k-b-ganesh-kumar

കൊല്ലം: കേരള കോൺഗ്രസ് (ബി) കുടുംബത്തിന്റെ പാർട്ടിയല്ലെന്നും തന്റെ കുടുംബത്തിലെ ആരും പാർട്ടിയിൽ ഇല്ലെന്നും കെ ബി ഗണേശ് കുമാർ എം എൽ എ. സഹോദരി ഉഷ മോഹൻദാസിന് മറുപടിയെന്നോണമാണ് അദ്ദേഹത്തിന്റെ പ്രതികരണം. കേരള കോൺഗ്രസ് ബി പിളരുകയും പുതിയ വിഭാഗം അദ്ധ്യക്ഷയായി ഉഷ മോഹൻദാസിനെ ചുമതലപ്പെടുത്തുകയും ചെയ്തതിന് പിന്നാലെയാണ് ഗണേശിന്റെ പരാമർശം.

തന്നെ പാർട്ടിയുടെ ചെയർമാനായി തിരഞ്ഞെടുത്തത് എക്സിക്യൂട്ടീവ് കമ്മിറ്റിയാണെന്നും നിയമപരമായി കേരള കോൺഗ്രസ് ബി ഒന്നേയുള്ളുവെന്നും ഗണേശ് കുമാർ പറഞ്ഞു.

കുടുംബത്തിന്റെ പാർട്ടിയല്ല കേരള കോൺഗ്രസ് ബി. അച്ഛൻ രാഷ്ട്രീയത്തിൽ ഉണ്ടായിരുന്നപ്പോൾ തന്നെ താൻ രാഷ്ട്രീയത്തിൽ വന്നതാണ്. കഴിഞ്ഞ 23 വർഷമായി ജനങ്ങൾക്ക് നടുവിലായി അടിത്തട്ടിലിറങ്ങി പ്രവർത്തിക്കുകയാണ്. തന്റെ തീരുമാനമല്ല പാർട്ടിയുടേത്. എല്ലാവരും ചേർന്ന് കൂട്ടായി എടുക്കുന്നതാണ്. തനിക്ക് ശേഷം പ്രളയം എന്ന നിലപാടില്ല. തന്നോടൊപ്പം നിന്ന് പ്രവർത്തിക്കാനുള്ള ആളുകളെ വാർത്തെടുക്കുന്നതിന് വേണ്ടിയാണ് എല്ലാവരെയും വിളിച്ച് ചേർത്തതെന്നും ഗണേശ് കുമാർ പറഞ്ഞു.