
മുംബയ്: ഐ സി സി ടൂർണമെന്റുകളിലെ ഇന്ത്യൻ ടീമിന്റെ സമീപകാലത്തെ പ്രകടനം വളരെ നിരാശാജനകമാണ്. കൊഹ്‌ലിയുടെ ക്യാപ്ടൻസിക്കു കീഴിൽ ഇന്ത്യക്ക് ഒരു ഐ സി സി ടൂർണമെന്റ് പോലും വിജയിക്കുവാൻ സാധിച്ചില്ലെന്നത് ഗൗരവകരമായ കാര്യമാണ്. കൊഹ്‌ലിയുടെ ക്യാപ്ടൻസി തെറിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നും ഐ സി സി ടൂർണമെന്റുകളിലെ മോശം പ്രകടനമായിരുന്നു.
കൊഹ‌്‌ലിക്കു പകരം രോഹിത് ശർമ്മ ഏകദിന - ടി ട്വന്റി ടീമുകളുടെ ക്യാപ്ടൻസി ഏറ്റെടുത്തെങ്കിലും ഇന്ത്യക്ക് ഇപ്പോഴും ഒരു വലിയ ദൗർബല്യം ഉണ്ടെന്ന് മുൻ ഇന്ത്യൻ ക്യാപ്ടനും കമന്റേറ്ററുമായ സുനിൽ ഗവാസ്കർ പറഞ്ഞു. 1983ൽ ഇന്ത്യ ആദ്യമായി ലോകകപ്പ് വിജയിച്ച ടീമിലെ അംഗമായിരുന്ന ഗവാസ്കർ അന്നത്തെ തന്റെ അനുഭവങ്ങൾ മുൻനിർത്തിയാണ് ഈ നിരീക്ഷണം നടത്തിയിരിക്കുന്നത്.
ഗവാസ്കറിന്റെ അഭിപ്രായത്തിൽ ഓൾറൗണ്ടർമാരുടെ വിഭാഗത്തിൽ ഇന്ത്യക്ക് നിലവിൽ മികച്ച താരങ്ങളില്ലാത്തതാണ് ടീമിനെ പിന്നിലേക്ക് വലിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്. 1983ലും 2007ലും 2011ലും ഇന്ത്യ ലോകകപ്പ് വിജയിച്ചപ്പോൾ ടീമിന്റെ ശക്തി ഒരേപോലെ ബൗൾ ചെയ്യാനും ബാറ്റ് ചെയ്യാനും കഴിയുന്ന താരങ്ങളായിരുന്നുവെന്ന് ഗവാസ്കർ പറഞ്ഞു. 1983ലെ ഇംഗ്ളണ്ടിലെ കാലാവസ്ഥയിൽ ബൗൾ സ്വിംഗ് ചെയ്യുമ്പോഴും അല്ലാത്തപ്പോഴും വിക്കറ്റ് നേടാൻ സാധിക്കുന്ന താരങ്ങൾ ടീമിലുണ്ടായിരുന്നുവെന്ന് ഗവാസ്കർ കൂട്ടിച്ചേർത്തു. ഓൾറൗണ്ടർമാരുടെ വിഭാഗത്തിൽ കാര്യമായൊന്ന് ശ്രദ്ധിച്ചാൽ 2022ൽ ഓസ്ട്രേലിയയിൽ നടക്കുന്ന ടി ട്വന്റി ലോകകപ്പും 2023ൽ ഇന്ത്യ ആതിഥ്യം വഹിക്കുന്ന ഏകദിന ലോകകപ്പും നിഷ്പ്രയാസം വിജയിക്കുവാൻ സാധിക്കുമെന്നും മുൻ ഇന്ത്യൻ ക്യാപ്ടൻ വ്യക്തമാക്കി.
നിലവിൽ ഹാർദ്ദിക്ക് പാണ്ഡ്യ മാത്രമാണ് ടീമിൽ സ്ഥാനം ഉറപ്പുള്ള ഏക ഓൾറൗണ്ടർ. എന്നാൽ പരിക്കിനെതുടർന്ന് ദീർഘനാളായി ഹാർദ്ദിക്ക് കളത്തിന് പുറത്താണ്. മടങ്ങിവന്നാൽ തന്നെ പഴയ മികവിൽ എത്രത്തോളം കളിക്കാൻ സാധിക്കുമെന്നതും സംശയമാണ്. പിന്നെയുള്ള ഓൾറൗണ്ടർമാരിൽ മുന്നിൽ നിൽക്കുന്നത് ഹാർദ്ദിക്കിന്റെ തന്നെ സഹോദരനായ കൃണാൾ പാണ്ഡ്യ, ശാർദ്ദുൽ താക്കുർ, വെങ്കടേഷ് അയ്യർ എന്നിവരാണ്. എന്നാൽ ടീമിൽ സ്ഥിരമായ സ്ഥാനം കണ്ടെത്താൻ ഇവരിൽ പലർക്കും സാധിക്കാത്തത് ഒരു വലിയ പ്രശ്നമാണ്.