kollam-beach

കൊല്ലം: കേരളത്തിലെ തീരങ്ങൾ നേരിടുന്ന മുഖ്യ വെല്ലുവിളികളിൽ ഒന്നാണ് അടിഞ്ഞുകൂടുന്ന മാലിന്യകൂമ്പാരം. ബീച്ചിലെത്തുന്ന സഞ്ചാരികൾ മിക്കപ്പോഴും ഭക്ഷണാവശിഷ്ടങ്ങളും പ്ളാസ്റ്റിക് മാലിന്യങ്ങളും മറ്റും തീരങ്ങളിൽ ഉപേക്ഷിച്ച് മടങ്ങുകയാണ് പതിവ്. ചവറ്റുകുട്ടകൾ വെറും കാഴ്ചയ്ക്കാർ മാത്രമാകുന്നു. ഇതിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. കൊല്ലം ബീച്ചിലെ മാലിന്യ പ്രശ്നം പരിഹരിക്കാൻ ജർമൻ നിർമിത ബീച്ച് ക്ളീനിംഗ് സർഫ് റേക്ക് മിഷൻ എത്തിച്ചിരിക്കുകയാണ്. കൊല്ലം എം എൽ എയായ മുകേഷ് ഇക്കാര്യം തന്റെ ഫേസ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു.

മുപ്പത് ലക്ഷത്തി അൻപതിനായിരം രൂപ മുടക്കിയാണ് ക്ളീനിംഗ് യന്ത്രം വാങ്ങിയിരിക്കുന്നത്. ഇത് ചലിപ്പിക്കാൻ ആവശ്യമായ ട്രാക്ടർ വാങ്ങുന്നതിനായി എട്ടു ലക്ഷത്തി അൻപതിനായിരം രൂപ മുകേഷ് എം എൽ എ തന്റെ ഫണ്ടിൽ നിന്നും അനുവദിച്ചിരുന്നു. മാലിന്യം നിരന്തരം നിക്ഷേപിച്ചതിന്റെ ഫലമായി തീരത്തിലെ മണലിന്റെ നിറം മാറിത്തുടങ്ങിയിരുന്നു. മാലിന്യം വേർതിരിച്ച് ശുദ്ധമായ മണൽ തിരികെ ബീച്ചിലേയ്ക്ക് നിക്ഷേപിക്കാൻ യന്ത്രം സഹായിക്കുന്നു.