
കൊവിഡ് കാലത്ത് വരുമാനം കുറയുന്നതുകൊണ്ട് തൊഴിലാളികൾക്ക് ജോലി നഷ്‌ടമാകുന്ന വാർത്തകളും കൂട്ട പിരിച്ചുവിടലും ശമ്പളം വെട്ടിക്കുറയ്‌ക്കുന്നതുമെല്ലാം വാർത്തയാകുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ തങ്ങളുടെ എതിരാളികളുടെ പ്രലോഭനത്തിൽ വീഴാതെ ജീവനക്കാരെ സംരക്ഷിക്കാൻ ഒരു ടെക് കമ്പനി പ്രധാനപ്പെട്ട ചില ജീവനക്കാർക്ക് ബോണസ് നൽകി എന്ന വാർത്ത ഇപ്പോൾ പുറത്തുവരുന്നുണ്ട്. 50,000 മുതൽ 1,80,000 ഡോളർ വരെ വിലവരുന്ന സ്‌റ്റോക് ബോണസുകളാണ് (ഏകദേശം 1.35 കോടി രൂപ) ആപ്പിൾ കമ്പനി അവരുടെ ചില എഞ്ചിനീയർമാർക്ക് നൽകിയത്.
ഫേസ്‌ബുക്ക് ഉടമകളായ എതിർ കമ്പനി മെറ്റയിലേക്ക് ഉൾപ്പടെ തങ്ങളുടെ പ്രതിഭാധനരായ എഞ്ചിനീയർമാർ പോകാതിരിക്കാനാണ് ആപ്പിൾ ഇത്തരത്തിൽ തങ്ങളുടെ പ്രധാനപ്പെട്ട സ്‌റ്റോക് ബോണസുകൾ വിതരണം ചെയ്യാൻ അസാധാരണ തീരുമാനമെടുത്തത്.
സിലിക്കൺ ഡിസൈൻ, ഹാർഡ്‌വെയർ, തിരഞ്ഞെടുത്ത സോഫ്‌റ്റ്‌വെയർ, ഓപ്പറേഷൻ ഗ്രൂപ്പുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന എഞ്ചിനീയർമാർക്കാണ് കമ്പനി നിയന്ത്രിത സ്‌റ്റോക്ക് യൂണിറ്റായി സ്റ്റോക്ക് ബോണസ് നൽകുന്നത്. മികച്ച പെർഫോമൻസ് കാഴ്‌ചവച്ചവർക്കാണ് ഇത് നൽകിയത്.
കഴിഞ്ഞ കുറച്ച്നാളായി സിലിക്കൺ വാലിയിലെയും അതിനപ്പുറമുളള വമ്പൻ കമ്പനികളുമായി ആപ്പിൾ ഇത്തരത്തിൽ നിപുണത യുദ്ധം തന്നെ നയിക്കുകയാണ്. ആപ്പിളിൽ നിന്നും കഴിവുളള 100 എഞ്ചിനീയർമാരെ മെറ്റയിൽ നിയമിച്ചു. എന്നാൽ മെറ്റയിലെ പ്രധാന ജീവനക്കാരെ ആപ്പിൾ തങ്ങളിലേക്കും കൊണ്ടുവന്നിട്ടുമുണ്ട്.
വെർച്വൽ റിയാലിറ്റി ഹെഡ്‌സെറ്റുകൾ, സ്‌മാർട്‌വാച്ചുകൾ എന്നിവയുൾപ്പടെ പല പ്രധാന വസ്‌തുക്കളും വരുന്ന രണ്ട് വർഷത്തിനുളളിൽ ഇരുകമ്പനികളും പുറത്തിറക്കുമെന്നാണ് വിവരം. ആപ്പിൾ സാധാരണഗതിയിൽ ചില ജീവനക്കാർക്ക് അധിക ബോണസ് ക്യാഷ് നൽകാറുണ്ട്. എന്നാൽ സാധാരണ നൽകുന്നതിലും വലുതും വിഭിന്നവുമാണ് ഇപ്പോൾ നൽകിയ ബോണസ്. ഇത് ലഭിക്കാത്ത ചില എഞ്ചിനീയർമാർക്ക് കടുത്ത അമർഷമുണ്ടെന്നും വിവരമുണ്ട്.
നിലവിൽ ജീവനക്കാർ ആഴ്‌ചയിൽ മൂന്ന് ദിവസമെങ്കിലും ഓഫീസിലെത്തി ജോലി ചെയ്യണമെന്ന് ആപ്പിൾ നിഷ്‌കർഷിക്കുന്നുണ്ട്. എന്നാൽ മെറ്റ ഉൾപ്പടെ ഇവരുടെ എതിർകമ്പനികൾ ഇക്കാര്യത്തിൽ കൂടുതൽ ഇളവുകൾ തൊഴിലാളികൾക്ക് നൽകിയിട്ടുണ്ട്. വീട്ടിലിരുന്ന് ജോലി ചെയ്യാൻ ജീവനക്കാർക്ക് ആയിരം ഡോളർ ബോണസ് നൽകാൻ തയ്യാറായിട്ടുണ്ട് ആപ്പിൾ. ജോലിക്കാവശ്യമായ വസ്‌തുക്കൾ വാങ്ങുന്നതിനായാണിത്.