
ന്യൂഡൽഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുൻ ക്രിക്കറ്റ് താരം ദിനേഷ് മോംഗിയ ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ നടന്ന ചടങ്ങിൽ പാർട്ടിയിലെ മുതിർന്ന നേതാക്കളും പങ്കെടുത്തിരുന്നു.
1977 ഏപ്രിൽ 17 ന് ചണ്ഡീഗഡിൽ ജനിച്ച മോംഗിയ ഇടംകൈയൻ ബാറ്റ്‌സ്മാനും സ്ലോ ലെഫ്റ്റ് ആം ഓർത്തഡോക്സ് ബൗളറുമായിരുന്നു. 1995-96ൽ പഞ്ചാബ് ക്രിക്കറ്റ് ടീമിന് വേണ്ടിയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. ഇന്ത്യക്കായി 57 ഏകദിനങ്ങളും ഒരു ടി20 മത്സരവും മോംഗിയ കളിച്ചിട്ടുണ്ട്.
“ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്ന് പഞ്ചാബിലെ ജനങ്ങളെ സേവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്ന്, രാജ്യത്തിന്റെ വികസനത്തിന് ബിജെപിയെക്കാൾ മികച്ച രീതിയിൽ പ്രവർത്തിക്കാൻ മറ്റൊരു പാർട്ടിയുമില്ല.'' ബിജെപിയിൽ ചേർന്ന ശേഷം മോംഗിയ പറഞ്ഞു.
വരുന്ന തിരഞ്ഞെടുപ്പ് നിർണായകമായതിനാൽ നിരവധി പ്രമുഖർ പാർട്ടിയിൽ ചേർന്നു എന്ന് കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പറഞ്ഞു. പഞ്ചാബിൽ ബിജെപിയുടെ ശക്തിയാണ് ഇതിൽ നിന്നും മനസിലാകുന്നത്, പ്രതിപക്ഷ പാർട്ടികളെല്ലാം ഇതിന്റെ പേരിൽ അങ്കലാപ്പിലാണെന്നും ക്യാപ്റ്റൻ അമരീന്ദർ സിംഗും സുഖ്‌ദേവ് സിംഗ് ദിൻഡ്‌സയും തങ്ങളുമായി സഖ്യം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഷെഖാവത്ത് പറഞ്ഞു. ബിജെപി പുറത്തുവിട്ട പട്ടിക പ്രകാരം എട്ടുപേരാണ് ഇന്ന് പാർട്ടിയിൽ ചേർന്നത്.