
ഹരീഷ് കണാരനൊപ്പം കൂട്ടുകൂടാൻ വീണ്ടും  ജീപ്പ് കോംപസ്
കോഴിക്കോട് നിന്നാരംഭിച്ചതാണ് ഈ ചിരി യാത്ര.'ഉത്സാഹ കമ്മിറ്റി" മുതൽ വെള്ളിത്തിരയിൽ കേട്ടു തുടങ്ങിയ അതേ ചിരി കറുപ്പ് കുപ്പായക്കാരനായ ജീപ്പ് കോംപസിനകത്ത് വെളുപ്പാൻക്കാലത്ത് വീണു. കറുപ്പ് കുപ്പായത്തിൽത്തന്നെ ഹരീഷ് കണാരനും. പുതിയ അതിഥിയായി വീണ്ടും ജീപ്പ് കോംപസ് സ്വന്തമാക്കിയശേഷം കുടുംബസമേതം നടത്തുന്ന ആദ്യ യാത്രയാണിത്. കൊച്ചിയിൽ 'അമ്മ"യുടെ വാർഷിക പൊതുയോഗത്തിൽ പങ്കെടുക്കണം.പിന്നെ കൊച്ചി ഒന്ന് ചുറ്റണം. രണ്ടാം തവണയാണ് പുതിയ വാഹനത്തിൽ കൊച്ചി യാത്ര.വഴികൾ കൃത്യമായി അറിയുന്നതുപോലെ ജീപ്പ് കോംപസിന്റെ ഉയർന്ന വകഭേദമായ എസ് മോഡൽ ഒാട്ടം തുടങ്ങി.രാമനാട്ടുകാര സിഗ്നലിൽ കാത്തുകിടക്കുമ്പോൾ മുന്തിയ ചില ആഡംബര കാറുകൾ ഹരീഷിന്റെ കറുപ്പ് കുപ്പായക്കാരനെ കണ്ണെടുക്കാതെ നോക്കി. പ്രിയപാതി സന്ധ്യയും മക്കളായ ധ്യാൻഹരിയും ധ്വനിയും ചേർന്ന ചിരിവണ്ടിയിലിരുന്നു ഹരീഷ് വാഹനവിശേഷത്തിന്റെ ഗിയർ ഇട്ടു.
സ്വർണം പോലെ സൂക്ഷിച്ച 1981 മോഡൽ
പത്തുവർഷം മുൻപ് ഇരുപത്തിഅയ്യായിരം രൂപയ്ക്ക് 1981 മോഡൽ മാരുതി 800 ആണ് ആദ്യം സ്വന്തമാക്കിയ കാർ. കോമഡി ഫെസ്റ്റിവലിൽ രണ്ടാം സമ്മാനമായി രണ്ടരലക്ഷം രൂപ കിട്ടി. കടങ്ങളൊക്കെ വീട്ടിയപ്പോൾ ഒരു ചെറിയ വാഹനം വാങ്ങാൻ തീരുമാനിച്ചു. െഎശ്വര്യം പോലെ ആ കാറിന് വെളുപ്പ് നിറം. മൂന്നുവർഷം പ്രോഗ്രാം ഒാട്ടത്തിന് അതിൽ പാഞ്ഞു. ഒരിക്കൽപോലും റോഡിൽ കിടത്തിയില്ല. മോൻ ജനിച്ചപ്പോൾ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് ആ കാറിലാണ് കൂട്ടി കൊണ്ടുവന്നത് . എന്റെ ജീവിതവും സിനിമയും മോൻ ജനിച്ച ശേഷമാണ് മാറുന്നത്. സ്വർണം സൂക്ഷിക്കുന്നതുപോലെ മാരുതി 800 കൊണ്ടുനടന്നു. വിൽക്കുന്നത് നാല്പത്തിരണ്ടായിരം രൂപയ്ക്ക്. അത് കൊടുത്തിട്ട് കുറച്ച് പൈസയും കൂടിയിട്ട് 1,30000 രൂപയ്ക്ക് മാരുതി സെൻ വാങ്ങി. നാല്പതിനായിരം രൂപ തിരിച്ചടവ്. എന്റെ ജീവിതത്തിലെ നല്ല കാര്യങ്ങൾക്കെല്ലാം സാക്ഷ്യം വഹിച്ച സെൻ ഇപ്പോഴുമുണ്ട്. മാരുതി 800 മുൻപ് കറുപ്പ് നിറം ആക്ടീവ സ്കൂട്ടറാണ്  ആദ്യം സ്വന്തമാക്കിയ വാഹനം. മാസം 1300 രൂപ അതിനും തിരിച്ചടവ്. ആദ്യമായി സ്വന്തമാക്കിയതിന്റെ ഒാർമകൾ തരുന്ന ആക്ടീവയുമായി എപ്പോഴെങ്കിലും പെരുമണ്ണയിൽ ചുറ്റാൻ പോകും.വിൽക്കാൻ മനസ് വരില്ല.
ചുവപ്പിന്റെ ആളാ
'മരുഭൂമിയിലെ ആന"യിൽ അഭിനയിക്കുമ്പോഴാണ് വോക്സ് വാഗണർ പോളോ വാങ്ങുന്നത്.അതിനുമുണ്ടായിരുന്നു തിരിച്ചടവ്. മുൻപോട്ട് അടച്ചു പോവാൻ പറ്റുമോയെന്ന നല്ല പേടിയുണ്ടായിരുന്നു. അഞ്ചുവർഷമായി കൂടെത്തന്നെയുണ്ട്. പോളോയിൽ പോയപ്പോൾ നീണ്ട യാത്രകൾ ഉള്ളതല്ലേ കുറെ കൂടി വലിയ വാഹനം വാങ്ങാൻ സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ് മൂന്നു വർഷം മുൻപ് ഡിസംബറിൽ ജീപ്പ് കോംപസ് വാങ്ങുന്നത്. ആദ്യമായി സ്വന്തമാക്കിയ എസ് യുവി. സുരക്ഷയും യാത്രാസുഖവും ഒരേപോലെ തന്നതിനാൽ പഴയ ജീപ്പ് എക്സ് ചേഞ്ച് ചെയ്തു ഈ ഡിസംബറിൽ കോംപസിന്റെ ഉയർന്ന വകഭേദമായ എസ് മോഡൽ വാങ്ങി.ബെൻസിലേക്കും ബിഎംഡബ്യുയിലേക്കും പോകാൻ അപ്പോഴും താത്പര്യം തോന്നിയില്ല. കാണാനും സൂപ്പർ. ഡീസൽ എൻജിൻ. ഒാൺറോഡ് വില ഏകദേശം 36 ലക്ഷം രൂപ.ചുവപ്പ് നിറമാണ് ഇഷ്ടം.ആദ്യത്തെ ജീപ്പിന്റെയും പോളോയുടെയും നിറം ചുവപ്പ്. ആറുമാസം മുൻപ് വാങ്ങിയ വെസ്പ സ്കൂട്ടറിന്റെ നിറവും ചുവപ്പ്.
സൈക്കിൾ കൊതിച്ച സ്കൂൾ കാലം
കുട്ടിക്കാലത്ത് ഏത് ഉത്സവപ്പറമ്പിൽ പോയാലും കളിപ്പാട്ടമായി വണ്ടിയാണ് വാങ്ങുക. സ്വയം ഉണ്ടാക്കി കളിച്ചു. വളർന്നപ്പോൾ വാഹനങ്ങളോട് താത്പര്യം കൂടിയെങ്കിലും വാങ്ങാൻ മാർഗമില്ലായിരുന്നു. വിവാഹശേഷവും സ്വന്തം വാഹനമില്ല. പിന്നെയും കുറെ കഴിഞ്ഞാണ് ഒരു സൈക്കിൾ പോലും വാങ്ങുന്നത്. എനിക്ക് ഒരു വാഹനം വാങ്ങി തരാൻ അച്ഛനും സാമ്പത്തിക സ്ഥിതിയില്ല. കൂട്ടുകാരൊക്കെ സൈക്കിളിൽ പോവുന്നത് കാണുമ്പോൾ എപ്പോഴെങ്കിലും വാടകയ്ക്ക് എടുത്ത് ചവിട്ടും. മണിക്കൂറിന് രണ്ടുരൂപ. കൊതിതീരുവോളം ചവിട്ടി. അച്ഛന്റെ പെങ്ങളുടെ മകൻ നാട്ടിലേക്ക് വന്നപ്പോൾ ഒരു സ്കൂട്ടർ കൊണ്ടുവന്നു. വിവാഹം കഴിഞ്ഞ് ഞാനും സന്ധ്യയും ബന്ധുവീടുകളിൽ പോയത് ആ സ്കൂട്ടറിലായിരുന്നു. അച്ഛന്റെ അനുജന്റെ മോൻ ഹൈദരാബാദിലായിരുന്നു. അവന്റെ വണ്ടിയും ഒാടിച്ചു. ഒന്ന് ആന്ധ്രാപ്രദേശ് റജിസ്ട്രേഷനും മറ്റൊന്നു പഞ്ചാബും. ഇവിടേക്ക് ട്രാൻസ്ഫർ ചെയ്യാത്തതിനാൽ ടൗണിൽ പോക്ക് നടക്കില്ല. പെരുമണ്ണയിൽ ചുറ്റാനേ പറ്റുള്ളു. മിമിക്രി പ്രോഗ്രാമിന് പോവുമ്പോൾ പൂവാട്ടുപറമ്പിൽ കൊണ്ടുപോയിവച്ചിട്ട് അവിടെ നിന്നു ബസിൽ പോവും. തിരിച്ചുവരുമ്പോൾ ഏതെങ്കിലും ടൂവീലറിന് കൈകാണിച്ച് മെഡിക്കൽ കോളേജ് എത്തും. പൂവാട്ടുപറമ്പിനുപോകാൻ പത്രവണ്ടി വരുന്നതുവരെ കാത്തുനിൽക്കും. വിവാഹം കഴിഞ്ഞു അഞ്ചു വർഷത്തിനുശേഷമാണ് മോൻ ജനിക്കുന്നത്. ആസമയം വരെയും എന്റെ 'പ്രോഗ്രാം യാത്ര" ഇങ്ങനെയായിരുന്നു.സന്ധ്യ ഗർഭിണിയാണെന്നറിഞ്ഞ് ഡോക്ടറെ കാണിക്കാൻ പോയത് ആക് സിസ് സ്കൂട്ടറിലാണ്. നല്ല ഒാർമ്മകൾ തന്നെ സുഖത്തിൽ സൂക്ഷിക്കുന്നതാണ് ആ ഇരുചക്രവാഹനം.
പോസ്റ്റിൽ ഇടിച്ച ആദ്യ  ഡ്രൈവിംഗ്
ഡ്രൈവിംഗ് പഠിക്കാൻ മാരുതി ഒമ്നനി വാടയ്കക്കെടുത്തു. ഒാടിച്ചു മുന്നോട്ടു പോയപ്പോൾ വൈദ്യുതി പോസ്റ്റിൽ ഇടിച്ചതോടെ പഠിത്തം അവിടെനിന്നു. വണ്ടി നന്നാക്കാൻ കുടുംബശ്രീയിൽ നിന്ന് ഒൻപതിനായിരം രൂപ വായ്പയെടുത്തു. അന്നത്തെ ഒൻപതിനായരം രൂപ ഇന്നത്തെ ഒരു ലക്ഷം രൂപയാണ്. അമ്മയുടെ ചേച്ചിന്റെ മോൻ ഒരു മാരുതി 800 വാങ്ങി. അതിൽ പഠിച്ചാണ് ലൈസൻസെടുക്കുന്നത്. ആശുപത്രിയിലേക്ക് സന്ധ്യയുമായുള്ള സുരക്ഷിത യാത്രയ്ക്കാണ് ചെറിയച്ഛന്റെ 81 മോഡൽ മാരുതി 800 വാങ്ങുന്നത്. ഡ്രൈവിംഗ് പഠിച്ചശേഷമുള്ള ഒാട്ടം എല്ലാം സന്ധ്യയെ ഡോക്ടറെ കാണിക്കാനായിരുന്നു. 'സപ്തമശ്രീ തസ്കര" സിനിമയിൽ അഭിനയിക്കുന്നതിന് മുൻപ് അച്ഛന് സുഖമില്ലാതെ മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുദിവസം കഴിഞ്ഞ് ഡോക്ടർ പറഞ്ഞു അച്ഛന് കുഴപ്പമില്ലെന്ന്. 'സപ്തമശ്രീ തസ്കര"യിൽ മൂന്ന് ദിവസം വർക്കുണ്ട്. ആറായിരം രൂപയാണ് പ്രതിഫലം. ഷൂട്ടിംഗ് കഴിഞ്ഞ് പ്രദീപും ഞാനും സംഘവും സന്തോഷത്തോടെ ട്രെയിനിൽ വരുമ്പോൾ അച്ഛൻ നില ഗുരുതരമാണെന്ന് പറഞ്ഞു മെഡിക്കൽ കോളേജിൽനിന്ന് ഡോക്ടർ വിളിച്ചു. ആശുപത്രയിൽ ചെന്നപ്പോഴേക്കും അച്ഛൻ മരിച്ചു. എനിക്ക് അച്ഛനെയൊന്നു കാണാനും പറ്റിയില്ല. മെഡിക്കൽ കോളേജ് വളപ്പിൽ നിറുത്തിയിട്ട കാറിൽ ഇരുന്ന് ഞാൻ കുറെ കരഞ്ഞു. ആ കാറിലാണ് അച്ഛനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അതിനുശേഷം വാങ്ങിയ വാഹനങ്ങളൊന്നും വിൽക്കാതെ സൂക്ഷിക്കുന്നു. ജീവിതത്തിലെ സന്തോഷങ്ങൾക്കും സങ്കടങ്ങൾക്കും വാഹനവും സാക്ഷ്യം വഹിക്കാറുണ്ട്.
ആദ്യ നായക വണ്ടി
നായകനായി ആദ്യമായി അഭിനയിച്ച സിനിമയാണ് 'ഉല്ലാസപ്പൂത്തിരികൾ". പഞ്ചായത്ത് ഒാഫീസിലെ പ്യൂണായ ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഞാനും ജോൺ കുടിയാൻമലയും ചേർന്നാണ് നിർമാണം. ആദ്യമായി നിർമാതാവും ആകുന്നു. നവാഗതനായ ബിജോയ് ജോസഫ് ആണ് സംവിധാനം. അവതാരക ഗോപിക ആണ് നായിക. സൗബിൻ ഷാഹിർ, അജു വർഗീസ്, ധർമജൻ, സലിം കുമാർ, സീനത്ത് എന്നിവരാണ് മറ്റു താരങ്ങൾ. തമിഴിലെ ജെമിനി പിക് ചേഴ്സാണ് വിതരണം. സുഹൃത്തുക്കളായ ദേവരാജനും നിർമലും മഹേഷും പ്രദീപും എല്ലാവരും ചേരുന്നതാണ് 'ഉല്ലാസപ്പൂത്തിരികൾ".