
പാറ്റ്‌ന: കൊവിഡിന്റെ മൂന്നാം തരംഗം സംസ്ഥാനത്ത് ആരംഭിച്ചുകഴിഞ്ഞതായി ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. കഴിഞ്ഞ 24 മണിക്കൂറിനിടെ 47 പുതിയ കൊവിഡ് കേസുകൾ സംസ്ഥാനത്ത് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പരാമർശം.
രാജ്യത്ത് ഒമിക്രോൺ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണ നടപടികൾ നടപ്പിലാക്കാനുള്ള സാദ്ധ്യത നിതീഷ് കുമാർ തള്ളിയിരുന്നു. ഉത്തർപ്രദേശിൽ രാത്രി കർഫ്യൂ നടപ്പിലാക്കിയതിന് പിന്നാലെ ബീഹാറിലും നടപ്പിലാക്കുമോയെന്ന ചോദ്യത്തിന് ഇപ്പോൾ ഇവിടെ അതിന്റെ ആവശ്യമില്ലെന്നായിരുന്നു നിതീഷ് കുമാറിന്റെ മറുപടി.
അതേസമയം, രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുത്തനെ ഉയരുകയാണ്. 6,358 പേർക്കാണ് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചത്. 293 പേർ മരിച്ചു. നിലവിൽ 75,456 പേർ ചികിത്സയിലുണ്ട്. മുംബയിൽ കൊവിഡ് കേസുകളിൽ 70 ശതമാനവും, ഡൽഹിയിൽ 50 ശതമാനവും വർദ്ധനവുണ്ടായി.
രാജ്യത്ത് ഒമിക്രോൺ കേസുകളിലും വൻ വർദ്ധനവുണ്ടാവുകയാണ്. ഇതുവരെ 653 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 186 പേർ രോഗമുക്തി നേടി.രാജ്യത്ത് ഏറ്റവും കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്ത ഡൽഹിയിൽ ഇന്നലെ മുതൽ രാത്രികാല കർഫ്യൂ നടപ്പിലാക്കി തുടങ്ങി. 142 ഒമിക്രോൺ ബാധിതരാണ് ഡൽഹിയിലുള്ളത്.