ചെറിയ  വേഷങ്ങളിലൂടെ  എത്തി നായികനിരയിൽ മേഘ  തോമസ്

നഴ്സിംഗ് പഠനം ആഗ്രഹിച്ച ഡൽഹിയിലെ ഒരു മലയാളി കുടുംബം. വൈകാതെ വീട്ടിൽനിന്ന് നഴ്സ് ഉണ്ടാവുമെന്ന് അവർ സ്വപ്നം കണ്ടു. സിനിമയും അഭിനയവും ആഗ്രഹിക്കാത്ത ആ പെൺകുട്ടി സയൻസ് വിഷയം പഠിച്ചെങ്കിലും എട്ടുവർഷം മുൻപ് ഡൽഹി 'അഭിനയ ഭാരതി"യുടെ നാടകത്തിന്റെ അരങ്ങിൽ അപ്രതീക്ഷിതമായി കയറി. അഭിനയമാണ് തന്റെ വഴി എന്ന് അപ്പോൾ തിരിച്ചറിഞ്ഞു. പറഞ്ഞുവരുന്നത് ഒരു സിനിമാക്കഥയല്ല. 'ഭീമന്റെ വഴി"യിൽ ഭീമന്റെ ജീവിതത്തിലേക്ക് കർണാടക സ്വദേശിയായ റെയിൽവേ എൻജിനിയർ കിന്നരി കടന്നുവന്നതുപോലെത്തന്നെ രസകരമാണ് മേഘ തോമസ് സിനിമയിലേക്കുള്ള വഴിയിലൂടെ സഞ്ചരിച്ചതും. പത്തിലധികം സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റ്. കണ്ണുചിമ്മിയാൽ കഥാപാത്രത്തെ സ്ക്രീനിൽ കാണാൻ കഴിയില്ല. ആ വഴിയിലെ സഞ്ചാരം ആസ്വദിച്ച് പതിയേ മുൻപോട്ട് പോയി. ഇപ്പോൾ നായികനിരയിൽ ഇടംപിടിച്ചു മേഘ തോമസ്.'' സിനിമയിൽ അഭിനയിക്കുമെന്ന് അറിയാമായിരുന്നു. ചെറിയ വേഷത്തിൽനിന്ന് വലിയ കഥാപാത്രത്തിലേക്ക് നാളെ വരുമെന്ന് ഉറപ്പിച്ചായിരുന്നു യാത്ര. ആ സഞ്ചാരം എനിക്ക് ഇഷ്ടപ്പെട്ടു. സിനിമയിൽ എനിക്ക് ഗോഡ് ഫാദറില്ല. എങ്ങനെ പോവണമെന്ന് ഈ ചെറിയ യാത്രയിൽ പഠിക്കാൻ കഴിഞ്ഞു. എല്ലാ കഥാപാത്രങ്ങളും ഒരേപോലെ സംതൃപ്തി തന്നതിൽ ഏറെ സന്തോഷം."" കിന്നരി എന്ന കഥാപാത്രത്തെ സ്വാഭവികതയോടെ അവതരിപ്പിച്ചപ്പോൾ പ്രേക്ഷകർ കൈനീട്ടി സ്വീകരിച്ചതിന്റെ ആഹ്ളാദത്തിൽ മേഘ തോമസ് മിണ്ടി തുടങ്ങി.
ഒരു  ഞായറാഴ്ച
ഒാഡിഷനിലൂടെയാണ് ശ്യാമപ്രസാദ് സാറിന്റെ 'ഒരു ഞായറാഴ്ച"യിൽ എത്തുന്നത്. ഒരാഴ്ചത്തെ അഭിനയ കളരി സംഘടിപ്പിച്ചിരുന്നു. മാറുന്ന കാലത്ത് സമൂഹത്തിലെ ഒരു പ്രധാന വിഷയമാണ് 'ഒരു ഞായറാഴ്ച" ചർച്ച ചെയ്യുന്നത്. സ്ത്രീ പുരുഷ ബന്ധത്തിനകത്തെ ചേർച്ചകളുടെയും ചേരായ്മകളുടെയും കഥ എന്നും വിശേഷിപ്പിക്കാം. രണ്ടു കാമുകീ കാമുകൻമാരിലൂടെ സമാന്തരമായായി കഥ പറയുന്നു.2019ൽ മികച്ച സിനിമ, മികച്ച സംവിധായകൻ, മികച്ച എഡിറ്റർ എന്നീ മൂന്ന് സംസ്ഥാന പുരസ്കാരങ്ങൾ ചിത്രത്തിന് ലഭിച്ചു. സുജ എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. 'ഒരു ഞായറാഴ്ച"കഴിഞ്ഞ് അഭിനയിച്ച സിനിമയാണ് 'ആഹാ'. 'മേനക" എന്ന വെബ്സീരിസിന്റെയും ഭാഗമാവാൻ കഴിഞ്ഞു. എപ്പോഴുംഒഴുകി നടക്കാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ. എന്റെ വഴിയിലൂടെ സഞ്ചരിക്കുന്നു. 'ഒരു ഞായറാഴ്ച" യ്ക്കുശേഷം 'ഭീമന്റെ വഴി"യിലാണ് മുഴുനീള വേഷം ചെയ്യുന്നത്.
ഒരു  വെള്ളിയാഴ്ച 
'ഭീമന്റെ വഴി"യിലെ കിന്നരിയെ പോലെ ഞാനും കർണാടകകാരിയാണെന്ന് കരുതുന്നവരുണ്ട്. കുർത്തയും തൊപ്പിയും തോളിൽ ബാഗും ധരിച്ച കിന്നരി. മുടിക്ക് നിറം കൊടുക്കണമെന്ന് പറഞ്ഞു.കിന്നരിക്ക് പൊട്ടും കുറിയും മുക്കുത്തിയും കൊടുത്താലോ എന്ന് ചോദിച്ചപ്പോൾ ആഡംബരം വേണോ എന്ന് ചെമ്പേട്ടൻ.( ചെമ്പൻ വിനോദ് ജോസ്) ഇഷ്ടപ്പെട്ടില്ലെങ്കിൽ മാറ്റമെന്ന് ഞാൻ. പൊട്ടും കുറിയും മുക്കുത്തിയും വച്ചപ്പോൾ ഇതാണ് കിന്നരി എന്ന് സംവിധായകൻ അഷ്റഫ് ഇക്ക. ചെമ്പേട്ടനാണ് കിന്നരിയെ സ്കെച്ച് ചെയ്തത്. അഷ്റഫ് ഇക്ക അതിനെ ഭംഗിയായി സ്ക്രീനിൽ എത്തിക്കുന്നതിന് സഹായിച്ചു.കഥാപാത്രം മികച്ചതായതിന്റെ എല്ലാ അവകാശവും ചെമ്പേട്ടനും അഷ്റഫ് ഇക്കയ്ക്കുമാണ്. അവർ പറഞ്ഞതിനെ ഉൾക്കൊണ്ട് എന്റെ രീതിയിൽ കൊണ്ടുപോയി. ഞാൻ തന്നെയാണ് ഡബ്ബ് ചെയ്തത്. ഡൽഹിയിൽ പഠിച്ചു വളർന്നതിനാൽ എന്റെ മലയാളം പകുതിയെ മനസിലാകുവെന്ന് പറയുന്നവരുണ്ട്.എന്റെ ആ പരിമിതി കഥാപാത്രത്തിന് ഗുണം ചെയ്തുവെന്ന് വിശ്വസിക്കുന്നു. കിന്നരിയെ കുറെ പേർക്ക് ഇഷ്ടപ്പെട്ടു. ഒറ്റയ്ക്ക് വിട്ടതിൽ കുറെ പേർക്ക് വിഷമം .കൊല്ലം ആണ് നാട്. അച്ഛൻ തോമസ് അലക്സാണ്ടർ . മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്നു. അമ്മ ത്രേസ്യാമ്മ തോമസ്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. സഹോദരൻ ആകാശ് തോമസ് ജേണലിസം വിദ്യാർത്ഥി. വിനീത് ശ്രീനിവാസന്റെ 'ഹൃദയം" ആണ് അടുത്ത റിലീസ് . ആ സിനിമയിലും നല്ല ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞു. കഥകൾ കേൾക്കുന്നുണ്ട്. അടുത്തത് നായിക വേഷമായിരിക്കുമോയെന്ന് പറയാറായിട്ടില്ല.