vds

തിരുവനന്തപുരം: സിൽവർലൈൻ വിഷയത്തിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ സിപിഎം ശ്രമങ്ങൾ ആരംഭിച്ചിരിക്കെ രൂക്ഷമായ പരിഹാസവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുംബയ്-അഹമ്മദാബാദ് ബുള‌ളറ്റ് ട്രെയിനിനെ ഞങ്ങൾ എതിർക്കും. മഹാരാഷ്‌ട്രയിലെ ലോക്കൽ കമ്മിറ്റി മുതൽ പോളിറ്റ്ബ്യൂറോ വരെ ഇക്കാര്യത്തിൽ ച‌ർച്ചയും പഠനവും നടത്തും. അതേസമയം സംസ്ഥാനത്ത് ചർച്ചയുമില്ല, പഠനവുമില്ല ഫേസ്‌ബുക്ക് കുറിപ്പിലൂടെ വി.ഡി സതീശൻ വിമർശിക്കുന്നു.

ബുള‌ളറ്റ് ട്രെയിൻ വിഷയത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ട്വിറ്റർ പേജിലെ പോസ്‌റ്റുകളുടെ സ്‌ക്രീൻ ഷോട്ടും പ്രതിപക്ഷനേതാവ് പോസ്‌റ്റിനൊപ്പം നൽകിയിട്ടുണ്ട്.

പ്രതിപക്ഷനേതാവിന്റെ പോസ്‌റ്റിന്റെ പൂർണരൂപം ചുവടെ:

മുബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിനെ ഞങ്ങൾ എതിർക്കും. മഹാരാഷ്ട്രയിലെ ലോക്കൽ കമ്മറ്റി (അങ്ങനെ ഒന്ന് ഉണ്ടെങ്കിൽ ) മുതൽ ഇന്ദ്രപ്രസ്ഥത്തിലെ പോളിറ്റ് ബ്യൂറോ വരെ ഇക്കാര്യത്തിൽ ചർച്ചയും പഠനവും ആശയസങ്കലനവും റിപ്പോർട്ടിങ്ങും എല്ലാം കഴിഞ്ഞ് ഐകകണ്‌ഠ്യേന എടുത്ത തീരുമാനമാണ്. പക്ഷെ അതേ പോളിറ്റ് ബ്യൂറോയിലെ അംഗം ഭരിക്കുന്ന സംസ്ഥാനത്തെത്തിയാൽ കാര്യം മാറി. ചർച്ചയില്ല പഠനമില്ല ചോദ്യങ്ങൾക്ക് ഉത്തരമില്ല..


ഞങ്ങൾ സിൽവർ ലൈൻ സ്ഥാപിക്കും പറപ്പിക്കും വിജയപ്പിക്കും. ഞങ്ങൾ മുതലാളിത്തത്തിന് എതിരാണ്. പക്ഷെ ഞങ്ങൾ കുത്തകകളുടെ തോളിൽ കൈയ്യിടും. ഞങ്ങൾ ആഗോളവത്ക്കരണത്തിന് തീർത്തും എതിരാണ്, പക്ഷെ ആഗോള ഭീമൻമാരിൽ നിന്ന് വായ്പ വാങ്ങും. ഞങ്ങൾ ജനങ്ങൾക്ക് ഒപ്പമാണ്, പക്ഷെ പാവങ്ങളെ ഒരു ചാൺ ഭൂമിയിൽ നിന്ന് ആട്ടി പായിക്കും. ഞങ്ങൾ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുമായി നിലകൊള്ളുന്നഎ, ന്നാൽ ഇവിടെ ആരെങ്കിലും വ്യത്യസ്ത അഭിപ്രായം പറഞ്ഞാൽ തീവ്രവാദിയായി ചാപ്പ കുത്തും. ഇതിന്റെ മലയാളം പേരാണോ വൈരുധ്യാത്മക ഭൗതികവാദം?
മുബൈ അഹമ്മദബാദ് ബുള്ളറ്റ് ട്രെയിൻ പാടില്ല. എന്നാൽ തിരുവനന്തപുരം കാസർകോട് അതിവേഗ ട്രെയിൻ നടപ്പാക്കും. എന്തൊരു വിരോധാഭാസമാണിത്. പക്ഷേ അപ്പോഴും നിങ്ങളുടെ പഴയ കാല പ്രസ്താവനകളും ട്വീറ്റുകളും ചരിത്ര സത്യങ്ങളായി നിങ്ങളെ തന്നെ തിരിഞ്ഞ് കൊത്തുമെന്നോർക്കണം...
(മുബൈ അഹമ്മദബാദ് ബുള്ളറ്റ് ട്രെയിനിന് എതിരെ സി.പി.എമ്മിന്റെയും ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ വന്ന ട്വീറ്റുകൾ)