temple

ചെന്നൈ: ക്ഷേത്രങ്ങളിൽ ഇനി മുതൽ ഉപയോഗിക്കേണ്ട നെയ്യ് എതെന്ന നിർദേശവുമായി ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റബിൾ എൻഡോവ്‌മെന്റ്‌സ് ഡിപ്പാർട്ട്‌മെന്റ് രംഗത്ത്. പ്രധാനമായും തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിലാകും തീരുമാനം പ്രാബല്യത്തിൽ വരിക. തമിഴ്‌നാട് കോപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷന്റെ ബ്രാൻഡ് ഉൽപ്പന്നമായ ആവിൻ നെയ്യ് ആണ് ഇനി ക്ഷേത്രങ്ങളിൽ ഉപയോഗിക്കേണ്ടതെന്നാണ് നിർദേശം.

നിവേദ്യം, പ്രസാദം, വിളക്കുകൾ തുടങ്ങി ക്ഷേത്രത്തിൽ നെയ്യ് ആവശ്യമായിട്ടുള്ള എല്ലായിടത്തും ആവിൻ ബ്രാൻഡ് മാത്രമേ ഉപയോഗിക്കാവൂ എന്ന് കമ്മിഷണർ (ടെമ്പിൾ ജോയിന്റ് കമ്മിഷണേഴ്‌സ് ആന്റ് എക്‌സിക്യൂട്ടീവ് ഓഫീസേഴ്‌സ്) ജെ. കുമാരഗുരുബരൻ വ്യക്തമാക്കി. മുഖ്യമന്ത്രി എം.കെ സ്‌റ്റാലിന്റെ പൂർണപിന്തുണ ഇക്കാര്യത്തിൽ ഉണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

ക്ഷേത്രങ്ങളിൽ തയ്യാറാക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും, നിലവാരം കുറഞ്ഞ നെയ്യ് ഉപയോഗിച്ച് വിളക്ക് കത്തിക്കുമ്പോൾ ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണം ഒഴിവാക്കുന്നതിനുമാണ് പുതിയ തീരുമാനമെന്ന് കുമാരഗുരുബരൻ പറഞ്ഞു. ജനുവരി ഒന്ന് മുതൽ നിർദേശം പ്രാബല്യത്തിൽ വരും.