35 വർഷത്തെ  അഭിനയ  യാത്രയിൽ  സുധീഷിന്  ആദ്യ  സംസ്ഥാന പുരസ്കാരം

കോഴിക്കോട് ഗുജറാത്തി സ്ട്രീറ്റ്. സമയം രാവിലെ എട്ടുമണി. ഞായർ ആലസ്യത്തിലാണ് റോഡ്. കോഴിക്കോടിന്റെ സിനിമാമുഖമായ സുധീഷ് നിറഞ്ഞു ചിരിച്ചുവരുമ്പോൾ മികച്ച സ്വഭാവ നടനുള്ള സംസ്ഥാന പുരസ് കാരം ലഭിച്ചതിന്റെ ആഹ്ളാദം മുഖത്ത് പറ്റിക്കിടക്കുന്നു. ഒന്നാം ക്ളാസ് മുതൽ സുധീഷ് . വി എന്ന പയ്യനെ അച്ഛനും അറിയപ്പെടുന്ന നാടക കലാകാരനുമായിരുന്ന ടി. സുധാകരൻ നായർ സ്റ്റേജിൽ കയറ്റി . മോണോ ആക്ട് ഒന്നാം സമ്മാനം സുധീഷ് .വി എന്നു കേൾക്കാത്ത സമയമില്ലായിരുന്നു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നിന്നും സമ്മാനം .കലാരംഗത്തേക്ക് മകനെ പൂർണമായി വിടാൻ  ടി. സുധാകരൻനായർ നിറഞ്ഞ മനസ് കാട്ടുന്നതാണ് പിന്നത്തെ കാഴ്ച. ഔദ്യോഗിക ജീവിതത്തിൽ ഡെപ്യൂട്ടി കളക്ടറായിരുന്നെങ്കിലും കലയെയും ഒപ്പം കൊണ്ടുപോയി. എന്നാൽ മകൻ പൂർണമായും കലാകാരനാവട്ടെ എന്ന ചിന്തയും ആഗ്രഹവും കോഴിക്കോടിന് പുറത്തേക്കും പുതിയ ആളുകളിലേക്കും എത്തിച്ചേരുന്നതിന് സഹായിച്ചപ്പോൾ മണിച്ചിത്രത്താഴിലെ 'കിണ്ടി"ഉൾപ്പെടെ നിരവധി കഥാപാത്രങ്ങൾ ചിരിയും കൈയടിയും ഏറ്റുവാങ്ങി സുധീഷിനൊപ്പം ചേരുന്നതാണ് അടുത്ത കാഴ്ച.അവാർഡിന്റെ ആഹ്ളാദത്തിൽ സുധീഷ് വാചാലനാവുന്നു.
ഈ അടുത്ത കാലത്ത് നല്ല രസം
മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത ജീവിത പരിസരത്തുനിന്നാണ് ഇപ്പോൾ എന്റെ കഥാപാത്രങ്ങൾ വരുന്നത്. നല്ല രസമാണ് ഈ യാത്ര. ഒരു നടൻ എപ്പോഴും വ്യത്യസ്തമായ കഥാപാത്രം ചെയ്യാനാണല്ലോ ആഗ്രഹിക്കുക. ഈ അടുത്തകാലത്താണ് അതു കിട്ടിക്കൊണ്ടിരിക്കുന്നത്. 'തീവണ്ടി"യിലെ അമ്മാവൻ കഥാപാത്രമാണ് അഭിനയജീവിതത്തിൽ വഴിത്തിരിവ് സൃഷ്ടിക്കുന്നത്. ആ കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിച്ചു. അതിനുശേഷം പക്വതയാർന്ന നല്ലതും ചീത്തയുമായ വേഷത്തിലേക്ക് ക്ഷണിച്ചുതുടങ്ങി. രണ്ടു വർഷം മുൻപ് 'കൽക്കി" എന്ന ചിത്രത്തിലാണ് ആദ്യമായി പൊലീസ് വേഷം ചെയ്യുന്നത്.  കുഞ്ഞെൽദോയിൽ ആസിഫ് അലിയുടെ അച്ഛൻ വേഷം അവതരിപ്പിച്ചു. കഥാപാത്രങ്ങളുടെ കാര്യത്തിൽ ഉണ്ടായ മാറ്റത്തിൽ വരെ സന്തുഷ്ടനാണ്.റിലീസിന് ഒരുങ്ങുന്ന പടവെട്ട്, ലളിതം സുന്ദരം, സത്യം മാത്രമേ ബോധിപ്പിക്കൂ,  ഗോൾഡ്, കടുവ എന്നീ ചിത്രങ്ങളിലെല്ലാം നല്ല വേഷമാണ്. ധ്യാനിനൊപ്പം തുല്യപ്രാധാന്യമുള്ള വേഷവും ശ്രദ്ധിക്കപ്പെടാൻ സാദ്ധ്യതനിറഞ്ഞതുമായ കഥാപാത്രത്തെയാണ് 'സത്യം മാത്രമേ ബോധിപ്പിക്കൂ"യിൽ അവതരിപ്പിക്കുന്നത്.
വേഷങ്ങളിൽ എന്തെങ്കിലും ഉണ്ടാവണം
സംസ്ഥാന അവാർഡ് ഏതൊരു അഭിനേതാവും ആഗ്രഹിക്കാറുണ്ട്. മികച്ച അഭിനേതാക്കളാണ് മലയാള സിനിമയിൽ എല്ലാവരും . ദേശീയ അംഗീകാരങ്ങൾ ലഭിക്കാത്തവർ കുറവാണ്. ഹ്യുമർ ട്രാക്കിൽ വന്ന സലിംകുമാറും സുരാജും അംഗീകാരം നേടി. പരിമിതിയുണ്ടെന്ന തോന്നൽ അനുഭവപ്പെട്ടതിനാൽ അവാർഡ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ല. അനന്തരത്തിലും ആധാരത്തിലും അഭിനയിക്കുമ്പോൾ,  'അവാർഡ് കിട്ടും" എന്നു പറഞ്ഞവരുണ്ട്. ഒൻപതാം ക്ലാസിലും പ്രീഡിഗ്രിക്കും ഒക്കെ പഠിക്കുന്ന സമയമായതിനാൽ അന്നു അങ്ങനെ കേട്ടത് അടുത്ത ദിവസം പഠനകാര്യത്തിൽ മുഴുകുമ്പോൾ മറന്നുപോവും. ആസമയത്ത് വർഷത്തിൽ ഒരു സിനിമ അഭിനയിക്കാൻ കിട്ടും. ഒഴിവുകാലം ചിലവഴിക്കുന്നതുപോലെ അഭിനയിച്ചുവരും. ആദ്യമായാണ് സംസ്ഥാന അവാർഡ് ലഭിക്കുന്നത്. ഇപ്പോൾ അച്ഛൻ കൂടി വേണമായിരുന്നുവെന്ന് തോന്നാറുണ്ട്. എനിക്ക് അവാർഡ് ലഭിക്കണമെന്ന് അച്ഛൻ ആഗ്രഹിച്ചിട്ടുണ്ടാവും. അവാർഡ് വാങ്ങിഎടുക്കണം എന്ന ചിന്തയിൽ അഭിനയിക്കാൻ കഴിയില്ലോ. 'എന്നിട്ടും"സിദ്ധാർത്ഥ് ശിവയുടെയും 'ഭൂമിയിലെ മനോഹര സ്വകാര്യം"ശാന്തകുമാർ സാറിന്റെയും മികച്ച രചനകളാണ് .ശക്തമായ ആ കഥാപാത്രങ്ങളെ പൂർണമായി ഉൾക്കൊള്ളാൻ കഴിഞ്ഞുവെന്നാണ് കരുതുന്നത്. അവാർഡ് ലഭിച്ചശേഷം ഉത്തരവാദിത്വം കൂടി എന്നു തോന്നുന്നു. നല്ല കഥാപാത്രങ്ങൾ തന്നെയാണ് തുടർന്നും ചെയ്യേണ്ടത്. ഒരു സീൻ മാത്രമേ ഉള്ളൂവെങ്കിലും കഥാപാത്രത്തിന് പ്രാധാന്യം ഉണ്ടെങ്കിൽ ചെയ്യും. അവാർഡ് ലഭിച്ചശേഷം നല്ല കഥാപാത്രം ഇതേവരെ വന്നിട്ടില്ല. അതു വരുമെന്നാണ് പ്രതീക്ഷ.
അമ്മാവനിൽ നിന്ന് ഇനി അനിയൻ ?
ബാല്യവും കൗമാരവും യൗവനവും പിന്നിട്ട് സിനിമയിലെ യാത്ര തുടരുന്നു. ഓരോ കാര്യം സംഭവിക്കുമ്പോഴും അതിശയവും സന്തോഷവുമുണ്ടായിരുന്നു ഉള്ളിൽ. പല സ്ഥലത്തും പോവാൻ സാധിച്ചത് സിനിമ എന്ന മാദ്ധ്യമം തിരഞ്ഞെടുത്തതിനാലാണ്. അത് ഒരു ഭാഗ്യമായി കരുതുന്നു. എല്ലാം സംഭവിച്ചുപോവുകയാണ്. അതിനുവേണ്ടി പരിശ്രമിച്ചിട്ടില്ല. എന്നാൽ അങ്ങനെ വന്നുചേർന്നതിൽ സന്തോഷം. അനിയൻ വേഷത്തിൽ നിന്ന് അമ്മാവനിലേക്ക് എത്തിയിരിക്കുകയാണ്.പുതുതലമുറയുടെ ഏട്ടനും അമ്മാവനുമാകാനേ ഇനി സാധിക്കുകയുള്ളൂ. എനിക്ക് ഇനി അനിയൻ വേഷം ചെയ്യണമെങ്കിൽ ചേട്ടൻമാരായി മമ്മുക്കയും ലാലേട്ടനും വരണം. വല്യേട്ടന്റെയും ബാലേട്ടന്റെയും അനിയനായിരുന്നല്ലോ ഞാൻ. അത്തരം കഥാപാത്രം വന്നാൽ ചെയ്യാം. ഇരുപത്തിഅഞ്ചു വയസിലേക്ക് ഇനി തിരിച്ചുപോകാൻ ബുദ്ധിമുട്ടാണ്. മലയാള സിനിമയിലെ അഭിനയയാത്ര 35 വർഷം എത്തി. അവസരം എത്തിച്ചേരാത്തതിനാൽ അന്യഭാഷയിൽ അഭിനയിക്കാൻ കഴിഞ്ഞില്ല. പി.ആർ വർക്ക് വേണമെന്നാണ് പറയുന്നതെങ്കിലും അതും ചെയ്യാത്തതാകാം ചിലപ്പോൾ അവസരം ലഭിക്കാത്തതിന് പിന്നിൽ.
രുദ്രാക്ഷും  മാധവും പഠനത്തിൽ
മക്കളെ സ്വാതന്ത്ര്യത്തോടെ വിടുക എന്ന അച്ഛന്റെ സമീപനം തന്നെയാണ് എനിക്കും. ഒരു കാര്യത്തിലും കടിഞ്ഞാൺ ഇടാറില്ല. പഠനപരമായും സാങ്കേതികപരമായും ബോധവത്കരണത്തിനുവേണ്ടിയാണ്  അടിസ്ഥാന വിദ്യാഭ്യാസം നൽകുന്നത്. രുദ്രാഷ് സിൽവർ ഹിൽസ് സ്കൂളിൽ പത്താം ക്ളാസിൽ പഠിക്കുന്നു.
'കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്്ലോ"യിൽ മികച്ച അഭിനയം കാഴ്ചവച്ചു. അവന്റെ ചെറുപ്പകാലം മാധവ് അഭിനയിച്ചു. മാധവ് ഒന്നാം ക്ളാസിൽ പഠിക്കുന്നു. അഭിനയം മാത്രമല്ല സംവിധാനം, തിരക്കഥ എന്നിവയിലും രുദ്രാക്ഷിന് താത്പര്യമുണ്ട്. സിനിമയിൽ എത്തി ഇരുപതു വയസ് കഴിഞ്ഞാണ് സംവിധാന മേഖലയെപ്പറ്റി ഞാൻ ആലോചിക്കുന്നത്. ഒന്നര വർഷം മുമ്പ് രുദ്രാക്ഷ് സംവിധാനത്തെപ്പറ്റി മനസിലാക്കി തുടങ്ങി. മികച്ച വിദേശ സിനിമകൾ കാണിച്ചുതരുന്നു.അച്ഛന് പറ്റിയ സാധനം എഴുതിക്കൊണ്ടിരിക്കുകയാണെന്നും പൊളിക്കണമെന്നും രുദ്രാക്ഷ് ആഗ്രഹത്തോടെ പറയാറുണ്ട്. അവന്റെ രീതിയിൽ തിരക്കഥ എഴുതുന്നു. ഇടയ്ക്ക് വായിച്ചു കേൾപ്പിക്കും. അവൻ പറയുന്നത് തമാശയാണെങ്കിലും ഞാൻ പ്രോത്സാഹിപ്പിക്കുന്നു. എങ്കിൽ മാത്രമേ ഇനിയും എഴുതാൻ കഴിയൂ. ഞാനെന്ന അച്ഛ ന്റെയും ഭർത്താവിന്റെയും ജീവിതവും   ഏറെ മനോഹരം.