ദേവിക, ഗോപിക, മാർഗ്രറ്റ്, വൈഷ്ണവി ഇവർ പറയുന്നു
മടി മാറ്റണം
ദേവിക സഞ്ജയ്
ബംഗളൂരുവു ക്രൈസ്റ്റ് കോളേജിൽ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ- ഇംഗ്ളീഷ്- സൈക്കോളജി ട്രിപ്പിൾ മേജർ കോഴ്സ് ഒന്നാം വർഷ വിദ്യാർത്ഥിയായി പുതുവർഷത്തിൽ പ്രവേശിക്കും. സത്യൻ അങ്കിളിന്റെ (സത്യൻ അന്തിക്കാട്) ഞാൻ പ്രകാശനിലൂടെയാണ് സിനിമയിൽ എത്തുന്നത്. വീണ്ടും സത്യൻ അങ്കിളിന്റെ സിനിമയിൽ അഭിനയിച്ചു.ജയറാം അങ്കിളിന്റെയും മീരച്ചേച്ചിയോടും ഒപ്പം അഭിനയിച്ച 'മകൾ" പുതുവർഷത്തിൽ റിലീസ് ചെയ്യും. അതിന്റെ വലിയ സന്തോഷമുണ്ട്. ലോക്ക്ഡൗൺസമയം വീട്ടിലിരുന്ന് ബോറടിച്ചു. എന്നാൽ ബോറിംഗ് നല്ലതായിരുന്നു. വീട്ടിൽ ഒറ്റയ്ക്ക് ഇരിക്കുന്നത് നല്ല രസമല്ലേ. ഇനി നീങ്ങാൻ സമയമായി.പുതുവർഷ തീരുമാനങ്ങൾ ഇതുവരെ എടുത്തിട്ടില്ല. എടുത്താൽ കുറച്ചുദിവസത്തിനകം ഞാൻ തന്നെ മറന്നുപോവും. പിന്നേ അതേപ്പറ്റി ഓർക്കാറില്ല. ലോക്ക് ഡൗൺ സമയത്ത് ശീലങ്ങൾ മാറ്റിയവരുണ്ട്. എന്റെ ശീലങ്ങൾ എല്ലാം കൂടെത്തന്നെയുണ്ട്. പുതിയ ശീലമായി ഭയങ്കരമായി മടികൂടി. വീട്ടിലിരുന്നതിന്റെ ശീലമാവാം. അത് മാറ്രണം. ഞാൻ പ്രകാശനുശേഷം സിനിമയിൽ ഇടവേള സംഭവിച്ചു. മനഃപൂർവം ഉണ്ടായ ഇടവേളയല്ല. അവസരം വന്നപ്പോൾ പരീക്ഷാച്ചൂട്. അത് കഴിഞ്ഞപ്പോൾ ലോക്ക്ഡൗൺ. വീണ്ടും നല്ല സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ കോളേജിലേക്ക്.
സാഹചര്യം പോലെ തീരുമാനം
ഗോപിക രമേശ്
തണ്ണീർമത്തൻ ദിനങ്ങളിൽ അഭിനയിച്ച കുട്ടി എന്ന വിലാസമാണ് എനിക്ക്. പുതുവർഷം നല്ല പ്രതീക്ഷ നൽകുന്നു. തമിഴിൽ ആദ്യമായി അഭിനയിച്ച വെബ്സീരിസ് പുതുവർഷത്തിൽ റിലീസ് ചെയ്യും. ബാച്ചിലർ ഒാഫ് ഡിസൈൻ കോഴ്സാണ് പഠിക്കുന്നത്. കോഴ്സ് ജൂലായിൽ തീരും. എന്റെ ഇഷ്ടമേഖലയാണ് ഫാഷൻ ഡിസൈനിംഗ്. അവിടെ കുറേ കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നു. കോവിഡിന്റെ പിടിയിൽനിന്ന് പൂർണമായി മാറാൻ പുതുവർഷത്തിന് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. പുതുവർഷത്തിലേക്ക് പുതിയ തീരുമാനങ്ങൾ കൈക്കൊള്ളാറില്ല. അങ്ങനെ വേണമെന്ന് വിശ്വസിക്കുന്ന ആളല്ല. തീരുമാനം എടുക്കേണ്ട സാഹചര്യം വന്നാൽ മാത്രം സ്വീകരിക്കും. രണ്ടുവർഷം വെബ്സീരിസിന്റെ കരാർ ഉള്ളതിനാൽ സിനിമകൾ ചെയ്തില്ല. മാത്രമല്ല, ഫൈനൽ ഇയറായതിനാൽ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കണം. കോഴ്സ് കഴിഞ്ഞ് സിനിമയിലേക്ക് പൂർണമായി വരണം. ഫിറ്റ്നസ് ശ്രദ്ധിക്കുകയും വേണം. 'തണ്ണീർമത്തൻ ദിനങ്ങൾ "കണ്ടാണ് വെബ് സീരിസിലേക്ക് വിളിക്കുന്നത്. ഐശ്വര്യ രാജേഷ്, പാർത്ഥിപൻ സാർ, കതിർ എന്നിവരാണ് മറ്റ് താരങ്ങൾ. വിക്രംവേദയുടെ സംവിധായരായ പുഷ്പകർ സാറും ഗായത്രി മാമുമാണ് നിർമ്മാതാക്കൾ. രണ്ടുവർഷം നീണ്ട ഷൂട്ട്. ലോക്ക് ഡൗണിനെത്തുടർന്ന് എട്ടുമാസം ഷൂട്ടിംഗ് ഉണ്ടായില്ല. സെപ്തംബറിലാണ് പൂർത്തിയായത്. മലയാളത്തിൽ പുതിയ സിനിമയുടെ കഥ കേൾക്കുന്നു. പുതിയ റിലീസായി പുതുവർഷത്തിൽ 'ഫോർ" എത്തും. തണ്ണീർമത്തൻ ദിനങ്ങൾക്കുശേഷം വീണ്ടും ഒരു സ്കൂൾ കഥ.
പുതിയ ആളായിരിക്കും
മാർഗ്രറ്റ് ആന്റണി
എന്റെ ചിന്തകൾ മാറുന്ന പുതുവർഷമായിരിക്കും. മുൻപെടുത്ത തീരുമാനം ഇനി ആവർത്തിക്കാതിരിക്കാൻ ശ്രമിക്കും. വെറുതേ സിനിമ ചെയ്യുകയല്ല, മികച്ച നിലവാരം പുലർത്തുന്ന സിനിമകളുടെ ഭാഗമാവാൻ ശ്രദ്ധിക്കും. എന്റെ ഭാഗത്തുനിന്ന് സിനിമയ്ക്ക് എന്തു കൊടുക്കാൻ കഴിയുന്നു എന്നതിനായിരിക്കും പ്രാധാന്യം. കഥാപാത്രമായി മാറാൻ നടത്തുന്ന മുന്നൊരുക്കം പോലും ഇതുവരെ ചെയ്തതു പോലെയാവില്ല. അതിന് ഞാൻ ചെയ്യേണ്ടതായ കുറേ ജോലിയുണ്ട്. ആത്മാർത്ഥമായ ശ്രമവും പഠനവും വേണം. നൂറ്റിപത്ത് ശതമാനം തിരികെ കൊടുക്കാൻ കഴിയുന്ന വിധം പുതുവർഷം സിനിമയെ സമീപിക്കാനാണ് തീരുമാനം.ഇതുവരെ അങ്ങനെയായിരുന്നില്ല. എന്തു ചെയ്യുമ്പോഴും സന്തോഷത്തിൽ ഇരിക്കുക എന്നതാണ് എന്റെ റെസല്യൂഷൻ. അഭിനയിച്ച ചില സിനിമകൾ അത്ര സന്തോഷം തന്നില്ല. എനിക്കു സന്തോഷം തരുന്ന കാര്യം സിനിമയിൽ മാത്രമല്ല ജീവിതത്തിലും സംഭവിക്കണം. എനിക്ക് സന്തോഷം തരുമോ എന്നു സ്വയം ചോദിച്ചശേഷമായിരിക്കും മുന്നോട്ടു പോവുക. 'ജൂൺ"സിനിമയിലാണ് ആദ്യം അഭിനയിച്ചത്. 'കുഞ്ഞെൽദോ" ആണ് പുതിയ റിലീസ്. 'മേരി ആവാസ് സുനോ"യും 'കണ്ണാടി"യും പുതുവർഷം റിലീസ് ചെയ്യും.
സുരക്ഷിതമായ ഇടത്തിൽ
വൈഷ്ണവി വേണുഗോപാൽ
പ്രതീക്ഷ നൽകുന്ന പുതുവർഷം. എല്ലാവരും തിരിച്ചുവരവിന്റെ പാതയിൽ. സിനിമയുടെ തിരക്കുകളിലേക്ക് ഞാൻ നീങ്ങുന്നുവെന്ന തോന്നൽ അനുഭവപ്പെടുന്നു. ഓരോ വർഷം മാറുന്നതിനനുസരിച്ച് പുതുവർഷ തീരുമാനങ്ങൾ കൈക്കൊള്ളാറില്ല. ജീവിതത്തിൽ എന്തെങ്കിലും മാറ്റം വരുത്തുന്നതിന് പുതുവർഷം വേണമെന്നില്ല. എപ്പോൾ വേണമെങ്കിലുമാകാം. ഭയങ്കര മടിയാണ് .അത് ഒന്ന് കുറയ്ക്കണം. കംഫർട്ട് സോണിന്റെ ആളാണ് ഞാൻ. അത് മനുഷ്യരുടെ ഒരു പൊതുസ്വഭാവമാണല്ലോ. എന്റെ കംഫർട്ട് സോണിൽ ഒതുങ്ങുന്ന സിനിമയുടെ ഭാഗമാവുകയാണ് ചെയ്യുന്നത്. അതിന് അപ്പുറത്തേക്ക് കൂടി പോവാൻ ശ്രമം നടത്തും. ജയൻ അങ്കിളിന്റെ (സംവിധായകൻ ജയരാജിന്റെ സഹോദരിപുത്രി) 'ഭയാനകം "സിനിമയിലാണ് ആദ്യം അഭിനയിക്കുന്നത്. 
അതുകഴിഞ്ഞ് 'ജൂൺ", ഇതിനിടെ ഒരു കുഞ്ഞു സിനിമ ചെയ്തു. കേശു ഇൗ വീടിന്റെ നാഥൻ, ജനഗണമന എന്നിവയാണ് പുതിയ റിലീസുകൾ. അന്യഭാഷയിൽനിന്ന് അവസരം വരുന്നുണ്ട്. എന്നാൽ ആകർഷിക്കുന്ന കഥ വരുന്നില്ല. പുതുവർഷത്തിൽ അന്യഭാഷ പ്രവേശനം സംഭവിക്കാം, സംഭവിക്കാതിരിക്കാം. ചെന്നൈ എസ്.ആർ.എം കോളേജിൽ ജേണലിസം മാസ്കോ കഴിഞ്ഞ് മുംബയ് യിൽ ഡിജിറ്റൽ മാർക്കറ്റിംഗ് രംഗത്ത് പ്രവർത്തിച്ചു. മുൻപും സിനിമയിൽനിന്ന് അവസരം വന്നിരുന്നു. നാട്ടിൽ വന്നപ്പോൾ വീണ്ടും അവസരം വന്നപ്പോൾ ആരംഭിച്ചതാണ് ഇൗ യാത്ര.