
10 വർഷം. 40 സിനിമകൾ.സിനിമയുടെ ക്രീസിൽ നായകനടനായി നിറഞ്ഞു നിൽക്കുകയാണ് ടൊവിനോ തോമസ്.
'പ്രഭുവിന്റെ മക്കൾ" എന്ന സിനിമയിലൂടെ കാമറയുടെ മുന്നിൽ എത്തിയപ്പോൾ മുതൽ മലയാളികളെ വിസ് മയിപ്പിക്കുന്ന നടൻ. തിരികെ അവരുടെ മതിയാവുവോളം സ് നേഹം ലഭിച്ചു. നായകനടനായി തിളങ്ങുന്നതിനൊപ്പം ഇടയ്ക്ക് നിർമാതാവിന്റെ കുപ്പായം അണിഞ്ഞു.അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ ചിത്രമായ 'മിന്നൽ മുരളി" നാൽപ്പതാമതു സിനിമയായി 'ഒാടി"പ്പായുന്നു.മനസ് തുറന്നു സംസാരിക്കുന്നതാണ് ടൊവിനോയുടെ രീതി.സിനിമയാത്രയിലെ രസകരമായ അനുഭവങ്ങളും ഒാർമകളും പങ്കുവച്ച് 'ഫ്ളാഷ് മുവീസിന് "ഒപ്പം ടൊവിനോ.
അഭിനയയാത്ര പത്തുവർഷം പിന്നിടുമ്പോൾ എന്താണ് പഠിച്ചതും തിരുത്തിയതും ?
പഠനവും തിരുത്തലും എല്ലാ ദിവസവും നടക്കുന്നുണ്ട്. ഒാരോ സിനിമ കഴിയുമ്പോഴും അനുഭവം കൂടുന്നു. സിനിമയിൽ വന്ന സമയത്തേക്കാൾ വേഗത്തിൽ പല കാര്യങ്ങളും ചെയ്യാൻ സാധിക്കുന്നു. കാലഘട്ടം മാറുന്നു.ചുറ്റുമുള്ള ലോകം മാറുന്നു. അപ്പോൾ നമ്മൾ അപ്ഡേറ്റാവാണം. മൂന്നാലുവർഷമായി നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും എന്നിൽ തന്നെ മാറ്റം വരുത്തിയ കാര്യങ്ങളുണ്ട്. ചിന്തയും കാഴ്ചപ്പാടും ജീവിത വീക്ഷണവും മാറി.ആരോഗ്യം മുൻപത്തേക്കാൾ നല്ല നിലയിൽ എത്തി. ഭക്ഷണം,  ഉറക്കം എന്നീ കാര്യങ്ങളിൽ മാത്രമല്ല ആളുകളോടുള്ള സംസാരരീതി എല്ലാം മാറിക്കൊണ്ടേയിരിക്കുന്നു.നല്ല വ്യക്തി എന്ന നിലയിൽ പാകപ്പെടുത്താൻ എല്ലാം സഹായിക്കുന്നു.
പുതുവർഷം നൽകുന്ന പ്രതീക്ഷകൾ എന്തൊക്കെയായിരിക്കും ?
പ്രതീക്ഷ മാത്രമല്ല പ്രത്യേകതയുമുണ്ട്. അതിലൂടെയാണ് പുതുവർഷ യാത്ര. ഏറ്റവും സന്തോഷം നിറഞ്ഞ ക്രിസ്മസാണ് കഴിഞ്ഞത്. 'മിന്നൽ മുരളി" വന്നതാണ് ഏറ്റവും വലിയ പ്രത്യേകത. എന്റെ അഭിനയജീവിതത്തിലെ ഏറ്റവും വലിയ സിനിമ റിലീസ് ചെയ്തു. അത് എന്റെ മാത്രമല്ല, 'മിന്നൽ മുരളി"യിൽ പ്രവർത്തിച്ച എല്ലാവർക്കും നല്ല ദിവസമായി മാറിയതിൽ സന്തോഷമുണ്ട്. നന്നായിട്ട് എഴുതിയ പരീക്ഷയയുടെ ഉത്തരക്കടലാസ് കാത്തിരുന്ന കുട്ടിയെ പോലെയായിരുന്നു ഞാൻ.നല്ല മാർക്കു തന്നെ ലഭിച്ചു. ഷൂട്ടിംഗുകൾ വീണ്ടും ആരംഭിച്ചു.വീണ്ടും സിനിമയോടൊപ്പം യാത്ര.
മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോയായി അഭിനയിക്കാൻ കഴിഞ്ഞതോ അഞ്ചുഭാഷകളിൽ എത്തിയ സിനിമയിൽ ആദ്യമായി വേഷമിട്ടതോ ഏതാണ് കൂടുതൽ സന്തോഷം തന്നത്?
നല്ല ഒരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതാണ് ഏറ്റവും വലിയ സന്തോഷം. സൂപ്പർ ഹീറോ എന്നത് മാറ്റിവച്ചാൽ പോലും 'മിന്നൽ മുരളി"യിൽ ഒരുപാട് നല്ല ഘടകങ്ങളുണ്ട്. മികച്ച നിലവാരത്തിൽ ഒരുക്കിയ മലയാളത്തിലെ ആദ്യസൂപ്പർ ഹീറോ സിനിമ . അഞ്ചു ഭാഷകൾ എന്നതിനേക്കാൾ ഏറെ സന്തോഷം 113 രാജ്യങ്ങളിൽ 'മിന്നൽ മുരളി "എത്തി എന്നതാണ്. ഒരു യൂണിവേഴ്സൽ കൺസെപ്റ്റ്. ഇവിടെ പ്രതിഭാധനരായ സംവിധായകരും താരങ്ങളുമുണ്ട്. ലോകനിലവാരം പുലർത്തുന്ന കഥകൾ സംസാരിക്കുന്ന സിനിമകൾ ഉണ്ടാവാറുണ്ട്. മലയാള സിനിമയുടെ പ്രശസ്തി ഇനിയും കൂടുതൽ ആളുകളിൽ എത്തിക്കാൻ മിന്നൽ മുരളി സഹായകരമാകുമെന്നാണ് കരുതുന്നത്. അർഹിക്കുന്ന അംഗീകാരവും ശ്രദ്ധയും ഇനി വരാനിരിക്കുന്ന എല്ലാ മലയാള സിനിമകൾക്കും ഉണ്ടാവട്ടെ. ആരും മോശം പറയാൻ ഇടവരാത്ത സിനിമയാണ് 'മിന്നൽമുരളി" . അതിന്റെ ഭാഗമാകാൻ കഴിഞ്ഞത് വലിയ കാര്യമായി കരുതുന്നു.
സ്വന്തം ചിത്രങ്ങൾ ഒ.ടി.ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തപ്പോൾ എന്താണ് അവിടെനിന്നു ലഭിച്ച പ്രേക്ഷക സ്വീകാര്യത?
'കള" എന്ന ചിത്രത്തിന് തിയേറ്ററിനേക്കാൾ വലിയ സ്വീകാര്യത ഒ.ടി.ടിയിൽ ലഭിച്ചു.'കാണെക്കാണെ" ആണ് നേരിട്ടുള്ള ആദ്യ ഒ.ടി.ടി റിലീസ്.തിയേറ്ററിൽ സിനിമ കാണുക, എന്നതിനൊപ്പം അവിടെ പോവാൻ കഴിയാത്തവർക്ക് വീടുകളിൽ ഇരുന്ന് ആസ്വദിക്കാൻ കഴിയുന്ന സാഹചര്യമാണ് ഒ.ടി. ടി നൽകുന്നത്. ലോക് ഡൗൺ സമയത്ത് ആ മാർഗം സ്വീകരിക്കാനേ വഴിയുണ്ടായിരുന്നുള്ളു.
എന്റെ ആഗ്രഹം തിയേറ്ററിൽ സിനിമ പൂർണതയിൽ അനുഭവിക്കുന്നതിനൊപ്പം ലോകവ്യാപക റിലീസിലും എത്താൻ കഴിയാത്ത ഇടങ്ങളിൽ ഒ.ടി.ടിയിൽ കാണാൻ അവസരം ഒരുക്കണം എന്നതാണ്. കാലക്രമേണ കൂടുതൽ തിയേറ്ററുകളിൽ ലോകവ്യാപക റിലീസിന് ഇതിലൂടെ വഴിയൊരുങ്ങും, കുട്ടികളെപോലെ ചിന്തിക്കുന്നവരും കുട്ടികളുമാണ് 'മിന്നൽമുരളി"യുടെ പ്രേക്ഷകർ. കുട്ടികളെ തിയേറ്ററുകളിലേക്ക് കൊണ്ടുവരാൻ മാതാപിതാക്കൾക്ക് മടിയാണ്. അപ്പോൾ ഒ.ടി.ടി പ്ളാറ്റ് ഫോമിലൂടെ മാത്രം മിന്നൽ മുരളിയെ എത്തിക്കാനേ മാർഗം ഉണ്ടായിരുന്നുള്ളൂ. തിയേറ്ററിൽ തന്നെ സിനിമ കാണാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ. 'മിന്നൽ മുരളി"യുടെ ചിത്രീകരണം ആരംഭിച്ചപ്പോഴും പൂർത്തിയായപ്പോഴും തിയേറ്റർ റിലീസ് തന്നെയാണ് ആലോചിച്ചിരുന്നത്. അതിനാലാണ് വലിയ കാൻവാസിൽ ഒരുക്കിയത് . പ്രിവ്യു കണ്ടപ്പോൾ തിയേറ്ററിൽ ലഭിക്കുന്ന ഒാരോ കൈയടിയും ഞാനും ബേസിലും അങ്ങോട്ടും ഇങ്ങോട്ടും നോക്കി എണ്ണുന്നുണ്ടായിരുന്നു.'മിന്നൽ മുരളി" യ്ക്ക് ഞങ്ങൾ ആഗ്രഹിച്ച സ്വീകാര്യത തന്നെയാണ് ലഭിച്ചത്.
ടൊവിനോ തോമസോ  മിന്നൽ മുരളിയോ ആരാണ് കൂടുതൽ വെല്ലുവിളി നേരിട്ടത്?
സിനിമയിൽ മിന്നൽമുരളി ഒരുപാട് വെല്ലുവിളി നേരിടുന്നുണ്ട്. അതിനേക്കാൾ വലിയ വെല്ലുവിളി ഞാൻ നേരിട്ടു. ആ വെല്ലുവിളികളെ ഏറ്റെടുക്കാനും വിജയകരമായി തരണം ചെയ്യാനും സഹായിച്ചത് ഒപ്പം പ്രവർത്തിച്ചവർ തന്ന പിന്തുണയും സഹകരണവുമായിരുന്നു. 2019 ഡിസംബർ 22 ൽ ആരംഭിച്ച ചിത്രീകരണം 2021 ജൂലായിലാണ് പൂർത്തിയാവുന്നത്. എനിക്ക് മാത്രമല്ല സിനിമയ്ക്കും കുറെ വെല്ലുവിളി നേരിടേണ്ടിവന്നു. ആദ്യ ഷെഡ്യൂൾ കഴിഞ്ഞപ്പോൾ ലോക ്ഡൗൺ . പിന്നീട് ഷൂട്ട് ആരംഭിച്ചപ്പോൾ പലതരം പ്രതിസന്ധികൾ . 'മിന്നൽ മുരളി"യുടെ പിന്നിൽ പ്രവർത്തിച്ച എല്ലാവരും ഒരേ മനസോടെ തുടർന്നും ജോലി ചെയ്തപ്പോൾ സ്വയം അഭിമാനം തോന്നുംവിധം ഒരു സിനിമ ഉണ്ടാക്കാൻ സാധിച്ചു.എല്ലാ വെല്ലുവിളികളെയും ഞാൻ തരണം ചെയ്തപ്പോൾ ഭംഗിയായി സംവിധാനം ചെയ്യാൻ ബേസിൽ ജോസഫിനും  എന്നെ ഗംഭീരമായി പകർത്താൻ ഛായാഗ്രാഹകൻ സമീർഇക്കയ്ക്കും കാലഘട്ടം നന്നായി പുനവതരിച്ച കലാസംവിധായകൻ മനുജഗദിനും   ആക്ഷൻ ഡയറക്ടർ വ്ളാഡ് റിംബർഗും ഇതിൽ അഭിനയിച്ച ഒാരോരുത്തർക്കും കുറെ നാളത്തെ ജോലിയുള്ള സിനിമയായിരുന്നു 'മിന്നൽമുരളി" . കുറച്ച് ബുദ്ധിമുട്ട് നേരിട്ടെങ്കിലും അവരുടെ കൂട്ടത്തിൽ നിൽക്കുന്നത് അൽപം എളുപ്പമുള്ള കാര്യമായിരുന്നു.തുടക്കം മുതൽ കൂടെ നിന്ന നിർമാതാവ് സോഫിയ പോൾ. എല്ലാവരും തന്ന പിന്തുണയിലൂടെയാണ് മറികടിക്കാൻ സാധിച്ചത്.
കുട്ടിക്കാലത്തും പിന്നീടും കണ്ട സൂപ്പർ ഹീറോ ആരാണ്?
സൂപ്പർമാനെപോലെ പറന്നു നടക്കാൻ കുട്ടിക്കാലത്ത് ആഗ്രഹിച്ചു. എല്ലാവരും എന്നെ ഇഷ്ടപ്പെടണം എന്നതായിരുന്നു അതിന്റെ കാരണം. എല്ലാവർക്കും ഇഷ്ടം സൂപ്പർമാനെയും, സൂപ്പർ ഹീറോകളെയും. സൂപ്പർ മാനാകാൻ കഴിഞ്ഞാൽ എന്റെ ആഗ്രഹം നടക്കുമല്ലോ എന്ന് കരുതി. എന്നാൽ ഇപ്പോൾ എനിക്ക് സ്വന്തമായി സൂപ്പർ ഹീറോയായി അഭിനയിക്കാൻ കഴിഞ്ഞു. സൂപ്പർ ഹീറോ ആരാധകനായി നടന്നിട്ട് സൂപ്പർ ഹീറോയായി അഭിനയിക്കാൻ കഴിഞ്ഞത് ഒരുപാട് സന്തോഷം തരുന്നുണ്ട്. ഇപ്പോൾ തത്കാലം മനസിൽ ഒരു സൂപ്പർ ഹീറോയേ ഉള്ളൂ. അത് മിന്നൽ മുരളിയാണ്. ജീവിതത്തിലെ സൂപ്പർ ഹീറോ അപ്പനും അമ്മയുമാണ്. എന്നിൽ എന്തെങ്കിലും നല്ല ഗുണം ഉണ്ടെങ്കിൽ അത് കുടുംബത്തിൽനിന്നും വീട്ടുകാരിൽനിന്നും കൂട്ടുകാരിൽനിന്നും ലഭിച്ചതാണ്. മോശമായിട്ടുള്ളത് ഞാൻ എവിടെനിന്നെങ്കിലും പോയി പഠിച്ചതും.
ഒരു പശുക്കുട്ടി ജനിച്ചാൽ മണിക്കൂറുകൾ കഴിഞ്ഞ് എഴുന്നേറ്റു പോവും. ഒരു കോഴിക്കുഞ്ഞാണെങ്കിൽ അത് വൈകാതെ നടക്കും. എന്നാൽ മനുഷ്യന് ഒരു വർഷം വേണം. മക്കളെ വളർത്താൻ പ്രാപ്തരാക്കുന്ന എല്ലാ മാതാപിതാക്കളും സൂപ്പർ ഹീറോകളാണ്
സംവിധാനം ടൊവിനോ തോമസ് എന്ന് എപ്പോൾ വായിക്കാൻ കഴിയും?
ഇപ്പോൾ അതിന്റെ ആവശ്യമില്ലെന്ന് തോന്നുന്നു. വെറും ഒരാഗ്രഹം കൊണ്ടുമാത്രം സംവിധായകനാകാൻ കഴിയില്ല. ഒപ്പമുള്ള എല്ലാവരും ചെയ്യുന്ന ജോലിയെപ്പറ്റി സംവിധായകന് ധാരണ ഉണ്ടാവണം. നല്ല കോ ഒാർഡിനേറ്ററും അതിനൊപ്പം തന്നെ ക്രിയേറ്ററുമായിരിക്കണം . അവിടേക്ക് എത്തിച്ചേരാൻ ഇനിയും കുറെ കാര്യം പഠിക്കാനുണ്ട്. പണി അറിയാവുന്ന ഒരുപാട് സംവിധായകരുണ്ട് ഇവിടെ. അവരിൽ നിന്നൊക്കെ പഠിക്കാൻ ശ്രമിക്കാറുണ്ട്. നടൻ എന്ന നിലയിൽ ഇൗ യാത്ര മുന്നോട്ട് പോവട്ടെ. സംവിധാനം ചെയ്യാൻ എന്നെങ്കിലും പ്രാപ്തനായി എന്ന് സ്വയം തോന്നുമ്പോൾ ആലോചിക്കും.
അഭിനയിച്ച സിനിമകളിലെല്ലാം സംതൃപ്തനാണോ ?
കഴിഞ്ഞ സിനിമകളിലും തുടങ്ങാനിരിക്കുന്ന ചിത്രങ്ങളിലും എല്ലാം സംതൃപ്തൻ. നല്ല പണിയെടുക്കേണ്ടി വരുന്നുണ്ട്. സിനിമകൾ ശ്രദ്ധയോടെ തിരഞ്ഞടുത്ത് മുൻപോട്ട് പോവാൻ കഴിയുന്നു. വരാൻ ഇനി ഷൂട്ടിംഗ് കഴിഞ്ഞ കുറെ നല്ല സിനിമകൾ കൈയിലുണ്ട് ആഷിഖ് അബുവിന്റെ 'നാരദൻ" , സനൽകുമാർ ശശിധരന്റെ 'വഴക്ക്" , ഖാലിദ് റഹ്മാന്റെ 'തല്ലുമാല". ഒരുപാട് പ്രതീക്ഷ നൽകുന്ന ചിത്രമാണ് തല്ലുമാല. 'വാശി "എന്ന ചിത്രത്തിൽ ആണ് ഇപ്പോൾ അഭിനയിക്കുന്നത്. കീർത്തി സുരേഷ് ആണ് നായിക.
പുതിയ സംവിധായകരുടെ ചിത്രങ്ങളിൽ ടൊവിനോ തോമസാണ് നായകൻ?
അഭിനയിച്ച എൺപതുശതമാനം സിനിമകളുടെ സംവിധായകർ പുതിയവരാണ്. 'വാശി"യുടെ സംവിധായകൻ വിഷ്ണു ജി. രാഘവ് പുതിയ ആളും വർഷങ്ങളായുള്ള സുഹൃത്തുമാണ്. 'അജയന്റെ രണ്ടാം മോഷണം" സിനിമയുടെ സംവിധായകനും പുതിയ ആളാണ്. പുതിയവർക്കൊപ്പം മാത്രമല്ല സീനിയർ സംവിധായകരുടെ കൂടെ പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന അനുഭവസമ്പത്തും വേണം. രണ്ടും ഒരേപോലെ കൊണ്ടുപോവാൻ ശ്രദ്ധിക്കുന്നു. ലോക് ഡൗണിനെ തുടർന്ന് ഡേറ്റുകൾ മാറി. എല്ലാം മാറ്റിയെടുക്കുക വലിയ ജോലിയാണ്.
ഇൗ തിരക്കിനിടെ എപ്പോഴായിരിക്കും വീട്ടുകാരെ കാണുക ?
'തല്ലുമാല"യിൽ അഭിനയിക്കാൻ ഒരു മാസം തലശേരിയിലായിരുന്നു. വീട്ടിലേക്ക് ഇനി തിരിച്ചുപോവുക ഫെബ്രുവരിയിലാണ്. രണ്ടുദിവസം വീട്ടിൽ നിൽക്കണം. വീട്ടുകാർ ലൊക്കേഷനിൽ വന്നാണ് കാണുന്നത്. സിനിമയ്ക്ക് ഒരു താരത്തിനെയും വേണ്ട. ഞങ്ങൾക്ക് എല്ലാവർക്കും സിനിമയെയാണ് വേണ്ടത്. ഏറ്റെടുത്ത സിനിമകൾ പൂർത്തിയാക്കുന്നതിനു വേണ്ട ശ്രമം നടക്കുന്നു.നമ്മളെ ആശ്രയിച്ച് ഒരുപാട് പേർ നിൽക്കുന്നുണ്ട്. അവരുടെ കാര്യങ്ങളെല്ലാം ഭംഗിയായി നടക്കണം.