
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് പുതുപുത്തൻ ഇന്നോവ കാറുകളെത്തുന്നു. മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ശുപാർശ പ്രകാരം കറുപ്പ് നിറത്തിലുളള നാല് ഇന്നോവ കാറുകളാണ് എത്തിയിരിക്കുന്നത്. ഇവ പൊലീസ് വാങ്ങിയതായാണ് വിവരം.
നിലവിൽ നാല് വർഷം പഴക്കമുളളതാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിൽ ഉപയോഗിക്കുന്ന വാഹനങ്ങൾ. ഇവയുടെ കാര്യക്ഷമത കുറഞ്ഞിട്ടുണ്ട്. ഇവയിൽ രണ്ടെണ്ണം മാറും. കെഎൽ 01 സിഡി 4764, കെഎൽ 01 സിഡി 4857 എന്നിവയാണ് പൈലറ്റ്, എസ്‌കോർട്ട് ഡ്യൂട്ടിയിൽ നിന്നും മാറുന്നത്. പകരം കറുപ്പ് നിറമുളള ഇന്നോവകൾ സ്ഥാനം പിടിക്കും. പ്രത്യേക കേസായി പരിഗണിച്ചാണ് പൊതുഭരണ വകുപ്പ് കാറുകൾ വാങ്ങാൻ തീരുമാനിച്ചത്.
കഴിഞ്ഞ സെപ്‌തംബർ മാസത്തിൽ മൂന്ന് ഇന്നോവയും ഒരു ടാറ്റ ഹാരിയറും വാങ്ങാൻ 62.46 ലക്ഷം രൂപ അനുവദിച്ചിരുന്നു. ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ടൊയോട്ടയുടെ ഇന്നോവ രാജ്യത്തെ പ്രമുഖ ജനപ്രിയ മോഡലാണ്. 2005ൽ ക്വാളിസ് പിൻവലിച്ചശേഷം പുറത്തിറക്കിയ ഈ എം.പി.വി മോഡൽ വാഹനത്തിന്റെ ബിഎസ്6 ഡീസൽ പതിപ്പിന് 2.4 ലിറ്റർ എഞ്ചിനാണ്. പെട്രോൾ 2.7 ലിറ്റർ എഞ്ചിനും. മാനുവൽ, ഓട്ടോമാറ്റിക് പതിപ്പുകളിൽ വാഹനം ലഭ്യമാണ്. 17.18 ലക്ഷം മുതൽ 24.99 ലക്ഷം വരെയാണ് ഇന്നോവയുടെ എക്‌സ് ഷോറും വില. നിലവിൽ 18 വേരിയന്റുകളാണുളളത്.