
നിലമ്പൂർ: ഭൂപരിധി ലംഘിച്ച് ഭൂമി കൈവശം വച്ചുവെന്ന പി.വി അൻവർ എംഎൽഎയ്‌ക്കെതിരായ പരാതിയിൽ എംഎൽഎയ്‌ക്ക് നോട്ടീസ്. താമരശേരി താലൂക്ക് ലാന്റ് ബോർഡ് ചെയർമാനാണ് നോട്ടീസ് നൽകിയത്. നാളെ രാവിലെ 11 മണിക്ക് ഓഫീസിലെത്താനാണ് നോട്ടീസ്. നേരത്തെ പി.വി അൻവറിന്റെ കൈയിലുളള മിച്ചഭൂമി തിരിച്ചുപിടിക്കാനുളള നടപടി ഉടൻ പൂർത്തീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് പിവി അൻവർ എം.എൽ.എയും കുടുംബവും കൈവശം വയ്ക്കുന്ന പരിധിയിൽ കവിഞ്ഞ ഭൂമി തിരിച്ചുപിടിക്കണമെന്ന ആവശ്യത്തിൽ കൂടുതൽ സാവകാശം തേടി താമരശേരി ലാൻഡ് ബോർഡ് ചെയർമാൻ സമര്‍പ്പിച്ച സത്യവാങ്‌മൂലം തള്ളിയാണ് കോടതിയുടെ നിർദ്ദേശം.
ജനുവരി നാലിന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ നടപടിക്രമങ്ങൾ പൂർത്തീകരിച്ചിരിക്കാൻ ജസ്റ്റിസ് രാജ വിജയരാഘവൻ ഇടക്കാല ഉത്തരവിട്ടിരുന്നു. പി.വി. അൻവർ എം.എൽ.എയും കുടുംബവും അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കണമെന്ന ഉത്തരവിൽ എന്ത് നടപടി സ്വീകരിച്ചു എന്നറിയിക്കാൻ സർക്കാരിന് ഹൈക്കോടതി നേരത്തെ നിർദേശം നൽകിയിരുന്നു.
അധികഭൂമി ആറുമാസത്തിനകം തിരിച്ചുപിടിക്കണമെന്ന മാർച്ച് 24ലെ ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം സ്വദേശി കെ.വി ഷാജിയാണ് കോടതിയലക്ഷ്യ ഹർജി നൽകിയത്. ആറുമാസത്തിനകം ഭൂമി തിരിച്ചുപിടിക്കണമെന്ന ഉത്തരവ് നടപ്പാക്കിയില്ലെന്ന് ആരോപിച്ചുളള ഈ കോടതിയലക്ഷ്യ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.
പി.വി. അൻവർ എം.എൽ.എയുടെ അനധികൃത സ്വത്തിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകൻ മലപ്പുറം ചേലമ്പാറ സ്വദേശി കെ.വി. ഷാജിയുടെ പരാതിയിലുംകർണാടകയിൽ മംഗലാപുരത്ത് ക്രഷർ യൂണിറ്റിൽ പങ്കാളിത്തം വാഗ്‌ദാനം ചെയ്‌ത് 50 ലക്ഷം തട്ടിയെടുത്തെന്ന പ്രവാസി വ്യവസായിയായ സലീം നടുത്തൊടി നൽകിയ പരാതിയിലും വിവിധ ഏജൻസികൾ എം.എൽ.എയ്‌ക്കെതിരെ അന്വേഷണം നടത്തുകയാണ്.