സി.ബി.ഐ അഞ്ചാം ഭാഗം വൻ നാടകീയത നിറഞ്ഞതാകും. പുതുതലമുറയെ  ആകർഷിക്കുന്ന  കുറ്റാന്വേഷണ രീതി സവിശേഷതയാകും

സി.ബി.ഐ 5. പറഞ്ഞ് പറഞ്ഞ് സി.ബി.ഐ സിരീസിലെ അഞ്ചാം ഭാഗത്തിന്റെ പേര് സി.ബി.ഐ 5 എന്ന് ഏറെക്കുറെ തീരുമാനിച്ചുറച്ചതായിരുന്നു. സി.ബി.ഐ 5 എന്ന പേരിനോടാണ് മമ്മൂട്ടിക്കും താത്പര്യം.പക്ഷേ നിർമ്മാതാവായ സ്വർഗചിത്ര അപ്പച്ചന് കുറേക്കൂടി നല്ലൊരു പേരായാൽ കൊള്ളാമെന്ന അഭിപ്രായമാണുള്ളത്.എന്തായാലും ആശയക്കുഴപ്പങ്ങളകന്ന് അഭിപ്രായ സമന്വയം ഉടനുണ്ടാകും.
മമ്മൂട്ടിയുടെ സേതുരാമയ്യരുടെ പുത്തൻ ലുക്കും സിനിമയുടെ പേരും ഉടൻ അറിയാനാകും .
സേതുരാമയ്യരുടെ ഫസ്റ്റ് ലുക്ക് എറണാകുളത്ത് ക്ഷണിക്കപ്പെട്ട അതിഥികളുടെയും മാധ്യമ പ്രവർത്തകരുടെയും സാന്നിധ്യത്തിൽ നടക്കുന്ന ഒരു ചടങ്ങിൽ വച്ച് പ്രകാശിപ്പിക്കാനും ആലോചനയുണ്ടെന്ന് തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി പറഞ്ഞു. സി.ബി.ഐ തീം മ്യൂസിക്കിന്റെ അകമ്പടിയോടെയായിരിക്കും സേതുരാമയ്യരുടെ ഫസ്റ്റ് ലുക്ക് പ്രകാശിപ്പിക്കുക.
പുതിയ തലമുറയിലെ ഏറ്റവും ശ്രദ്ധേയനായ സംഗീത സംവിധായകരിലൊരാളായ ജേക്ക്സ് ബിജോയ് ആണ് സി.ബി.ഐ അഞ്ചാം ഭാഗത്തിന് സംഗീത സംവിധാനം നിർവ്വഹിക്കുക. എന്നാൽ ഒരു സി.ബി.ഐ ഡയറിക്കുറിപ്പ് മുതലുള്ള സി.ബി.ഐ സിരീസിലെ കഴിഞ്ഞ നാല് ചിത്രങ്ങൾക്കും ശ്യാം ഒരുക്കിയ ഐക്കണിക് തീം മ്യൂസിക്കിന് ഇത്തവണയും മാറ്റമുണ്ടാകില്ല. ആരോഗ്യപരമായ കാരണങ്ങളാൽ ശ്യാം വിട്ട് നിൽക്കുന്നതിനാലാണ് സി.ബി.ഐ അഞ്ചാം ഭാഗത്തിന്റെ സംഗീത സംവിധാനം ജേക്ക്സ് ബിജോയിയെ ഏല്പിച്ചത്.
മമ്മൂട്ടി നായകനായ ദ പ്രീസ്റ്റ് ഉൾപ്പെടെ ഒട്ടേറെ ശ്രദ്ധേയ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ച പുതുതലമുറയിലെ ഒന്നാം നിരക്കാരനായ അഖിൽ ജോർജാണ് സി.ബി.ഐ അഞ്ചാം ഭാഗത്തിന്റെ കാമറാമാൻ. കലാസംവിധാനം നിർവഹിക്കുന്നത് സിറിൽ കുരുവിളയാണ്.
എട്ടുവർഷത്തെ കാത്തിരിപ്പ്
എട്ടുവർഷങ്ങൾക്കുമുൻപ് 2013-ൽ ആണ് നിർമ്മാതാവ് സ്വർഗ ചിത്ര അപ്പച്ചൻ സംവിധായകൻ കെ. മധുവിനും തിരക്കഥാകൃത്ത് എസ്.എൻ. സ്വാമിക്കും സി.ബി.ഐ അഞ്ചാം ഭാഗത്തിന്റെ അഡ്വാൻസ് നൽകുന്നത്.കെ. മധുവും എസ്.എൻ. സ്വാമിയും കൂടി സി.ബി.ഐയുടെ അഞ്ചാം ഭാഗത്തിന്റെ ആലോചനയിലാണെന്നറിഞ്ഞ് ``ഞാൻ നിർമ്മിക്കാ''മെന്ന് പറഞ്ഞ് അപ്പച്ചൻ മുന്നോട്ട് വരികയായിരുന്നു. സി.ബി.ഐ സിരീസിലെ ഏറ്റവും വലിയ പണംവാരിപ്പടമായ സേതുരാമയ്യർ സി.ബി.ഐയും ഒടുവിലിറങ്ങിയ നേരറിയാൻ സി.ബി.ഐയും റിലീസ് ചെയ്തത് സ്വർഗചിത്രയായിരുന്നു.അപ്പച്ചന്റെ കൈയിൽ നിന്ന് അഡ്വാൻസ് വാങ്ങുമ്പോഴും അനുയോജ്യമായ ഒരു കഥ കിട്ടുമോ, പ്രോജക്ട് നടക്കുമോ എന്നൊക്കെയുള്ള സംശയങ്ങൾ കെ. മധുവിനും എസ്. എൻ. സ്വാമിക്കുമുണ്ടായിരുന്നു.
മമ്മൂട്ടി ആദ്യം നോ പറഞ്ഞു
സി.ബി.ഐ സിരീസിൽ അഞ്ചാമതൊരു ചിത്രമെന്ന ആശയം ആദ്യം പറഞ്ഞപ്പോൾ മമ്മൂട്ടി അത്ര താത്പര്യം കാണിച്ചില്ലെന്ന് എസ്.എൻ. സ്വാമി പറയുന്നു.'ഇനിയും ആവർത്തിക്കണോ പുതിയതായി എന്തെങ്കിലും ചെയ്യാനുണ്ടാകുമോ""യെന്നൊക്കെയുള്ള സംശയം കാരണമാണ് മമ്മൂട്ടി ആദ്യം നോ പറഞ്ഞത്.പിന്നെയും നിർബന്ധിച്ചപ്പോൾ കഥാവഴിയിലെ ഒാരോ പുരോഗതികളുമറിഞ്ഞപ്പോൾ മമ്മൂട്ടി വീണ്ടും സേതുരാമയ്യരാകാൻ സമ്മതം മൂളി.നാലഞ്ചുവർഷം കൊണ്ടാണ് സി.ബി.ഐ അഞ്ചാം ഭാഗത്തിന്റെ തിരക്കഥ എസ്.എൻ. സ്വാമി പൂർത്തിയാക്കിയത്. പലവട്ടം എഴുതിയും തിരുത്തിയും പൂർത്തിയാക്കിയ തിരക്കഥ.
പുതിയ തലമുറ ഒരു കുറ്റാന്വേഷണ സിനിമയിൽ നിന്ന് പ്രതീക്ഷിക്കുന്നത് സി.ബി.ഐ അഞ്ചാം ഭാഗത്തിലുണ്ടാകുമെന്ന് എസ്.എൻ. സ്വാമി പറയുന്നു. നല്ലൊരു ക്ളൈമാക്സ് കിട്ടിയാൽ മാത്രമേ സി.ബി.ഐ അഞ്ചാം ഭാഗവുമായി മുന്നോട്ട് പോകുവെന്ന് കെ. മധുവും എസ്.എൻ. സ്വാമിയും തീരുമാനിച്ചിരുന്നു. ഒന്നും രണ്ടുമല്ല മൂന്നര വർഷമാണ് പൂർണ തൃപ്തി നൽകുന്ന ഒരു ക്ളൈമാക്സിനായി എസ്.എൻ. സ്വാമി കാത്തിരുന്നത്.
''മറ്റ് പോർഷനുകൾ വർക്ക് ചെയ്യുമ്പോഴും നല്ലൊരു ക്ളൈമാക്സ് കിട്ടിയില്ലെങ്കിൽ ഇൗ പ്രോജക്ട് നിർദ്ദാഷിണ്യം ഉപേക്ഷിക്കാൻ ഞങ്ങൾ തയ്യാറായിരുന്നു."" എസ്.എൻ. സ്വാമിയുടെ വാക്കുകൾ.
ജഗതി ശ്രീകുമാർ അഭിനയിക്കും
ജഗതി ശ്രീകുമാർ സി.ബി.ഐ അഞ്ചാം ഭാഗത്തിൽ അഭിനയിക്കുന്ന വാർത്ത പുറത്തുവിട്ടത് കേരള കൗമുദിയാണ്. സി.ബി.ഐ സിരീസിലെ എല്ലാ ഭാഗങ്ങളിലും അഭിനയിച്ചിട്ടുള്ള ജഗതി അഞ്ചാം ഭാഗത്തിലുണ്ടാകണമെന്ന് ആഗ്രഹിച്ചതും നിർദ്ദേശിച്ചതും മമ്മൂട്ടിയാണ്.
സി.ബി.ഐ സിരീസിലെ എല്ലാ ചിത്രങ്ങളിലും ജഗതി അവതരിപ്പിച്ച വിക്രം എന്ന കഥാപാത്രമായാണ് അഞ്ചാം ഭാഗത്തിലും അദ്ദേഹമെത്തുന്നത്. തിരുവനന്തപുരത്ത് പേയാടുള്ള ജഗതിയുടെ വീട്ടിൽവച്ച് അദ്ദേഹത്തിന്റെ രംഗങ്ങൾ ചിത്രീകരിക്കാൻ തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ആ തീരുമാനം മാറ്റുകയായിരുന്നു. ജഗതിയുടെ രംഗങ്ങൾ എറണാകുളത്തായിരിക്കും ചിത്രീകരിക്കുകയെന്നാണ് പുതിയ വിവരം. ഹൈദരാബാദ് , ഡൽഹി എന്നിവിടങ്ങളിലും സി.ബി.ഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണമുണ്ട്. മുകേഷ്, സായികുമാർ, രൺജി പണിക്കർ, സൗബിൻ ഷാഹിർ, രമേഷ് പിഷാരടി, ദിലീഷ് പോത്തൻ, ജയ് കൃഷ്ണൻ, സന്തോഷ് കീഴാറ്റൂർ, പ്രശാന്ത് അലക്സാണ്ടർ, അസീസ് നെടുമങ്ങാട് , ആശാശരത്, മാളവിക മേനോൻ, അൻസിബ തുടങ്ങിയവരും സി.ബി.ഐ അഞ്ചാം ഭാഗത്തിലണിനിരക്കുന്നുണ്ട്.
ചിത്രീകരണം ഫെബ്രുവരി  പകുതിവരെ
നവംബർ 29ന് ആണ് സി.ബി.ഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. ഫെബ്രുവരി പകുതിയോടെ ചിത്രീകരണം പൂർത്തിയാകും.ഡിസംബർ പതിനൊന്നു മുതലാണ് മമ്മൂട്ടി അഭിനയിച്ച് തുടങ്ങിയത്. വാഴക്കാലയിലെ കുര്യൻസ് വീട്ടിലായിരുന്നു മമ്മൂട്ടിയുടെ ആദ്യ രംഗങ്ങൾ ചിത്രീകരിച്ചത്.ബ്ളാക്ക് ഷർട്ടും കാവിമുണ്ടും നെറ്റിയിൽ സിന്ദൂരക്കുറിയുമണിഞ്ഞ് മമ്മൂട്ടി സേതുരാമയ്യരായി വന്നപ്പോൾ യൂണിറ്റംഗങ്ങൾ ആവേശത്തോടെ കയ്യടിച്ചു. നാടകരംഗത്ത് നിന്ന് സിനിമയിലെത്തിയ കോട്ടയം രമേഷാണ് മമ്മൂട്ടിയോടൊപ്പം അഭിനയിച്ചത്.അയ്യപ്പനും കോശിയിലെ ഡ്രൈവർ വേഷമാണ് കോട്ടയം രമേഷിനെ ശ്രദ്ധേയനാക്കിയത്.
എഡിറ്റിംഗ് - ശ്രീകർ പ്രസാദ്, മേയ്ക്കപ്പ് - പ്രദീപ് രംഗൻ, കോസ്റ്റ്യൂം ഡിസൈൻ - സ്റ്റെഫി സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ബോസ്, അസോസിയേറ്റ് ഡയറക്ടർ - ശിവരാമ കൃഷ്ണൻ, സഹസംവിധാനം - രതീഷ് പാലോട്, സജിത് ലാൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - അനിൽ മാത്യു, രാജു അരോമ, സ്റ്റിൽസ് - സലീഷ് പെരിങ്ങോട്ടുകര.സി.ബി.ഐ സിരീസിലെ എല്ലാ സിനിമകളിലും നിർമ്മാണ നിയന്ത്രണം നിർവഹിച്ച അരോമ മോഹനാണ് സി.ബി.ഐ അഞ്ചാം ഭാഗത്തിന്റെയും പ്രൊഡക്ഷൻ കൺട്രോളർ.
റംസാന് സ്വർഗ്ഗചിത്ര ചിത്രം  തിയേറ്ററുകളിലെത്തിക്കും.