
ജയ്‌പൂർ: ലോക്‌ഡൗൺ സമയത്ത് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകിയെ കാണാൻ മറ്റ് മാർഗമില്ലാതായതോടെ ഇരുപതുകാരൻ തിരഞ്ഞെടുത്തത് വേറിട്ട വഴി. മുംബയ് കാണ്ടിവലി സ്വദേശിയായ ഇരുപതുകാരിയെ കാണാൻ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ബഹവൽപൂർ ജില്ല സ്വദേശിയായ മുഹമ്മദ് അമീർ എന്ന ഇരുപതുകാരൻ നടന്നത് 1300 കിലോമീറ്റർ. ഒടുവിൽ രാജസ്ഥാൻ അതിർത്തിയിൽ വച്ച് ഇയാൾ പൊലീസിന്റെ പിടിയിലായി. കാമുകിയെ കാണാനാണ് ഇത്തരമൊരു സാഹസത്തിന് മുതിർന്നതെന്ന ഇയാളുടെ വാദം രാജസ്ഥാൻ പൊലീസ് സ്ഥിരീകരിച്ചു.
മുംബയ് സ്വദേശിനിയെ വിവാഹം കഴിക്കാൻ തീരുമാനിച്ച അമീർ ഇന്ത്യൻ വിസയ്ക്ക് അപേക്ഷിച്ചിരുന്നു. എന്നാൽ വിസ നിരസിക്കപ്പെട്ടു. ഇതോടെയാണ് കാമുകിയെ കാണാൻ അതിർത്തി കടക്കാൻ ഇയാൾ തീരുമാനിച്ചത്. എങ്ങനെ മുംബയിൽ എത്തുമെന്ന് നിശ്ചയമില്ലാതിരുന്നതുകൊണ്ട് നടക്കുകയായിരുന്നെന്നും ഇയാൾ പൊലീസിനോട് വെളിപ്പെടുത്തി. പ്രത്യേക അന്വേഷണ സംഘം മുംബയിലെത്തി പെൺകുട്ടിയെ കണ്ടെത്തുകയും അമീറിന്റെ അവകാശവാദം സ്ഥിരീകരിക്കുകയുമായിരുന്നു.
സ്കൂൾ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച അമീർ ഒരു ദരിദ്രകുടുംബാംഗമാണ്. ഡിസംബർ മൂന്നിന് രാത്രി മാതാപിതാക്കളറിയാതെയാണ് ഇയാൾ ഗ്രാമം വിട്ടത്. നിയമലംഘനത്തിനും മറ്റ് കുറ്റങ്ങൾക്കുമെതിരെ ഇയാൾക്കെതിരെ കേസെടുത്തു.