വെള്ളിത്തിരയിൽ  അടയാളപ്പെടുത്തുന്ന  കഥാപാത്രങ്ങളിൽ തിളങ്ങി  ചിന്നു ചാന്ദ്നി

അനുരാഗകരിക്കിൻ വെള്ളത്തിൽ ജാസു. തമാശയിൽ ചിന്നു. ഭീമന്റെ വഴിയിൽ അഞ്ജു. ജാസുവിനെ പോലൊരു കൂട്ടുകാരി ഒാരോ പെൺകുട്ടിയുടെയും സ്വപ്നം കൂടിയായിരുന്നു. ബാങ്ക് ഉദ്യോഗസ്ഥയായ ചിന്നു എല്ലാവർക്കും പരിചിതയായ ആള്. വിധവയും ജൂഡോ പരിശീലകയുമായ അഞ്ജുവിനെ ഏതൊരു നാട്ടിൻപ്പുറത്തും കാണാൻ കഴിയും. ഇതേ പോലെ ഒരു വഴി പ്രശ്നം അവിടെ വട്ടം ചുറ്റിക്കാൻ ഉണ്ടാവും.അഭിനയിച്ച സിനിമയിലെല്ലാം കൈയൊപ്പ് പതിപ്പിച്ചാണ് ചിന്നു ചാന്ദ്നിയുടെ സിനിമയാത്ര. 'എന്നെയും കൂടി പഠിപ്പിക്കുമോ ജൂഡോ" എന്നു ഭീമന്റെ വഴി െെകനീട്ടി സ്വീ കരിച്ച പ്രേക്ഷകർ കൊസ് തേപ്പിനെ പോലെ ചിന്നുവിനെ കാണുമ്പോൾ ചോദിക്കുന്നു. സ്ക്രീനിൽ അഞ്ജുവിന് ലഭിച്ച കൈയടിയുടെ ആഹ്ളാദം ചിന്നുവിന്റെ മുഖത്ത് പറ്റികിടക്കുന്നു.
പെണ്ണുങ്ങളെല്ലാം പൊളിയല്ലേ
തമാശയിലെ ചിന്നുവിൽനിന്ന് ഭീമന്റെ വഴിയിലെ അഞ്ജുവിലേക്ക് രണ്ടുവർഷത്തെ ദൂരമില്ല. എന്നാൽ ഒരുവർഷത്തെ കാത്തിരിപ്പുണ്ട് ഭീമന്റെ വഴി റിലീസാകാൻ. ലോക് ഡൗൺ മാറി തിയേറ്റർ തുറക്കാൻ ഞങ്ങൾ എല്ലാവരും കാത്തിരിക്കുകയായിരുന്നു. നല്ല ഒരു കാത്തിരിപ്പുത്തന്നെയായിരുന്നു അത്. അഷ്റഫ് ഇക്കയോടൊപ്പം രണ്ടാമത്തെ സിനിമ, ചെമ്പൻ ചേട്ടന്റെ പ്രൊഡക്ഷൻ ഹൗസിനൊപ്പം രണ്ടാമത്തെ സിനിമ. അവരോടൊപ്പം വീണ്ടും പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്. അനുരാഗ കരിക്കിൻ വെള്ളത്തിലെ ജാസുവിനോടും തമാശയിലെ ചിന്നുവിനോടുമുള്ള സ്നേഹത്തോടെയാണ് ആളുകള് വരുന്നത്. തമാശയുടെ വലിയ വിജയം ജീവിതം തന്നെ മാറ്റി . ഒരുപാടുപേരുടെ സ്നേഹം ലഭിച്ചു. ആളുകൾ തിരിച്ചറിയാൻ തുടങ്ങി. ഭീമന്റെ വഴിയിൽ നിന്നും അതേപോലെ സ്നേഹം ലഭിച്ചു. നല്ല രീതിയിൽ ഭീമന്റെ വഴി മുന്നോട്ടുപോയതിൽ സന്തോഷം.എന്റെ കഥാപാത്രങ്ങളെല്ലാം പൊളിയല്ലേ.
ഡാഡിയുടെ ഒാർമ
ലോക് ഡൗൺ സയമത്താണ് ഡാഡി ചന്ദ്രശേഖരൻ നായരുടെ മരണം. അത് നികത്താനാവാത്ത നഷ്ടമാണ്.ജീവിതം എങ്ങനെ മുൻപോട്ടുപോവണമെന്ന ചിന്തയും പ്രേരണയും  നൽകി ഡാഡിയുടെ മരണം. ശ്രീലങ്കയിലും ഒമാനിലും യു.എ. ഇയിലും ടാൻസാനിയയിലും പെട്രോളിയം ഏവിയേഷൻ മേഖലയിൽ മാനേജരായി ഡാഡി ജോലി ചെയ്തു.നല്ല ഒരു ഫോട്ടോഗ്രാഫറും. ടാൻസാനിയയിലാണ് ഞാൻ പഠിച്ചതും വളർന്നതും. തിരുവനന്തപുരം ആണ് നാട്. ഹൈസ്കൂൾ പഠനശേഷം നാട്ടിൽ. ഹോളി ഏയ്ഞ്ചൽസ് സ്കൂളിൽ പ്ളസ് ടു പഠനം. ആൾ സെയിന്റ്സ് കോളേജിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ളീഷിലും ഇംഗ്ളീഷ് ലിറ്ററേച്ചറിലും ബാച്ചിലർ, മാസ്റ്റേഴ്സ് പഠനം . കേരള സർവകലാശാലയുടെ സെന്റർ ഫോർ ആർട്സിൽനിന്ന് ഫിലിം ആൻഡ് തിയേറ്ററിൽ എം.ഫിൽ. പഠനത്തിന്റെ ഭാഗമായ സ്റ്റേജ് ഷോ കാസ്റ്റിംഗ് ഡയറക്ടറായ അജയ് രാഹുൽ കാണുന്നു. അജയ് അനുരാഗ കരിക്കിൻ വെള്ളത്തിന്റെ ഒാഡിഷന് വിളിച്ചു. ഒരു ദിവസത്തെ വർക് ഷോപ്പ്. അമ്മ ശാന്തിനിയും അനുജത്തി ഡോ.ശ്രുതിയും ചേരുന്നതാണ് കുടുംബം. വളരെ കുറച്ച് സിനിമകളിലാണ് അഭിനയിച്ചത്. രണ്ടുമൂന്ന് കഥകൾ വന്നിട്ടുണ്ട്. അഭിനയിക്കാൻ ആഗ്രഹിക്കുന്ന സിനിമ. ഫെബ്രുവരി , മാർച്ച് മാസത്തിൽ ആരംഭിക്കും. തിരക്കഥ എങ്ങനെ വരുന്നു, ആർക്കെങ്കിലും വിളിക്കാൻ തോന്നണം. സിനിമ ആരംഭിക്കാൻ അനുയോജ്യമായ സാഹചര്യമാണോ എല്ലാം ഒത്തുവരികയും വേണമല്ലോ.
ഞാനും റൈഡർ
തമാശയിലെയും ഭീമന്റെ വഴിയിലെയും എന്റെ കഥാപാത്രങ്ങളെ പോലെ ഞാനും ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്ന ആളാണ്. അത്തരത്തിലാണ് ആ കഥാപാത്രങ്ങളുടെ ജീവിതപരിസരം . അടുത്തിടെ ബുള്ളറ്റ് ഒാടിക്കാൻ പഠിച്ചു. ഇരുചക്രവാഹനത്തിൽ ദീർഘദൂര യാത്ര ചെയ്യാൻ ആഗ്രഹമുണ്ട്.വീട്ടുകാർക്ക് ഒപ്പവും ഒറ്റയ്ക്കുമാണ് യാത്രകൾ. സഞ്ചാര സ്വാതന്ത്ര്യത്തിന് പ്രാധാന്യം കൽപ്പിക്കുന്നു. ഒരിടത്തുനിന്ന് മറ്റൊരുടത്തേക്ക് എത്തുന്നതിന് ഇടയിലെ ആ സമയത്തെക്കുറിച്ച് ഒരുപാട് ആലോചിക്കാറുണ്ട്. സ്വതന്ത്രമായി യാത്ര ചെയ്യുമ്പോൾ ലഭിക്കുന്ന സുഖമെന്ന് അതിനെ വിളിക്കാം.യാത്രകൾ എല്ലാം ആസ്വദിക്കാറുണ്ട്.
ഞാൻ ബോക്സിംഗ് ചാമ്പ്യൻ
ബോക്സിംഗ് സംസ്ഥാന ചാമ്പ്യനായിരുന്നു. പ്രശസ്ത ബോക്സിംഗ് പരിശീലകൻ പ്രേംനാഥ് സാറിന്റെ ശിഷ്യ. മോഹൻലാൽ സാറിന്റെ കോച്ചാണ് പ്രേംനാഥ് സാർ. കരാട്ടെയും കളരിയും പഠിച്ചതാണ്. ഭീമന്റെ വഴിയിൽ അഭിനയിക്കുന്നതിന് മുൻപ് ജൂഡോയുടെ ബേസിക് ക്ളാസിൽ രണ്ടുമാസം പങ്കെടുത്തു. ജൂഡോ പരിശീലകയുടെ ശരീരഭാഷ തിരിച്ചറിയാൻ സഹായിച്ചിട്ടുണ്ട്.എന്നെത്തന്നെ സ്ക്രീനിൽ കാണാൻ കഴിഞ്ഞു എന്നാണ് എന്നെ ഇഷ്ടപ്പെടുന്നവർ പറഞ്ഞത്.എന്റെ സിനിമകൾ കണ്ടവരിൽ ഒരാളുപോലും വണ്ണംകുറച്ച് അഭിനയിക്കണെന്ന് പറഞ്ഞില്ല. ഒരു ജോലിയും ഇല്ലാതെ ഇരിക്കുമ്പോൾ ആളുകള് ചെയ്യുന്ന പണിയായിരിക്കും ബോഡി ഷെയ്മിംഗ്. സിനിമയിൽ അഭിനയിച്ചശേഷം ബോഡി ഷെയ്മിംഗ് നേരിടേണ്ടിവന്നില്ല. മറിച്ച് സിനിമ കണ്ടവരുടെ സ്നേഹം ലഭിച്ചു. കാണാത്തവർ എന്തായിരിക്കും പറയുന്നതെന്ന് അറിയില്ല. എന്റെ സാന്നിദ്ധ്യമില്ലാത്തിടത്തും എന്റെ കഥാപാത്രത്തെക്കുറിച്ചും എന്നെപ്പറ്റിയും  നല്ലത് പറഞ്ഞു എന്നേ കേട്ടിട്ടുള്ളു.