kerala-police

കോതമംഗലം: അന്യസംസ്ഥാന തൊഴിലാളിയുടെ ഇടിയേറ്റ് ഓട്ടോ ഡ്രൈവറുടെ മൂക്കിന്റെ പാലം തകർന്നു. കോതമംഗലം വാരപ്പെട്ടി മൈലൂരിലാണ് സംഭവം നടന്നത്. മുളവൂർ കാരിക്കുഴി അലിയാർ(55)ക്കാണ് മർദനമേറ്റത്.

തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് മൈലൂരിലെ മണിമുത്തുവെന്ന കശാപ്പ് കടയിലേയ്ക്ക് ആടുമായി അലിയാർ ഗുഡ്സ് ഓട്ടോയിൽ എത്തിയത്. ഇതേസമയം മറ്റൊരു കശാപ്പുകടയിലെ സഹായിയായ അന്യസംസ്ഥാന തൊഴിലാളി എത്തുകയും അലിയാരുമായി വാക്കുതർക്കം ഉണ്ടാവുകയുമായിരുന്നു. തുടർന്ന് തർക്കം രൂക്ഷമായതോടെ അലിയാരുടെ മൂക്കിൽ ഇടിക്കുകയായിരുന്നു.

മൂക്കിൽ നിന്നും രക്തസ്രാവം ഉണ്ടായ അലിയാരെ ഉടൻ തന്നെ അടിവാരത്തുള്ള സ്വകാര്യ ഡിസ്പെന്സറിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. എല്ലിന് പൊട്ടലുള്ളതിനാൽ കോതമംഗലത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഘർഷസാദ്ധ്യത പരിഗണിച്ച് സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു. സംഭവത്തിൽ കോതമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.