
പ്രണയാനുഭവങ്ങൾ ഏറ്റവുമധികം തീക്ഷ്ണമായി അനുഭവപ്പെടുന്നത് ആർക്കാണ്? പുരുഷനോ അതോ സ്‌ത്രീയ്‌ക്കോ? മന:ശാസ്‌ത്ര വിദഗ്ദ്ധർ ഇക്കാര്യങ്ങൾ പഠനത്തിലൂടെ കണ്ടെത്താൻ ശ്രമം നടത്തി. എംആർഐ സ്‌കാനിംഗിലൂടെ ഇരു ലിംഗങ്ങളിലുളളവരുടെയും മസ്‌തിഷ്‌കത്തിന്റെ പ്രതിപ്രവർത്തനങ്ങൾ പഠിച്ച ശേഷം അവർ കൗതുകകരമായ ചില കണ്ടെത്തലുകളിലാണ് എത്തിച്ചേർന്നത്.
32 പേരെയാണ് ഇത്തരത്തിൽ പഠനങ്ങൾക്കായി തിരഞ്ഞെടുത്തത്. 16 പുരുഷന്മാരും 16 സ്‌ത്രീകളും. ലൈംഗികതയല്ലാത്ത പ്രണയ നിമിഷങ്ങൾ സൂചിപ്പിക്കുന്ന ഒരുകൂട്ടം ചിത്രങ്ങൾ രണ്ട് കൂട്ടരെയും കാണിച്ചു. വൈകുന്നേരങ്ങളിൽ കൈകോർത്ത് നടക്കുന്ന ദമ്പതികളുടെയും സൂപ്പർ മാർക്കറ്റ് ഷോപ്പിലെ ദമ്പതികളെ വരെയും ചിത്രങ്ങൾ ഇത്തരത്തിൽ ഇവരെ കാണിച്ചപ്പോൾ പുരുഷന്റെയും സ്‌ത്രീയുടെയും റൊമാൻസ് സങ്കൽപം വ്യക്തമായി തിരിച്ചറിയാനായി. ഇരുവിഭാഗത്തിലും തലച്ചോറിന്റെ വൈകാരികതയുടെ ഭാഗം പ്രകാശിച്ചെങ്കിലും അതിൽ വ്യത്യാസമുണ്ടായിരുന്നു.
പുരുഷന്മാരിൽ വികാരങ്ങളുണ്ടാകുന്നതിനെക്കാൾ ചിന്തയുടെ ഭാഗങ്ങൾ കൂടുതൽ പ്രകാശിച്ചു. സ്‌ത്രീകളിൽ സഹജമായതുപോലെ വൈകാരികമായ ഭാഗമാണ് പ്രകാശിച്ചത്. വൈകാരികതയുടെ കാര്യത്തിൽ പുരുഷന്റെ മസ്‌തിഷ്‌കത്തെക്കാൾ ഏറെ മുന്നിലാണ് സ്‌ത്രീകളുടെ മസ്‌തിഷ്‌കമെന്ന് ഇതോടെ തെളിഞ്ഞു. പുരുഷൻ വിവാഹവാർഷികമോ പിറന്നാളോ മറന്നുപോകുന്നതും അതിൽ സ്ത്രീകൾക്ക് പിണക്കമുണ്ടാകുന്നതും എല്ലാം ഇതോടെ വൈകാരികത കൂടുതൽ സ്‌ത്രീകൾക്ക് ഉണ്ടാകുന്നതുകൊണ്ടാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. പഠനങ്ങളിൽ തെളിയുന്നത് കുട്ടിക്കാലത്ത് തന്നെ ഏതാണ്ട് എട്ട് വയസുളളപ്പോൾ ഇത്തരത്തിൽ വൈകാരികമായ കാര്യങ്ങൾ ആൺ-പെൺ മസ്‌തിഷ്‌കങ്ങളിൽ വ്യത്യസ്‌തമായി ചിന്തിച്ചുതുടങ്ങും എന്നാണ്.