
തിരുവനന്തപുരം:എരണംകെട്ടവൻ നാട് ഭരിച്ചാൽ നാട് മുടിയുമെന്നും പൊലീസുകാർക്ക് പോലും രക്ഷയില്ലാത്ത സംസ്ഥാനമായി കേരളം മാറിയെന്നും മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച കെ.മുരളീധരൻ എം.പിയ്‌ക്ക് ശക്തമായ മറുപടിയുമായി മന്ത്രി വി.ശിവൻകുട്ടി. ഫ്യൂഡലിസ്‌റ്റ് മാടമ്പിയെപോലെയാണ് മുരളീധരൻ പെരുമാറുന്നതെന്ന് ആരോപിച്ച മന്ത്രി അന്ധവിശ്വാസങ്ങളുടെ കാര്യത്തിൽ സംഘപരിവാർ കൂടാരത്തിലാണ് മുരളീധരനെന്നും പറഞ്ഞു.
തികച്ചും അബന്ധജടിലവും അശാസ്‌ത്രീയവുമായ നിലപാടുളള ആളാണ് കെ.മുരളീധരൻ. ചൂടുളളപ്പോൾ കൊവിഡ് ഉണ്ടാകില്ലെന്ന് പറഞ്ഞയാളാണ് അദ്ദേഹം. ലോകമാകെ കൊവിഡ് പടരാൻ കാരണം പിണറായി സർക്കാരാണെന്നാണ് മുരളീധരൻ പറഞ്ഞുവയ്‌ക്കുന്നത്. ഫ്യൂഡൽ മാടമ്പിമാരെപ്പോലെയാണ് മുരളീധരൻ പെരുമാറുന്നത്. പ്രസ്‌താവനയിറക്കും മുൻപ് കാവിക്കറയേറ്റോ എന്നറിയാൻ മുരളീധരൻ കണ്ണാടിയിൽ നോക്കണമെന്നും മന്ത്രി പരിഹസിച്ചു.
കാലത്തിന്റെ ചുവരെഴുത്ത് വായിക്കാനാകാതെ കെ.മുരളീധരനടങ്ങുന്ന കോൺഗ്രസ് നേതൃത്വം പകച്ചുനിൽക്കുകയാണെന്നും മന്ത്രി വിമർശിച്ചു. തിരുവനന്തപുരം കോർപറേഷനിൽ കോൺഗ്രസിന് പച്ചതൊടാനാകാത്തതിന്റെ കൊതിക്കെറുവ് മേയറുടെമേൽ തീർക്കാനാണ് മുരളീധരന്റെ ശ്രമം. സ്വന്തം കാൽച്ചുവട്ടിലെ മണ്ണ് ഒഴുകിപ്പോകുന്നതിന് ആക്കം കൂട്ടാനേ ഇത്തരം പ്രസ്‌താവന ഉപകരിക്കൂവെന്നും മന്ത്രി പ്രസ്‌താവനയിൽ പറഞ്ഞു.
മുഖ്യമന്ത്രിയോടുളള വൈരാഗ്യം മുരളീധരൻ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. എന്ത് ശാസ്‌ത്രീയ യുക്തിയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിക്കെതിരെ പരാമർശങ്ങൾ നടത്തിയതെന്ന് കേരളത്തിലെ ചിന്തിക്കുന്ന യുവജനങ്ങളോട് വ്യക്തമാക്കേണ്ട ഉത്തരവാദിത്വം മുൻ കെപിസിസി പ്രസിഡന്റായ കെ.മുരളീധരനുണ്ടെന്ന് മന്ത്രി ഓർമ്മിപ്പിച്ചു.