
തിരുവനന്തപുരം : ഒമിക്രോണ്‍ വ്യാപനത്തെ തുടർന്നുള്ള രാത്രി കർഫ്യൂവിന്റെ പശ്ചാത്തലത്തിൽ തിയേറ്ററുകളുടെ പ്രവർത്തനത്തിനും നിയന്ത്രണം ഏർപ്പെടുത്തും. വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെയുള്ള രാത്രികാല നിയന്ത്രണത്തിന്റെ ഭാഗമായി ഈ ദിവസങ്ങളില്‍ തിയേറ്ററുകളില്‍ സെക്കന്‍ഡ് ഷോയ്‌ക്ക് അനുമതിയില്ല. രാത്രിയില്‍ പത്തുമണിക്ക് ശേഷം സെക്കന്‍ഡ് ഷോ നടത്താന്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാണ് ഈ ദിവസങ്ങളിൽ രാത്രികാല നിയന്ത്രണം.
കഴിഞ്ഞദിവസം നടന്ന കൊവിഡ് അവലോകന യോഗമാണ് രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനമെടുത്തത്.ഈ മാസം 30 മുതല്‍ ജനുവരി രണ്ടു വരെയാണ് നിയന്ത്രണം
ഏര്‍പ്പെടുത്തിയിട്ടുള്ളത്. കടകള്‍ 10 മണിയ്ക്ക് അടയ്‌ക്കണം. ആള്‍ക്കൂട്ടവും അനാവശ്യ യാത്രയും അനുവദിക്കില്ല. പൊലീസിന്റെ പരിശോധന കര്‍ശനമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊലീസ് പരിശോധന കര്‍ശനമാക്കും. ആള്‍ക്കൂട്ടം ചേര്‍ന്നുള്ള പുതുവത്സരാഘോഷങ്ങള്‍ തടയുക ലക്ഷ്യമിട്ടാണ് തീരുമാനം. നിയന്ത്രണം നീട്ടണമോ എന്നതില്‍ പിന്നീട് തീരുമാനമെടുക്കും. ഒമിക്രോണ്‍ വ്യാപനം കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. കര്‍ണാടകം അടക്കമുള്ള സംസ്ഥാനങ്ങള്‍ രാത്രി കർഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു.