
ലണ്ടൻ : ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്കിടെ കൊവിഡ് കേസുകളിൽ റെക്കാഡ് വർദ്ധനവ് രേഖപ്പെടുത്തി യൂറോപ്യൻ രാജ്യങ്ങൾ. പല രാജ്യങ്ങളിലും ഒമിക്രോൺ സമൂഹ വ്യാപനം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബ്രിട്ടനിൽ കഴിഞ്ഞ ദിവസം 129,471 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ രാജ്യത്ത് മൂന്നര ലക്ഷം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതേ സമയം കൊവിഡ് കുതിച്ചുയരുമ്പോഴും പുതുവർഷത്തിൽ കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തേണ്ടെന്നാണ് സർക്കാർ നീരുമാനം. ന്യൂ ഇയർ വരെ പുതിയ നിയന്ത്രണങ്ങൾ ഉണ്ടാകില്ലെന്നും ആഘോഷങ്ങൾ തുറസായ സ്ഥലങ്ങളിലാക്കാൻ ശ്രദ്ധിക്കണമെന്നും ഹെൽത്ത് സെക്രട്ടറി സാജിദ് ജാവേദ് ജനങ്ങളോട് അഭ്യർഥിച്ചു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും എന്നാൽ നിലവിൽ ലോക്ഡൗൺ ഉൾപ്പെടെയുള്ള കനത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങേണ്ടതില്ലെന്നാണ് സർക്കാരിന്റെ തീരുമാനമെന്നുമാണ് റിപ്പോർട്ട്. അതേ സമയം യു.എസിൽ പ്രതിദിന രോഗികളുടെ എണ്ണം രണ്ട് ലക്ഷമായി. രോഗികളുടെ വർദ്ധനവ് മൂലം വരും ദിവസങ്ങളിൽ രാജ്യത്തെ ആശുപത്രികൾ നിറയാൻ സാദ്ധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ദരുടെ നിഗമനം. അതേ സമയം കാര്യമായ രോഗലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികൾക്കുള്ള ക്വാറന്റൈൻ കാലാവധി കുറച്ചു കൊണ്ടുള്ള പുതിയ ഫെഡറൽ നിർദ്ദേശത്തിനെതിരെ യു.എസ് നഴ്സിംഗ് യൂണിയൻ രംഗത്തെത്തി. ഈ തീരുമാനം രോഗവ്യാപനം കൂട്ടാൻ മാത്രമേ ഉപകരിക്കുകയുള്ളൂവെന്ന് നഴ്സിംഗ് അസോസിയേഷൻ പ്രസിഡന്റ് ജീൻ റോസ് അറിയിച്ചു. അതേ സമയം ഫ്രാൻസിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്ത പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 179,807 ആയി. ഇതോടെ ഫ്രാൻസിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. ജനുവരി മുതൽ ആഴ്ചയിൽ മൂന്നു ദിവസം ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യാം. പൊതുവാഹനങ്ങളിൽ ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യുന്നത് നിരോധിച്ചു.
തുറന്നയിടങ്ങളിൽ 5000 പേരെ പങ്കെടുപ്പിച്ച് പരിപാടികൾ നടത്താം. നിലവിൽ മൂന്നാഴ്ചത്തേക്കാണ് നിയന്ത്രണം. അതേസമയം, പുതുവത്സരാഘോഷത്തോടനുബന്ധിച്ച് കർഫ്യൂ ഏർപ്പെടുത്തില്ലെന്ന് ഫ്രഞ്ച് സർക്കാർ അറിയിച്ചിട്ടുണ്ട്.അതിനിടെ, കൊവിഡ് വാക്സിൻ നാലാം ഡോസ് വിതരണം ഇസ്രായേൽ ആരംഭിച്ചു. ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കാണ് വാക്സിൻ നൽകുന്നത്.
അതേ സമയം ജർമ്മനിയിലെ എല്ലാ സംസ്ഥാനങ്ങളിലും ഒമിക്രോൺ സ്ഥിരീകരിച്ചതായി ഭരണകൂടം അറിയിച്ചു. ഇതിനെ തുടർന്ന് രാജ്യത്തെ വാക്സിനേഷൻ പദ്ധതികൾ കൂടുതൽ വേഗത്തിലാക്കി.