egypt

3500 വർഷങ്ങൾക്ക് മുൻപ് ഈജിപ്‌റ്റ് ഭരിച്ചിരുന്ന രാജാവിന്റെ മമ്മി ഡിജിറ്റലായി പരിശോധിച്ച് വിലപ്പെട്ട വിവരങ്ങൾ ശേഖരിച്ച് ഗവേഷകർ. ബിസി 1526നും 1506നുമിടയിൽ ഈജിപ്‌റ്റ് ഭരിച്ചിരുന്ന അമെൻഹൊതെപ് ഒന്നാമന്റെ മമ്മിയാണ് ഗവേഷകർ ഡിജിറ്റലായി പരിശോധന നടത്തി വിവരങ്ങൾ കണ്ടെത്തിയത്. ഈ വിവരങ്ങൾ 'ഫ്രൊണ്ടിയേഴ്‌സ് ഇൻ മെഡിസിൻ' എന്ന ഗവേഷണ പ്രസിദ്ധീകരണത്തിൽ പ്രസിദ്ധീകരിച്ചു.

1881 ലാണ് അമെൻഹൊതെപിന്റെ മമ്മി ഗവേഷകർ കണ്ടെത്തുന്നത്. 'ബാൻഡേജും മുഖംമൂടിയുമുപയോഗിച്ച് ഭദ്രമായി സൂക്ഷിച്ചിരിക്കുന്ന ഈ മമ്മി ഡിജിറ്റലായി പകർത്തി അതിന്റെ വെർച്വൽ പാളികൾ പരിശോധിച്ച് വിശദമായി പഠിക്കാനാകും' ഈജിപ്‌ഷ്യൻ മമ്മി പ്രൊജക്‌ടിൽ റേഡിയോളജിസ്‌റ്റും കൈറോ സർവകലാശാലയിലെ പ്രൊഫസറുമായ ഡോ. സഹർ സലീം അറിയിച്ചു.

ഇത്തരത്തിൽ പഠിക്കുന്നതിലൂടെ അക്കാലത്തെ രാജാക്കന്മാരുടെ ജീവിതരീതി മനസിലാക്കാൻ സാധിക്കുമെന്ന് ഗവേഷക‌ർ അഭിപ്രായപ്പെടുന്നു. ഫറവോമാരുടെ കൈകൾ വിലങ്ങനെ വച്ചുള‌ള മമ്മികളിൽ ഏറ്റവും ആദ്യത്തേതാണ് അമെൻഹൊതെപ് ഒന്നാമന്റേത്. ഇദ്ദേഹത്തിന്റെ തലയോട്ടിയിൽ നിന്നും തലച്ചോർ നീക്കം ചെയ്‌തിട്ടില്ലെന്നും കണ്ടെത്തി. 3500 വർഷം പഴക്കമുള‌ളതിനാൽ വളരെ ദുർബലമേറിയതായിരുന്നു രാജാവിന്റെ മമ്മി.അതിനാൽ തന്നെ ഇതുവരെ നേരിട്ട് ഈ മമ്മി എടുത്ത് പരിശോധിക്കാൻ ഗവേഷകർക്ക് കഴിഞ്ഞിരുന്നില്ല.

ത്രിമാന കമ്പ്യൂട്ടറൈസ്‌ഡ് ടോമോഗ്രാഫി(സിടി) സ്‌കാനിംഗ് ഉപയോഗിച്ചാണ് മമ്മിയെ കുറിച്ച് വിശദമായി ഗവേഷകർ പഠിച്ചത്. മരിക്കുമ്പോൾ അമെൻഹൊതെപിന് ഏതാണ്ട് 35 വയസായിരുന്നു പ്രായം. 169 സെന്റീമീ‌റ്റർ( 5 അടി അഞ്ചിഞ്ച്) ഉയരം. സ്വർണ അരക്കെട്ടും 30 കുംഭങ്ങളും ഫറവോയുടെ ചുരുളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ചുരുണ്ട മുടിയും ചെറിയ മൂക്കും ഇടുങ്ങിയ താടിയുമുള‌ളയാളായിരുന്നു രാജാവ്. നീണ്ട 21 വർഷം രാജ്യം ഭരിച്ച രാജാവ് നിരവധി യുദ്ധങ്ങളും നടത്തിയിട്ടുണ്ട്. മമ്മിയെ കുറിച്ചുള‌ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ ലഭിക്കുമെന്ന് തന്നെയാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്.