prabhavarma

സംഗീതാസ്വാദകർക്ക് നല്ലൊരു കർണാടക സംഗീത കച്ചേരി കേൾക്കുക എന്നത് വിഭവസമൃദ്ധമായ ഒരു ഓണസദ്യ കഴിക്കുന്ന പോലുള്ള സുഖം പ്രദാനം ചെയ്യും. ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ കർണങ്ങളിൽ അലയടിക്കുന്ന കർണാടക സംഗീത വീചികൾ ഏതു വേദിയെയും ഇന്ദ്രപുരിയാക്കും.

കർണാടക സംഗീതത്തിന്റെ നഷ്‌ടപ്രതാപം തിരിച്ചെടുക്കാനൊരുങ്ങുകയാണ് തിരുവനന്തപുരത്തെ ഒരു കൂട്ടം സംഗീത പ്രേമികൾ. വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ വേദിയാക്കി അവതരിപ്പിക്കപ്പെടുന്ന സംഗീതക്കച്ചേരിയിലൂടെ കർണാടക സംഗീതം പുനർജനിക്കുന്നു. പ്രഭാവർമയുടെ കൃതികൾ ചിട്ടപ്പെടുത്തി ആലപിക്കുന്നത് ഡോ.കെ.ആർ. ശ്യാമയാണ്.

പതിറ്റാണ്ടുകൾക്കു പിന്നിൽ തുളസീവനമാണ് അവസാനമായി കർണാടക സംഗീത കൃതികൾ രചിച്ചത്. പ്രഭാവർമയിലൂടെ പുതിയൊരു വാഗ്വേയകാരനെ കർണാടക സംഗീതത്തിനു ലഭിച്ചിരിക്കുന്നു. ദേവൻമാരോടുള്ള അഭ്യർത്ഥനകളും അവർക്കുള്ള സ്‌തുതികളും ദേവനാമങ്ങളുടെ പര്യായപദങ്ങളും ഉപയോഗിച്ച് രചിക്കുന്നവയായിരുന്നു ഇതുവരെയുള്ള കർണാടക സംഗീതകൃതികൾ ഒക്കെയും.
എന്നാൽ പ്രഭാവർമയുടെ കൃതികൾ മനോഹരങ്ങളായ ബിംബവർണനകളാലും ഉപമകളാലും വ്യത്യസ്‌തമാകുന്നു. കവിത തുളുമ്പുന്ന കീർത്തനങ്ങൾ കനവ് പെയ്യുന്ന സംഗീതത്തിൽ പുതു പിറവിയെടുക്കുകയാണ്.
സ്വാതി തിരുനാളിന്റെയും ഇരയിമ്മൻ തമ്പിയുടെയും ഓർമകൾ നിറയുന്ന തിരുവിതാംകൂറിന്റെ മണ്ണിലാണ് കർണാടക സംഗീതത്തിന്റെ പുനർജനി സംഭവിക്കുന്നത് എന്നത് സ്വാഭാവികം മാത്രമാണ്.

ഒരു കർണാടക സംഗീത കച്ചേരിയുടെ ചിട്ടവട്ടങ്ങളൊക്കെയും പാലിച്ച് രചിക്കപ്പെട്ടവയാണെങ്കിലും പരമ്പരാഗത രീതിയിൽ നിന്നും വ്യത്യസ്‌തമായ കൃതികൾ സംഗീത പാലാഴി കടഞ്ഞെടുത്ത അമൃതുപോൽ മനോഹരങ്ങളാണ്. കർണാടക സംഗീത കച്ചേരികൾക്ക് എപ്പോഴും രാഗ വൈവിദ്ധ്യം വേണം, താളവും വ്യത്യസ്‌തമായിരിക്കണം. താളങ്ങൾ പോലും പല വേഗങ്ങളിൽ ചിട്ടപ്പെടുത്തണം എന്നാലെ കച്ചേരി കൊഴുക്കുകയുള്ളൂ. പ്രഭാവർമ താളവും രാഗവും വേഗവും കണക്കാക്കിയാണ് കർണാടക സംഗീത കൃതികൾ എഴുതിയിരിക്കുന്നത്.

കൃതികളിലെ ഈ താളക്കൊഴുപ്പും മേളക്കൊഴുപ്പുമാണ് കച്ചേരികളെ അതീവ ആസ്വാദ്യകരമാക്കുന്നത്. കർണാടക സംഗീത കൃതികളിൽ രാഗഭാവം സംഗീതാത്മകത എന്നിവ ലയിച്ചു ചേർന്നിരിക്കണം. ഈ ഗുണങ്ങളൊക്കെ പ്രഭാവർമയുടെ കൃതികളിൽ ആവോളമുണ്ട്, എന്നു മാത്രമല്ല അവയിൽ സാഹിത്യ ഭംഗി നിറഞ്ഞു തുളുമ്പുന്നുമുണ്ട്.

അതിനാൽ കവിതയുടെ മധുരവും വരികളുടെ ഭാവവും ചോർന്നു പോകാതെ വേണം വർമയുടെ വരികൾക്ക് സംഗീതം പകരാൻ. അതു സംഗീതാദ്ധ്യാപിക കൂടിയായ ഡോ.കെ.ആർ ശ്യാമയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. 'നീലാഭ പ്രഭ നീ നീരാഴിയിൽ വീണാ യോ നിൻ നീലിമയാൽ കടലലനീലിച്ചായോ' തുടങ്ങിയ വരികളിൽ നിന്ന് പ്രഭാവർമയുടെ കവിത്വം കർണാടക സംഗീത കീർത്തനങ്ങളിലും നിറഞ്ഞുതുളുമ്പുന്നുവെന്നു കാട്ടിത്തരുന്നു. നാട്ടുകുറിഞ്ഞി രാഗത്തിൽ 'പാവനം പരിപാവനം' എന്നു തുടങ്ങുന്ന ഹനുമാനെക്കുറിച്ചുള്ള കൃതി മിശ്ര ചാപ താളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
അങ്ങനെ ഇമ്പമുള്ള എട്ടു മനോഹര കൃതികൾ ഉൾപ്പെട്ടതാണ് കച്ചേരി. സംഗീത ലോകത്തെ രണ്ട് ധ്രുവങ്ങളായി കണക്കാക്കപ്പെടുന്ന സിനിമാ പാട്ടിനും കർണാടക സംഗീതത്തിനും ഉള്ളവരികൾ വർമ രചിക്കുമ്പോൾ അവയിലൊക്കെ കവിതയുടെ മനോഹാരിതയും കടന്നു കൂടുന്നു. സിനിമാഗാനരചനക്ക് ദേശീയ അവാർഡ് നേടിയും ഇംഗ്ലീഷ് നോവൽ രചിച്ചും കഴിവു തെളിയിച്ച വർമ തികച്ചും വ്യത്യസ്‌തമായ കർണാടക സംഗീതമെന്ന മറ്റൊരു ഭൂമികയിലും അദ്ദേഹത്തിന്റെ ക്രിയാത്മകത തെളിയിച്ചു തുടങ്ങിയിരിക്കുന്നു.

കാണാൻ പോണ പൂരം വെറുതെ പറഞ്ഞറിയിക്കുന്നതെന്തിനാണ്? ഡിസംബർ 30ാം തീയതി വൈകിട്ട് 5ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വച്ചു നടക്കുന്ന കർണാടക സംഗീത കച്ചേരി ആസ്വദിക്കാനെത്തുക.