
ഡോ. ടി. സുരേഷ്കുമാർ ചികിത്സാനർമ്മകഥകൾ പലപ്പോഴായി പലതിലും എഴുതിയപ്പോൾ അവയ്ക്ക് ഒരു ഔട്ട് പേഷ്യന്റ് സ്വഭാവമായിരുന്നു. എന്നാൽ ഒരു ഫലിത ലേഖാസമാഹാരമായി 'നർമ വിഭാഗം ഒ.പി"എന്ന പേരിൽ പ്രസിദ്ധീകരിച്ചപ്പോൾ വായനക്കാരെ അൻപത് കഥയുള്ള പുസ്തകത്തിൽ ഇൻപേഷ്യന്റ് അവസ്ഥയിൽ ചിരി ചികിത്സക്ക് അഡ്മിറ്റ് ചെയ്തിരിക്കുന്ന പ്രതീതി ആണ് ഉളവായിരിക്കുന്നത്. മനസ് വിമ്മുകയും വിങ്ങുകയും ചെയ്യരുത് എന്ന സിദ്ധാന്തത്തിന്റെ ജന്മസിദ്ധ ഉടയോൻ ആണ് ഗ്രന്ഥകാരൻ. സുരേഷ് നർമ്മസമിതിയിൽ നർമം പറഞ്ഞ് അതിന്റെ മർമ്മം ദ്യോതിപ്പിക്കാൻ വിരുത് കാട്ടിയിട്ടുള്ള ആളാണ്. പക്ഷേ നർമ്മ സംഭാഷണ പ്രയോഗത്തിന്റെ ശ്രവ്യ ദൃശ്യഭാവങ്ങൾ വരഭാഷയിൽ (എഴുത്തു ഭാഷയിൽ) തളയ്ക്കപ്പെട്ടു പോവാറുണ്ട്. ആ പ്രയാസങ്ങളെ നിർവീര്യമാക്കാനുള്ള ഭാഷയും സമകാലിക നാടൻ പ്രയോഗങ്ങളും ഈ പുസ്തക രചനയിൽ അദ്ദേഹം നിവേശിപ്പിച്ചിട്ടുണ്ട്. കൂടാതെ കാരിക്കേച്ചറുകളും കാർട്ടൂണുകളും മേമ്പൊടിയായി ചേർത്തിട്ടുമുണ്ട്.
അംഗീകാരമുള്ള ഒരു ശിശു രോഗവിദഗ്ദ്ധനിലേക്കുള്ള ജീവിതയാത്രയിൽ അദ്ദേഹത്തിന്റെ നിരീക്ഷണ നേത്രങ്ങൾ എന്തെല്ലാം ഒപ്പിയെടുത്തിരിക്കുന്നു, ഏതെല്ലാം അനുഭവങ്ങളാൽ സ്വയം പരിലാളിതനായിരിക്കുന്നു! അത് നമുക്ക് പറഞ്ഞ് തരാൻ ഒരു കുറ്റമറ്റ വരമൊഴി ശൈലി അദ്ദേഹം സ്വായത്തമാക്കിയിരിക്കുന്നു. കുഞ്ചൻ നമ്പ്യാരുടെ ഫലിത സങ്കല്പനങ്ങൾക്ക് ചേർന്ന കറ തീർന്ന ഭാഷ അദ്ദേഹം വരുതിയിൽ ആക്കിയിരിക്കുന്നു.
പ്രകൃതിചികിത്സാ കേന്ദ്രത്തിലെ പ്രവൃത്തി പരിചയം നേടിക്കൊണ്ട് അലോപ്പതി ചികിത്സാലയത്തിൽ എത്തിപ്പെട്ട സരോജിനി സിസ്റ്ററുടെ കഥയാണ് 'എനിമ ചരിത്രത്തിലെ സുവർണ ഏട്." സിസ്റ്റർക്ക് നെഴ്സിംഗ് ഡിപ്ലോമ ഉണ്ട്. പ്രകൃതിചികിത്സയിൽ ധാരാളം പ്രയോഗിക്കപ്പെടുന്ന 'എനിമ" സിസ്റ്ററുടെ ഇഷ്ടപ്രയോഗമത്രെ. ഡോക്ടർമാർക്ക് പോലും എനിമ കൊടുക്കും. ഉറക്കത്തിലും കൊടുക്കും. കഥാപുരുഷനായ ഡോക്ടറോട് അവർ പറഞ്ഞു, ''ഡോക്ടറേ, നിങ്ങളൊക്കെ ഇപ്പൊ പഠിച്ച് പാസായതല്ലേ ഉള്ളൂ? നിങ്ങളെക്കാൾ മുമ്പേ പഠിച്ചിറങ്ങിയ ഡോക്ടർമാർക്ക് സ്ഥിരമായി ഞാൻ എനിമ കൊടുത്തിട്ടുണ്ട് ... ഒരെണ്ണം ഡോക്ടർക്കും തരാം."" ഇത് കേട്ട് പ്രാണനും കൊണ്ട് പായുന്നു ഡോക്ടർ!
ഇങ്ങനെ ഒന്ന് മുതൽ അമ്പത് വരെയുള്ള കഥകളിലേക്ക് ഉത്തരോത്തരം താത്പര്യപൂർവം വായിച്ചു മുന്നേറുമ്പോൾ, കഥകൾക്കിടയിൽ തെളിഞ്ഞു വരുന്നത് ഗ്രന്ഥകാരന്റെ ജീവിത സങ്കല്പ സമീപനങ്ങൾ ആണ്. ഡോക്ടർ എന്ന പ്രൊഫഷണലിന്റെ സാധാരണ മാനുഷിക ദൗർബല്യങ്ങളിലൂടെയും സുരേഷിന്റെ തൂലിക സ്വയം വിമർശനപരമായി സഞ്ചരിക്കുന്നതും കാണാം. ഏതൊരു മനുഷ്യവിഭാഗത്തെയും പോലെ ഡോക്ടർമാർ അനുഭവിക്കുന്ന നൊമ്പരങ്ങളുടെ നീറ്റൽ ഈ കൃതിയുടെ വരികൾക്കിടയിൽ നമുക്ക് കാണുവാൻ കഴിയും. സാധാരണ ജനങ്ങൾ വച്ചു പുലർത്തുന്ന അറിവുകേടും മര്യാദകേടും കലാപ മനസും ഡോ.സുരേഷിന്റെ വിമർശ പരാമർശങ്ങൾക്ക് ശരവ്യമാകുന്നു.
നമ്പ്യാരുടെ നിലപാട് ജീവിത ശുദ്ധീകരണ ലക്ഷ്യം ഉള്ളതാണ്. അതിന് സമാനമായ ദർശനമാണ് ഈ രചനയിലും തുളുമ്പി നിൽക്കുന്നത്. നമ്മുടെ നിത്യജീവിതത്തെ മിനുസപ്പെടുത്തുമെന്നും ശുദ്ധീകരിക്കുമെന്നും, ചിരികളുടെ അലകൾ ഉയർത്തും പാകത്തിൽ നമ്മെ രസിപ്പിച്ച് മനസുകളെ സമ്മർദ്ദ വിഹീനമാക്കുമെന്നും പ്രത്യാശിക്കാം. സുജിലി പബ്ളിക്കേഷൻസാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.