
ക്രിസ്മസ് നക്ഷത്രങ്ങളുടെ ശോഭയിലായിരുന്നു ആ നാട്ടിൻപുറം. റബർ മരങ്ങൾക്കിടയിലൂടെ പോകുന്നപാത. വാഹനങ്ങൾ വല്ലപ്പോഴും കടന്നുപോകുമ്പോൾ പിന്നാലെ കരിയിലകൾ ചിറകനക്കും. രാവിലെ മലകൾക്കപ്പുറത്തുള്ള വെള്ളച്ചാട്ടം കാണാൻ പോകുമ്പോൾ വീട്ടിൽ കയറിയിട്ടുപോകാമെന്ന് ആൽബി പറഞ്ഞെങ്കിലും നഗരത്തിൽ നിന്നെത്തിയ സംഘം അതു വൈകിട്ടാക്കാമെന്ന് ഉറപ്പിച്ചു. പഴയഗാനങ്ങളും ജീവിതചിന്തകളും നർമ്മവും കൊണ്ട് ആ സുഹൃദ്സംഘം പകലിനെ സുന്ദരമാക്കി. നയാഗ്രയെക്കാൾ സുന്ദരമാണ് മലമുകളിൽ നിന്നുപതിക്കുന്ന അരുവിയെന്ന് സംഘാംഗങ്ങൾ വാഴ്ത്തി.
അന്തിവെട്ടം റബർ മരങ്ങളിൽ ചുവപ്പുപട്ടങ്ങൾ പോലെ കുരുങ്ങിക്കിടക്കുന്ന സമയത്താണ് സുഹൃത്തുക്കൾ ആൽബിയുടെ വീട്ടിന് മുന്നിൽ മടങ്ങിയെത്തിയത്. വെളുത്ത് ഒരു ക്രിസ്മസ് നക്ഷത്രം വീട്ടുമുറ്റത്ത് പുഞ്ചിരിക്കുന്നുണ്ടായിരുന്നു. യാത്ര സ്വാദിഷ്ടമാക്കിയതിൽ ആൽബിയുടെ പ്രത്യേക ഭക്ഷണങ്ങളുമുണ്ടായിരുന്നു. സമ്പന്നമാണ് ആൽബിയുടെ കുടുംബക്കാർ. രണ്ടുനില വീടാണ് പൊലീസ് ഉദ്യോഗസ്ഥനായ ആൽബിയുടേത്. നാട്ടിലെ എല്ലാവിഭാഗക്കാരുമായി സ്നേഹവും സൗഹൃദവും പങ്കിടുന്ന കുടുംബക്കാർ. അതുകൊണ്ടുതന്നെ ഓണവും ദീപാവലിയും ക്രിസ്മസും റംസാനുമൊക്കെ ആനാട്ടിൻപുറത്തിന്റെ പൊതുവായ ആഘോഷങ്ങൾ. നാലഞ്ച് മുസ്ലീം കുടുംബങ്ങളേ ആ ഭാഗത്തുള്ളൂ. എങ്കിലും റംസാനും ബക്രീദുമൊക്കെ എല്ലാവരും ആഘോഷിക്കും.
രണ്ടാം നിലയിലേക്കുള്ള തടിയിലുള്ള ഗോവണി അതിസുന്ദരം. ഏതോ കൊട്ടാരത്തിന്റെ ശില്പഭംഗി അതിൽ പകർത്തിവച്ചപോലെ. ഇത്തരം പണി അധികം കണ്ടിട്ടില്ലെന്ന് സുഹൃത്തുക്കളിൽ ചിലർ.രണ്ടാം നിലയുടെ ബാൽക്കണിയിൽ നിന്നാൽ റബർ മരങ്ങളുടെ സല്ലാപമധുരം കേൾക്കാം. നിലാവ് ചാറുന്നതുകാണാം.
താഴേക്കിറങ്ങുമ്പോൾ ഗോവണിയുടെ ഏതാണ്ട് മദ്ധ്യഭാഗത്ത് തൂക്കിയിട്ട ഒരു ഷർട്ട് എല്ലാവരും ശ്രദ്ധിച്ചു. മുഷിഞ്ഞൊരു ഷർട്ട്. അതിൽ മുഷിഞ്ഞ ചില നോട്ടുകൾ ചില്ലറത്തുട്ടുകൾ. പഴയകടലാസ്, പഴയൊരുപേന. അച്ഛന്റെ ഷർട്ടാണത്... ആൽബിയുടെ ശബ്ദം ഗദ്ഗദം പോലെ. ഈ ഷർട്ട് ഇട്ടായിരുന്നു ഇരുപത് വർഷം മുമ്പ് അച്ഛൻ നഗരത്തിൽ പോയത്. യാത്രയ്ക്കിടയിൽ ഒരു നെഞ്ചുവേദന. പിന്നെ മെഡിക്കൽകോളേജ് ആശുപത്രി. രണ്ടുനാൾ എല്ലാവരും കാത്തു. കുരിശുവരച്ച ആംബുലൻസിലാണ് അച്ഛൻ മടങ്ങിയത്. ഈ ഷർട്ട് കാണുമ്പോൾ അച്ഛൻ കൂടെയുള്ളതുപോലെ. ആ പേനയും പഴയനോട്ടുകളും ചില്ലറയും വലിയൊരു സമ്പാദ്യമല്ലേ? വയസാകുന്ന രക്ഷിതാക്കളും തറവാടുകളും അധികപ്പറ്റും ബാദ്ധ്യതയുമാകുന്ന  ഇക്കാലത്ത് ആൽബിയുടെ പിതൃസ്മാരകം വ്യത്യസ്തം തന്നെ. ഒന്നുരണ്ടു സുഹൃത്തുക്കൾ സ്നേഹപൂർവം ആൽബിയെ തലോടി. എല്ലാം കണ്ടുകണ്ട് ആൽബിയുടെ ഭാര്യ അഭിമാനത്തോടെ പുഞ്ചിരിച്ചു നിൽക്കുന്നുണ്ടായിരുന്നു.
സ്വന്തം രക്ഷിതാക്കളോടുള്ള സ്നേഹത്തെ താരതമ്യം ചെയ്തിട്ടാകാം പലരും ഗോവണി മദ്ധ്യത്തെ ആ ഷർട്ടിൽ വീണ്ടും വീണ്ടും നോക്കി. അപ്പോൾ വെളുത്ത ക്രിസ്മസ് നക്ഷത്രത്തിന്റെ ചിരിയും നിലാവിന്റെ പുഞ്ചിരിയും മുറ്റത്ത് പരന്നിരുന്നു.
(ഫോൺ: 9946108220)