strike

തിരുവനന്തപുരം: ഓട്ടോ- ടാക്സി നിരക്ക് വർദ്ധിപ്പിക്കുക, സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തൊഴിലാളികൾ ഡിസംബർ 30ന് സംസ്ഥാന വ്യാപകമായി നടത്താനിരുന്ന പണിമുടക്ക് മാറ്റി. ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.

ഓട്ടോ ടാക്‌സി നിരക്ക് വ‌ർദ്ധിപ്പിക്കണമെന്ന ആവശ്യം ന്യായമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. യൂണിയനുകളുടെ ആവശ്യം പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേ‌ത്തു. നിരക്ക് വ‌ർദ്ധനവിനെക്കുറിച്ച് പഠിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയ്ക്ക് ചുമതല നൽകിയതായും മന്ത്രി അറിയിച്ചു. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം.

ട്രേഡ് യൂണിയനുകളുമായി ചർച്ച നടത്തി പരിഹാരം കാണാൻ സർക്കാർ തയാറാകാത്ത സാഹചര്യത്തിലാണ് പണിമുടക്കുന്നതെന്ന് കേരളപ്രദേശ് ഓട്ടോറിക്ഷാ മസ്ദൂർ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സി. ജ്യോതിഷ്കുമാർ, കേരള ടാക്സി ആന്റ് ലൈറ്റ് മോട്ടോർ മസ്ദൂർ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഗോവിന്ദ് ആർ. തമ്പി, ഓട്ടോറിക്ഷാ മസ്ദൂർ സംഘം ജനറൽ സെക്രട്ടറി വി.രാജേഷ് തുടങ്ങിയവർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.