kk

കൊച്ചി: അന്യസംസ്ഥാന തൊഴിലാളികൾ ക്രിസ്‌മസ് ദിനത്തിൽ പൊലീസിനെ അക്രമിച്ച സംഭവത്തിൽ പത്ത് പേർ കൂടി പിടിയിൽ. സിസിടിവി ദൃശ്യങ്ങളിൽ നിന്നും തൊഴിലാളികൾ മൊബൈലിൽ ഷൂട്ട് ചെയ്ത ദൃശ്യങ്ങളിൽ നിന്നുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇതോടെ കേസിൽ അറസ്റ്റിലായവർ 174 ആയി.

കേസിലെ പ്രതികളെ കണ്ടെത്തുന്നതിനായി തൊഴിലാളികളിൽ നിന്നും പിടിച്ചെടുത്ത മൊബൈലുകളും സിസിടിവിയും പൊലീസ് പരിശോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പത്ത് പേരെ കൂടി പ്രതി ചേർത്തത്.പെരുമ്പാവൂർ എ.എസ്. പി അനൂജ് പലിവാലിന്‍റെ നേതൃത്വത്തില്‍ രണ്ട് ഇന്‍സ്പക്ടര്‍മാരും ഏഴു സബ് ഇന്‍സ്പക്ടര്‍മാരുടമടങ്ങിയ 19 അംഗസംഘമാണ് കേസ് അന്വേഷിക്കുന്നത്.

അതേസമയം അന്യ സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് കൃത്യമായി സന്ദര്‍ശനം നടത്തി പ്രര്‍ത്തനങ്ങള്‍ നിരീക്ഷിക്കണമെന്ന് ഡി.ജി.പി അനില്‍കാന്ത് സോണല്‍ ഐ.ജിമാര്‍, റേഞ്ച് ഡി.ഐ.ജിമാര്‍ ജില്ലാ പോലീസ് മേധാവിമാര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിനായി തൊഴില്‍ വകുപ്പിന്റെ 'ആവാസ്' പദ്ധതി പ്രകാരം ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിക്കാം. പൊലീസ് ആസ്ഥാനത്തും ഓണ്‍ലൈനിലുമായി ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിർദ്ദേശം.