
കൽപറ്റ: അമ്പലവയൽ മുഹമ്മദ്(68) വധക്കേസിൽ നിർണായക തെളിവുകൾ കണ്ടെത്തി. വൃദ്ധനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കോടാലി, മുറിച്ച് മാറ്റിയ കാൽ ഉപേക്ഷിക്കാൻ ഉപയോഗിച്ച ബാഗ് എന്നിവയാണ് കണ്ടെത്തിയത്. മുഹമ്മദിന്റെ വീട്ടിൽ നിന്നും പരിസരത്ത് നിന്നുമായിട്ടാണ് ഇവ കിട്ടിയത്.
കേസിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളും അവരുടെ മാതാവും പിടിയിലായിരുന്നു. മുഹമ്മദിന്റെ രണ്ടാം ഭാര്യയുടെ ബന്ധുക്കളാണ് ഇവർ. കൃത്യം നടത്തിയ ശേഷം പെൺകുട്ടികൾ ഉപേക്ഷിച്ച മുഹമ്മദിന്റെ മൊബൈൽ ഫോണും കണ്ടെത്തിയിട്ടുണ്ട്. കനത്ത സുരക്ഷയിലാണ് പെൺകുട്ടികളെയും മാതാവിനെയും തെളിവെടുപ്പിനായി കൊണ്ടുവന്നത്.
അമ്മയെ മുഹമ്മദ് ഉപദ്രവിക്കുന്നത് കണ്ട് കോടാലിയെടുത്ത് തലയ്‌ക്കടിക്കുകയായിരുന്നുവെന്ന് കുട്ടികൾ പൊലീസിന് മൊഴി നൽകിയിരുന്നു. ഈ കോടാലിയും, മുഹമ്മദിന്റെ വലതുകാൽ മുറിച്ച് മാറ്റാൻ ഉപയോഗിച്ച വാക്കത്തിയും വീട്ടിലെ മുറിയിൽ നിന്നാണ് കണ്ടെടുത്തത്.
മുറിച്ചു മാറ്റിയ കാൽ അമ്പലവയൽ ടൗണിനടുത്തുള്ള മാലിന്യ പ്ലാന്റിന് സമീപത്തും, മൊബൈൽ ഫോൺ മ്യൂസിയം പരിസരത്തുമാണ് ഉപേക്ഷിച്ചത്. കേസിൽ പിടിയിലായ പെൺകുട്ടികൾ പത്താം ക്ലാസ്, പ്ലസ് വൺ വിദ്യാർത്ഥിനികളാണ്.