crypto

ന്യൂഡൽഹി: ക്രിപ്റ്റോകറൻസിയെ ഇന്ത്യയിൽ പൂർണമായും നിരോധിക്കണമെന്ന് റിസർവ് ബാങ്ക്. ക്രിപ്റ്റോകറൻസി ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥിതിക്ക് കടുത്ത ഭീഷണിയാണ് ഉയർത്തുന്നതെന്നും ഭാഗികമായ നിയന്ത്രണങ്ങൾ കൊണ്ട് നേരിടാൻ സാധിക്കാത്തതിനാൽ സമ്പൂർണ നിരോധനമാണ് ഇക്കാര്യത്തിൽ വേണ്ടതെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി. ആർ ബി ഐ ബോർഡിന് മുന്നിലാണ് ഈ നിർദ്ദേശം വച്ചിട്ടുള്ളത്.

അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടിനെ പരസ്യമായി തള്ളിക്കളയുന്നതാണ് ആർ ബി ഐയുടെ നി‌ർദ്ദേശം. ക്രിപ്റ്റോകറൻസി പോലുള്ള ആധുനിക ടെക്നോളജികളെ കണ്ണടച്ച് തള്ളിക്കളയാതെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിന് അവയ്ക്ക് എന്ത് ചെയ്യാൻ സാധിക്കുമെന്നാണ് നോക്കേണ്ടതെന്ന് രണ്ടാഴ്ച മുമ്പ് പ്രധാനമന്ത്രി പറഞ്ഞിരുന്നു. എന്നാൽ പ്രധാനമന്ത്രിയുടെ ഈ നി‌ർദ്ദേശത്തെ അവഗണിക്കുന്നതാണ് ആർ ബി ഐയുടെ നിലപാട്.

ക്രിപ്റ്റോകറൻസിയോടുള്ള ആർ ബി ഐയുടെ എതിർപ്പ് പുതിയതല്ല. 2018ൽ ക്രിപ്റ്റോ കറൻസി വഴിയുള്ള എല്ലാ ഇടപാടുകളും നിർത്തലാക്കണമെന്ന് ആർ ബി ഐ ഇന്ത്യയിലെ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതുവഴി ക്രിപ്റ്റോ കറൻസി ഇന്ത്യയിൽ നിരോധിച്ച അവസ്ഥയിലാണെങ്കിലും നിയമം വഴി നിരോധനം നടപ്പാക്കിയിട്ടില്ല. ലോകത്തിലെ ആദ്യ ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിൻ നിലവിൽ വരുന്നത് 2017ലാണ്. എന്നാൽ അതിനും നാല് വർഷം മുമ്പ് 2013ൽ തന്നെ ആർ‌ ബി ഐ ക്രിപ്റ്റോകറൻസികൾക്കെതിരെയുള്ള തങ്ങളുടെ നിലപാട് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ക്രിപ്റ്റോകറൻസികൾ ഉയർത്തുന്ന സാമ്പത്തികപരവും നിയമപരവും സുരക്ഷാപരവുമായ വെല്ലുവിളികളെ കുറിച്ച് ഇന്ത്യക്കാരെ ബോധവാന്മാരാക്കുന്നതിന് വേണ്ടി അന്ന് തന്നെ ആർ ബി ഐ വിശദമായ ഒരു പത്രകുറിപ്പും ഇറക്കിയിരുന്നു. എട്ട് വർഷത്തിന് ശേഷവും ക്രിപ്റ്റോകറൻസികളെ കുറിച്ചുള്ള തങ്ങളുടെ നിലപാടിൽ ഒരു മാറ്റവുമില്ലെന്ന് വ്യക്തമാക്കുകയാണ് ആർ ബി ഐ ഇപ്പോൾ.

അനൗദ്യോഗിക വിവരങ്ങൾ അനുസരിച്ച് ഇന്ത്യയിൽ 150 ലക്ഷം മുതൽ 200 ലക്ഷം വരെ ക്രിപ്റ്റോകറൻസി ഉപയോക്താക്കൾ ഉണ്ടെന്നാണ് കണക്ക്. ഏകദേശം 40,000 കോടി രൂപ മൂല്യമുള്ള ആസ്തികളാണ് ഇത്രയും പേരിലായി നിക്ഷിപ്തമായിട്ടുള്ളത്. സർക്കാർ ഇത് സംബന്ധിച്ച് ഒരുതരത്തിലുമുള്ള രേഖകളും നൽകാത്തതിനാൽ കൃത്യമായ കണക്കുകൾ ലഭ്യമല്ല. എങ്കിലും ഇത്രയും ഭീമമായ തുക ഏത് കണക്കിൽപ്പെടുത്തുമെന്നതാണ് റിസർവ് ബാങ്കിന്റെ മുന്നിലുള്ള വെല്ലുവിളി.