
മഹാനായ ചലച്ചിത്രകാരനായല്ല, മഹാമനുഷ്യനായ സാധാരണക്കാരനായാണ് പ്രിയപ്പെട്ട സേതുസാർ മദിരാശിക്കാർക്കിടയിൽ ജീവിച്ചത്. ചലച്ചിത്രരംഗത്തെ മഹാമനീഷി. സിനിമാലോകത്ത് പാവനമായ ഋഷിപീഠം സ്വന്തമാക്കിയ അനന്യമേധാശാലി. സ്വകാര്യജീവിതത്തിലെ ആദ്ധ്യാത്മികോപാസന കൊണ്ട് താൻ വ്യാപരിച്ചിരുന്ന സിനിമാലോകത്തെ നിശബ്ദം വിമലീകരിച്ചു മുന്നേറിയ പരിശുദ്ധ ജന്മം. അമ്മയ്ക്കൊപ്പം രമണമഹർഷിയുടെ ആശ്രമത്തിലെത്താൻ സാധിച്ചതും മഹർഷിയുടെ കടാക്ഷാനുഗ്രഹങ്ങൾ നേടാനായതുമാണ് ജീവിതത്തിലെ ഏറ്റവും വലിയ ധന്യതയായി അദ്ദേഹം ആവർത്തിച്ചുകൊണ്ടിരുന്നത്. അമ്മയായിരുന്നു മറ്റൊരു മഹാനിധിയും മാർഗദർശിയും. അമ്മയ്ക്കപ്പുറം മറ്റൊന്നിനെക്കുറിച്ച് ചിന്തിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. ആ അമ്മയും വാക്കുകളുമാണ് കെ.എസ്. സേതുമാധവൻ എന്ന മഹാനായ ചലച്ചിത്രസംവിധായകന്‍ സദാ പരിശുദ്ധകവചമായി നിലകൊണ്ടിരുന്നത്. സിനിമയിലേക്കുള്ള മകന്റെ കാൽവയ്പിൽ അമ്മ നൽകിയ ഉപദേശം ഇത്രമാത്രം: ''നിനക്ക് ഇഷ്ടമുള്ളതെന്തോ, അതാവാം. പക്ഷേ നീ പോകുന്നത് സിനിമയിലേക്കാണ്. പേരുദോഷം കേൾപ്പിക്കരുത്. അതെനിക്ക് സഹിക്കാനാവൂല..."" വലിയൊരു നിശ്വാസത്തിൽ, കെട്ടിപ്പുണർന്നുള്ള ഒരു ചുംബനത്തിലൂടെ അമ്മയ്ക്ക് മറുപടി നൽകിയ മകൻ പിൽക്കാലത്ത് തന്റെ ജീവിതത്തെ അമ്മയുടെ ഉപദേശസാഫല്യത്തിനായുള്ള കർമഭൂമികയായി മാറ്റുകയായിരുന്നു. വഴിതെറ്റാവുന്ന സിനിമാലോകത്തു പ്രവർത്തിച്ചുകൊണ്ട് തന്നെ അദ്ദേഹം നൈർമല്യമാർന്ന ജീവിതം നയിച്ചു. സ്വകാര്യജീവിതത്തിൽ അദ്ദേഹം സൂക്ഷിച്ച ഈ നിർമ്മലതയും അതിനിശബ്ദതയും ചലച്ചിത്രലോകത്ത് സൃഷ്ടിച്ചത് കലാത്മകമായ വലിയ പരിവർത്തനങ്ങളുടെ നൈരന്തര്യമായിരുന്നു. അതിന്റെ അനുരണനങ്ങൾ ഇപ്പോഴും തുടരുന്നുവെന്നു മാത്രമല്ല, കൂടുതൽ ശക്തിയോടെ തുടർന്നുകൊണ്ടേയിരിക്കുകയും ചെയ്യും.
( പ്രമുഖ സംവിധായകനാണ് ലേഖകൻ )