aneesh

തിരുവനന്തപുരം: മകളുടെ ആൺസുഹൃത്തിനെ പിതാവ് കുത്തിക്കൊന്ന സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കേസിലെ പ്രതിയായ ലാലുവിന്റെ മകളും കൊല്ലപ്പെട്ട അനീഷും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. പ്ലസ് വൺ വിദ്യാർത്ഥിനിയായ പെൺകുട്ടിയും, അനീഷും, ഇയാളുടെ മാതാവും പള്ളിയിലെ ഗാനസംഘത്തിലെ അംഗങ്ങളായിരുന്നു.

ലാലുവിന്റെ വീടിന്റെ രണ്ടാമത്തെ നിലയിലെ കുളിമുറിയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഈ വീട്ടിൽ ലാലുവും ഭാര്യയും രണ്ട് മക്കളുമായിരുന്നു താമസിച്ചിരുന്നത്. പ്രവാസിയായ ഇയാൾ അടുത്തിടെയാണ് ഗൾഫിൽ നിന്നെത്തിയത്.

lalu-s-home

പുലർച്ചെ മകളുടെ മുറിക്ക് സമീപത്ത് നിന്ന് ശബ്ദം കേട്ട്, കത്തിയുമായി ചെല്ലുകയായിരുന്നു. മുറിക്കുള്ളിൽ മറ്റാരോ ഉണ്ടെന്ന് സംശയം തോന്നി, വാതിൽ മുട്ടിയെങ്കിലും തുറന്നില്ല. ഒടുവിൽ വാതിൽ തകർത്ത് ലാലു അകത്ത് കയറുകയായിരുന്നു. യുവാവിനെ അവിടെ കണ്ടതോടെ സംഘർഷമുണ്ടാകുകയും, ഇതിനിടയിലാണ് കൊലപാതകമെന്നും പറയപ്പെടുന്നു.

കള്ളനാണെന്ന് കരുതിയാണ് കുത്തിയതെന്ന് ലാലു നേരത്തെ പൊലീസിനോട് പറഞ്ഞത്. ഇയാളുടെ കുടുംബത്തെ പൊലീസ് വീട്ടിൽ നിന്ന് മാറ്റി. വീട് സീൽ ചെയ്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും.


ബഥനി കോളേജിൽ ബികോം ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു അനീഷ്. പിതാവ് ഒരു ഹോട്ടലിലെ സൂപ്പർവൈസറാണ്. ലാലിന്റെ അയൽവാസി കൂടിയായിരുന്നു അനീഷ്.