nimisha-priya

സന: യമൻ പൗരനെ വിദേശത്ത് വച്ച് കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ ശിക്ഷയിൽ ഇളവ് ലഭിക്കുമോയെന്ന കാര്യത്തിൽ ജനുവരി മൂന്നിന് അന്തിമ തീരുമാനമുണ്ടായേക്കും. കഴിഞ്ഞ ദിവസം കേസിൽ വാദം കേൾക്കൽ പൂർത്തിയായിരുന്നു. സ്ത്രീയെന്ന പരിഗണന നൽകി വധശിക്ഷ ജീവപര്യന്തമാക്കുകയോ വിട്ടയയ്‌ക്കുകയോ ചെയ്യണമെന്നായിരുന്നു നിമിഷയുടെ അഭിഭാഷകൻ യമനിലെ സനയിലെ അപ്പീൽ കോടതിയിൽ വാദിച്ചത്.

തലാൽ അബ്‌ദു മെഹ്ദി എന്ന യമൻ പൗരനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറിക്കി വാട്ടർ ടാങ്കിൽ ഒളിപ്പിച്ചെന്നാണ് നിമിഷയ്‌ക്കെതിരെയുളള കേസ്. 2017ലായിരുന്നു സംഭവം നടന്നത്. നിമിഷയെ താൻ വിവാഹം കഴിച്ചെന്ന് ഇയാൾ അവകാശപ്പെട്ടിരുന്നു. വ്യാജ രേഖകൾ നിർമ്മിച്ചായിരുന്നു ഇത്.

നഴ്‌സായി ജോലിചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങുന്നതിനുവേണ്ടിയാണ് തലാൽ അബ്‌ദു മെഹ്ദിയുടെ സഹായം നിമിഷ തേടിയത്. എന്നാൽ അയാൾ തന്നെ സാമ്പത്തികമായി ചതിക്കുകയായിരുന്നു എന്നാണ് നിമിഷപ്രിയ പറയുന്നത്. കൊടിയ പീഡനങ്ങൾക്ക് ഇയാൾ നിമിഷയെ ഇരയാക്കുകയും ചെയ്‌തു.

പാലക്കാട് സ്വദേശിയായ നിമിഷപ്രിയയെ യമനിലെ കീഴ്‌ക്കോടതിയാണ് വധശിക്ഷയ്‌ക്ക് വിധിച്ചത്. നിമിഷയുടെ സഹപ്രവർത്തകയും യമൻ സ്വദേശിനിയുമായ ഹനാനും കേസിൽ വിചാരണ നേരിടുന്നുണ്ട്. ഹനാനും ചേർന്നാണ് വെട്ടിനുറുക്കിയ മൃതദേഹം വാട്ടർടാങ്കിൽ ഒളിപ്പിച്ചതെന്നാണ് കേസ്.

നിമിഷപ്രിയയുടെ ശിക്ഷയിൽ ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയിലും പ്രാർത്ഥനയിലുമാണ് പാലക്കാട് സ്വദേശിയായ ഭർത്താവും ഏഴുവയുസുകാരിയായ ഏകമകളും.