
ആലപ്പുഴ: ആർഎസ്എസ് നേതാവ് രൺജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ. ഇവരിൽ രണ്ടു പേർക്ക് കൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് അറിയുന്നത്. ആലപ്പുഴ സ്വദേശികളായ അനൂപ്, അഷ്‌റഫ് എന്നിവരാണ് അറസ്റ്റിലായത്.
മൂന്നാമത്തെയാളെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല. കൊലപാതകത്തിൽ നേരിട്ട് 12 പേരാണ് പങ്കെടുത്തത്. രൺജിത്ത് വധക്കേസിലെ പ്രതികളെ എല്ലാം തിരിച്ചറിഞ്ഞതായി എഡിജിപി വിജയ് സാഖറെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രതികൾ കേരളം വിട്ടെന്നും ഇവരെ ഉടനടി കണ്ടെത്താൻ സംഘങ്ങളെ നിയോഗിച്ചതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ആലപ്പുഴ സ്വദേശിയും ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയുമായ രൺജിത്ത് ശ്രീനിവാസിനെ അമ്മയുടെയും ഭാര്യയുടെയും മുന്നിൽവച്ചാണ് അക്രമികൾ വെട്ടിക്കൊന്നത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാൻ വെട്ടേറ്റു മരിച്ചതിനു മണിക്കൂറുകൾക്കകമായിരുന്നു രൺജിത്തിന്റെ കൊലപാതകം.