
അമേഠി: മൊബൈൽ ഫോണുകൾ മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് യുവാക്കൾ ചേർന്ന് പെൺകുട്ടിയെ വീട്ടിൽ കൊണ്ടുപോയി ക്രൂരമായി മർദിച്ചു. ഉത്തർപ്രദേശ് അമേഠിയിൽ നടന്ന സംഭവത്തിന്റെ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ യുപി പൊലീസ് കേസെടുത്ത് പ്രതികൾക്കായി തിരച്ചിൽ ആരംഭിക്കുകയും ചെയ്തു.
അമേഠിയിലെ റായ്പൂർ ഫുൽവാരി ഗ്രാമത്തിലാണ് സംഭവം നടന്നത്. ഗ്രാമവാസിയായ സൂരജ് സോണിയിൽ നിന്നും രണ്ട് മൊബൈൽ ഫോണുകൾ പെൺകുട്ടി മോഷ്ടിച്ചെന്നാരോപിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു, ദൃശ്യങ്ങളും പകർത്തി. നിലത്തുകിടക്കുന്ന പെൺകുട്ടിയുടെ കാലിലും ശരീരത്തിലും അടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. സൂരജിനെയും സുഹൃത്തിനെയും കൂടാതെ കുറച്ച് സ്ത്രീകളെയും യുവാക്കളെയും ദൃശ്യങ്ങളിൽ കാണാം.
വീഡിയോ ശ്രദ്ധയിൽപെട്ടതോടെ ഉടൻ തന്നെ പെൺകുട്ടിയെയും പിതാവിനെയും വിളിപ്പിക്കുകയും തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.