anil-kanth

കൊച്ചി: കിഴക്കമ്പലത്ത് കിറ്റെക്സ് തൊഴിലാളികൾ പൊലീസിനെ അക്രമിച്ച സംഭവത്തിനിടെ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സാചെലവ് വഹിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് അറിയിച്ചു. അതിക്രമത്തിന് ഇരയായ പൊലീസ് ഉദ്യോഗസ്ഥർ ചികിത്സയ്ക്കായി ഇതിനകം മുടക്കിയ പണം തിരികെ നൽകുമെന്നും ചികിത്സയിൽ തുടരുന്നവർക്ക് ആവശ്യമായ പണം നൽകാൻ തീരുമാനമായതായും അദ്ദേഹം അറിയിച്ചു.

അതിനിടെ, ഡിജിപി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ പൊലീസിന്റെ ഇടപെടുകൾ സജീവമാക്കുന്ന കാര്യം ചർച്ച ചെയ്യാനാണ് യോഗം വിളിച്ചത്. ഇതരസംസ്ഥാന തൊഴിലാളികളുമായുള്ള ബന്ധം ശക്തമാക്കണമെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയും നിർദ്ദേശം നൽകി. ഡിവൈഎസ്പിമാരും എസ്എച്ച്ഒമാരും ക്യാമ്പുകൾ നിരന്തരം സന്ദർശിക്കണമെന്നും ഹിന്ദിയും ബംഗാളിയും അറിയുന്ന ഉദ്യോഗസ്ഥരെ പരാതികൾ കേൾക്കാൻ നിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിൽ പ്രധാന പങ്ക് വഹിക്കുന്നവരാണ് ഇതരസംസ്ഥാന തൊഴിലാളികൾ എന്നും വിജയ് സാഖറെ അറിയിച്ചു.

ക്രിസ്തുമസ് ആഘോഷത്തിനിടെയാണ് തൊഴിലാളികൾ തമ്മിൽ സംഘർഷമുണ്ടായത്. വിവരമറിഞ്ഞ് പൊലീസ് സംഘം സ്ഥലത്തെത്തിയതോടെ തമ്മിലടിച്ച തൊഴിലാളികൾ, അവർക്ക് നേരെ തിരിയുകയായിരുന്നു. ആക്രമണത്തിൽ കുന്നത്തുനാട് സി ഐ ഷാജനടക്കം അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതുവരെ 164 പേരാണ് അറസ്റ്റിലായത്. മുന്നൂറോളം പേർ കേസിൽ പ്രതികളായേക്കുമെന്നാണ് സൂചന.