണ്. ഇ-ട്രാൻസ്ഫറിന്റെ കാലത്ത്  എന്ത്  സ്പീഡ് പോസ്റ്റ് എന്നാണ് പുതിയ തലമുറ ചിന്തിക്കുന്നത്... വാട്സാപ്പും ഫേസ് ബുക്ക് മെസഞ്ചറും ഇൻസ്റ്റയും ട്വിറ്ററും ഗൂഗിൾപേയും ഒക്കെ വന്ന് നമ്മുടെ പാവം തപാലിനെ ഏതാണ്ട്  ചവുട്ടിച്ചതച്ച് തെറിപ്പിച്ചു കഴിഞ്ഞിരിക്കുന്നു...

നാല്
പല  പോസ്റ്റ് ഓഫീസുകളും  അടച്ചുപൂട്ടൽ ഭീഷണിയിൽത്തന്നെയാണ്. ഉള്ളവ തന്നെ സ്വകാര്യ കൊറിയർ സർവ്വീസുകളോട്  സമയക്ലിപ്തതയിൽ  പിടിച്ചു നിൽക്കാൻ  പാടുപെടുന്നു. ഇക്കഴിഞ്ഞാഴ്ച ഭാര്യ ഗിരിജയുമൊത്ത് കാസർകോട് ജില്ലയിലെ നീലേശ്വരം പുതുക്കൈയിലെ  അവളുടെ വീട്ടിൽ  ചെന്നപ്പോൾ, ഒരു പ്രഭാത നടത്തത്തിനിടയിൽ നിരത്തിൽനിന്ന് തെന്നിമാറി  ആരാലും ശ്രദ്ധിക്കപ്പെടാതെ  ഓടിട്ട ഒരു പഴയ ഒറ്റമുറിക്കെട്ടിടം കാണാനിടയായി. 'പുതുക്കൈ ബ്രാഞ്ച്  പോസ്റ്റ് ഓഫീസ്" എന്ന നരച്ച ബോർഡിനു താഴെ താഴിട്ട പൊട്ടിപ്പൊളിഞ്ഞ പലകവാതിലുകൾ, പോസ്റ്ററുകൾ പതിച്ച് വികൃതമായ ചുവരുകൾ... പെട്ടെന്നോർത്തത്, ഈ പോസ്റ്റ് ഓഫീസ് വിലാസത്തിൽ എൺപതുകളിലാകെ ദിവസേന രണ്ടും മൂന്നും കത്തുകളെഴുതിയ പ്രണയാതുരനായ ഒരു ചെറുപ്പക്കാരനുണ്ടായിരുന്നല്ലോ എന്നാണ്! പത്തുമണിക്ക്  ആ പഴയവാതിലുകൾ തുറക്കപ്പെടുമ്പോൾ വീണ്ടും വന്ന് ഒരു ഇൻലെന്റ് വാങ്ങി, അതിൽ കുനുകുനേ നവവത്സരാശംസകൾ കുറിച്ച്, ഗിരിജയുടെ വിലാസവുമെഴുതി പോസ്റ്റ് ചെയ്യണമെന്ന് ഞാൻ പെട്ടെന്ന് ആലോചിച്ചു. അപ്പോൾ ഗ്രാമീണഗന്ധമുള്ള  ഒരു  പുതുവർഷക്കാറ്റ് വന്ന്  എന്നെ തഴുകിപ്പുഞ്ചിരിച്ച് കടന്നുപോയി...
(സതീഷ്ബാബു പയ്യന്നൂർ: 98470 60343)