salmankhan

ഇക്കഴിഞ്ഞ ഞായറാഴ്ച തന്റെ അൻപത്തിയാറാം പിറന്നാൾ ദിനാഘോഷം
നടക്കുന്നതിനിടെ പൻവേലിലെ ഫാം ഹൗസിൽ വച്ച് നടൻ സൽമാൻ ഖാന്
പാമ്പുകടിയേറ്റിരുന്നു. ഇപ്പോഴിതാ തനിക്ക് പാമ്പ് കടിയേറ്റ സാഹചര്യത്തെ
കുറിച്ചും പിന്നീട് അതിനെ കുറിച്ച് തന്റെ പിതാവ് ചോദിച്ചതിനെ
കുറിച്ചുമൊക്കെ മാധ്യമങ്ങളോട് സംസാരിക്കുകയാണ് സൽമാൻ.
തനിക്ക് എന്തെങ്കിലും പറ്റിയോ എന്നല്ല മറിച്ച് പാമ്പിന് എന്തെങ്കിലും
പറ്റിയോ എന്നായിരുന്നു അച്ഛന് അറിയേണ്ടത് എന്നാണ് ചിരിച്ചുകൊണ്ട്
സൽമാൻ പറഞ്ഞത്.
'പനവേലിലെ ഫാം ഹൗസ് കാടിന്റെ അടുത്താണ് ഉള്ളത്. ഫാം ഹൗസിലെ റൂമിൽ കയറിയ
പാമ്പിനെ കണ്ട് കുട്ടികൾ പേടിച്ചു. നീളമുള്ള വടി കൊണ്ട് വരാൻ ഞാൻ
അവരോട് പറഞ്ഞു. അവർ ഒരു വടി കൊണ്ട് വരുകയും ചെയ്തു. ആ വടി വെച്ച്
പാമ്പിനെ വളരെ സ്‌നേഹത്തോടെ എടുത്ത ഞാൻ അതിനെ കാട്ടിലേക്ക് പറഞ്ഞ്
അയക്കാനായി കൊണ്ട് പോകുകയായിരുന്നു.
എന്നാൽ വഴിക്ക് വെച്ച് പാമ്പ് വടിയിൽ നിന്ന് മാറി മുകളിലേക്ക്
കയറാൻ തുടങ്ങി. അപ്പോഴേക്കും വടി ഉപേക്ഷിച്ച് പാമ്പിനെ ഞാൻ കൈ കൊണ്ട്
എടുത്തു. അപ്പോഴാണ് ആദ്യത്തെ കടി ഏറ്റത്. പിന്നീടും ആളുകൾ ബഹളം വെച്ച്
കൊണ്ടേയിരുന്നു ആ ബഹളത്തിൽ രണ്ടാമത്തെ കടിയും കിട്ടി. ഹോസ്പിറ്റൽ
ഹോസ്പിറ്റൽ എന്ന് ബഹളം വെച്ചപ്പോൾ മൂന്നാമത്തെ കടിയും ഏറ്റു,'
സൽമാൻ പറയുന്നു.